കര്‍ഷകനെ ഉന്മൂലനം ചെയ്യാന്‍ ആഗോളതലത്തില്‍ അജന്‍ഡ: ദേവീന്ദര്‍ ശര്‍മ
Friday, March 6, 2015 12:23 AM IST
കോഴിക്കോട്: കര്‍ഷകനെ ഉന്മൂലനം ചെയ്യാന്‍ ആഗോളതലത്തില്‍ അജന്‍ഡ നടപ്പാക്കികൊണ്ടിരിക്കുകയാണെന്നു കര്‍ഷക പാര്‍ട്ടി ദേശീയനേതാവ് ദേവീന്ദര്‍ശര്‍മ. കര്‍ഷകനെ നഗരത്തിലേക്കെത്തിച്ചു കര്‍ഷകരുടെ കൈയിലുളള ഭൂമി കോര്‍പറേറ്റുകള്‍ പിടിച്ചെടുക്കുകയാണ്. ഇത്തരത്തിലുളള ആഗോള അജന്‍ഡ ഇന്ത്യയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയാണ്.

കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ഉള്‍പ്പെടുത്തി കര്‍ഷകരുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പീപ്പിള്‍സ് കൌണ്‍സിലിന്റെ പ്രഖ്യാപനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ മിനിമം വരുമാനം സര്‍ക്കാര്‍ ഉറപ്പാക്കണം. ദേശീയ തലത്തില്‍ നാഷണല്‍ ഫാര്‍മേഴ്സ് ഇന്‍കം കമ്മീഷന്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരള സംസ്ഥാനത്തില്‍ കര്‍ഷകരുടെ വരുമാനം ദേശീയ ശരാശരിക്കും താഴെയാണ്. ദേശീയ ശരാശരിയായ 3078 രൂപയ്ക്ക് താഴെയാണു കേരളത്തിലെ കര്‍ഷകരുടെ വരുമാനം. ഇതു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ കൈയിലുളള ഭൂമി പിടിച്ചെടുക്കാനാണു ലാന്‍ഡ് അക്വിസിഷന്‍ ആക്ട് കൊണ്ടുവന്നത്. യുഎന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നതു കര്‍ഷകരെ നഗരത്തിലേക്കു മാറ്റിപാര്‍പ്പിക്കണമെന്നാണ്. യുവാക്കളെ കൃഷിയില്‍നിന്നു മാറ്റാനുളള നീക്കമാണു നടക്കുന്നത്. കര്‍ഷകര്‍ക്കുളള സബ്സിഡി ഒഴിവാക്കി കോര്‍പറേറ്റുകള്‍ക്ക് ഇതനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


കര്‍ഷകര്‍ക്കു നല്‍കുന്ന 1.25 ലക്ഷം കോടി സബ്സിഡി അനാവശ്യമാണെന്നാണു സര്‍ക്കാര്‍ പറയുന്നത്. നാനോ കാറിന് വേണ്ടി സര്‍ക്കാര്‍ 9,000 കോടിയാണു സബ്സിഡി അനുവദിച്ചത്.

പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ പീപ്പിള്‍സ് കൌണ്‍സിലിന്റെ ഔദ്യോഗികപ്രഖ്യാപനവും പ്രകടന പത്രിക പ്രകാശനവും നടന്നു. സംസ്ഥാന തലത്തില്‍ നിലവിലുളള ഹരിതസേനയടക്കം രാജ്യത്തെ 158 കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണു രാഷ്ട്രീയപാര്‍ട്ടി രൂപവത്ക്കരിച്ചത്. പി.വി.രാജഗോപാല്‍ മാനിഫെസ്റോ പ്രകാശനംചെയ്തു. സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അഡ്വ.വി.ടി.പ്രദീപ്കുമാറിനു ശ്രീധര്‍ രാധാകൃഷ്ണന്‍ പതാക കൈമാറി. ഡോ.ജോസ് സെബാസ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.