അപകടം കുറയ്ക്കാന്‍ ശുഭയാത്ര 2015
Saturday, March 7, 2015 11:59 PM IST
തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ശുഭയാത്ര 2015 എന്ന പേരില്‍ സമഗ്രപദ്ധതി തയാറാക്കുമെന്ന് ഗവര്‍ണര്‍ പി.സദാശിവം. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലാണു ഗവര്‍ണര്‍ ഇതുപറഞ്ഞത്. പ്രധാനപ്പെട്ട എല്ലാ റോഡുകളിലും വേഗനിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. എല്ലാ പോലീസ് സ്റേഷനുകള്‍ക്കും സ്പീഡ് റഡാറും ആല്‍ക്കോമീറ്ററും നല്‍കും. ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ബാങ്കുകള്‍ മുഖേനയും ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനയും സ്വീകരിക്കാന്‍ നടപടി സ്വീകരിക്കും. തിരുവനന്തപുരത്തും കൊച്ചിയിലും ട്രാഫിക് ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കും. അപകടം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ സഹകരണത്തോടെ ഹൈവേകളില്‍ ഹൈവേ ആംബുലന്‍സ് സര്‍വീസുകള്‍ ആരംഭിക്കും. ശാസ്ത്രീയമായ രീതിയില്‍ ട്രാഫിക് നിയമങ്ങളുടെ നടപ്പിലാക്കല്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക സ്പെഷല്‍ ട്രാഫിക് ലോ എന്‍ഫോഴ്സ്മെന്റ് വിംഗ് രൂപീകരിക്കും. 2016ഓടുകൂടി എല്ലാ സ്കൂള്‍, കോളജ് കാമ്പസുകളും പരിസരങ്ങളും മയക്കുമരുന്ന്-പുകയില-മദ്യമുക്ത മേഖലകളാക്കും.

നഗരപ്രദേശങ്ങളില്‍ ആധുനിക ബഹുനില പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. ജന്റം പദ്ധതിയുടെ കീഴില്‍ പ്രതിദിനം 1000 ലക്ഷം ലിറ്റര്‍ ശേഷിയുള്ള കൊച്ചിയിലെ ജലവിതരണ പദ്ധതി കമ്മീഷന്‍ ചെയ്യും. കോര്‍പറേഷനനുകള്‍ക്ക് അനുവദിച്ചിട്ടുള്ള 400 ബസുകള്‍ വിവിധ മുനിസിപ്പല്‍ പ്രദേശങ്ങളില്‍ സര്‍വീസ് നടത്തും. എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളുടെയും നിലവിലുള്ള തെരുവുവിളക്കുകള്‍ക്കു പകരം എല്‍ഇഡി ലൈറ്റിംഗ് സമ്പ്രദായം കൊണ്ടുവരും.

ബിപിഎല്‍ കുടുംബങ്ങളില്‍ പെടുന്ന വിധവകള്‍ക്കും അശരണര്‍ക്കും പുതിയ പാര്‍പ്പിട പദ്ധതി നടപ്പിലാക്കും. മിനിമം വേജസിനു പുറത്തുള്ള എല്ലാ തൊഴിലാളികള്‍ക്കും അടിസ്ഥാന കൂലി ഉറപ്പാക്കുന്നതിനായി കേരള മിനിമം ഗാരന്റീഡ് വേജസ് ബില്‍ കൊണ്ടുവരും. സംസ്ഥാന തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ക്ക് അനുരൂപമായി ഭേദഗതി ചെയ്യും.

ഓരോ ഐടിഐയിലും പ്ളേസ്മെന്റ് സെല്‍ കൊണ്ടുവരും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കണ്െടത്തിയിട്ടുള്ള 7693 ഹെക്ടര്‍ ഭൂമി, ഭൂരഹിതരായ ഗോത്രവര്‍ഗക്കാര്‍ക്കു വിതരണം ചെയ്യും. കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ഗോത്രവര്‍ഗ വിദ്യാഭ്യാസം സാധ്യമാക്കു“ ‘ഗുരുകുലം’ പദ്ധതി ആരംഭിക്കും. പത്തു പുതിയ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഈ സാമ്പത്തികവര്‍ഷം ആരംഭിക്കും.


2015-16 വര്‍ഷത്തോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കേരള സ്റേറ്റ് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ തുറക്കും. വീസ തട്ടിപ്പ്, പ്രവാസി കേരളീയരുടെ ജീവനും സ്വത്തിനും എതിരെയുള്ള ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് എന്‍ആര്‍ഐ കമ്മീഷന്‍ സ്ഥാപിക്കും. കൈത്തറി ഉത്പന്നങ്ങള്‍ കേരള ഹാന്‍ഡ്ലൂം എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യും. കെഎസ്ഐഡിസിയും കിന്‍ഫ്രയും കേന്ദ്രസഹായത്തോടെ മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും ഹൈസ്പീഡ് ബ്രോഡ് ബാന്‍ഡ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടി ഈ മാസം പൂര്‍ത്തിയാക്കും.

സ്റാര്‍ട്ട് അപ് കമ്പനികളെ സഹായിക്കുന്നതിനായി ഏഞ്ചല്‍ ആന്‍ഡ് വെഞ്ച്വര്‍ ഫണ്ടുകള്‍ രൂപീകരിക്കും. തിരുവനന്തപുരം നഗര പാതാ മെച്ചപ്പെടുത്തല്‍ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കും. കോഴിക്കോട്ടെ പണികള്‍ ഈ വര്‍ഷം ആരംഭിക്കും. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും.

കേരളത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുന്നതിനായി അക്കാദമിക് സിറ്റി സ്ഥാപിക്കും. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തന വരുമാനം വര്‍ധിപ്പിക്കുന്നതിനായി കൊറിയര്‍ സര്‍വീസുകളും പാഴ്സല്‍ സര്‍വീസുകളും ആരംഭിക്കും. കൊച്ചിയിലെ എല്ലാ നഗരഗതാഗത സംവിധാന ങ്ങളെയും ഒറ്റ ശൃംഖലയ്ക്കും മേല്‍നോട്ടത്തിനും നിയന്ത്രണത്തി നും കീഴില്‍ സംയോജിപ്പിക്കുന്നതിനായി യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിക്കു വേണ്ടി നിയമനിര്‍മാണം നടത്തും.

എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പഞ്ചായത്ത് തല ത്തി ല്‍ ആരംഭിക്കും. മൂന്നാറില്‍ ജൈവവൈവിധ്യ ഉദ്യാനവും പരമ്പരാഗത വിജ്ഞാനകേന്ദ്രവും സ്ഥാപിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.