പാകം ചെയ്ത ഭക്ഷണം അധ്യാപകന്‍ അരമണിക്കൂര്‍ മുമ്പ് കഴിക്കണം
Friday, March 6, 2015 12:20 AM IST
പത്തനംതിട്ട: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണ പാനീയങ്ങള്‍ ഉത്തരവാദപ്പെട്ട അധ്യാപകര്‍ ആരെങ്കിലും അരമണിക്കൂര്‍ മുമ്പ് ഭക്ഷിച്ചിരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.

കുട്ടികളുടെ ഭക്ഷണാവശ്യങ്ങള്‍ക്കായി വാങ്ങുന്ന ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും ഭക്ഷ്യ വസ്തുക്കളും കഴിവതും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നു വാങ്ങണമെന്നും ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയില്‍ എന്തെങ്കിലും ന്യൂനതകളോ ഗുണനിലവാര തകര്‍ച്ചയോ ശ്രദ്ധയില്‍പെട്ടാല്‍ അവയുടെ ഉപയോഗം മൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് സാധനം വിതരണം ചെയ്യുന്ന സ്ഥാപനത്തിന് ഉത്തരവാദിത്വവും ബാധ്യതയും വരത്തക്കരീതിയില്‍ വ്യക്തമായതും നിയമാനുസൃതവുമായ കരാര്‍ ഉണ്ടാക്കുകയും ബില്ല് ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കണമെന്നും സംസ്ഥാന എല്ലാ വിദ്യാഭ്യാസസ്ഥാപന അധികൃതരോടു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു.


കുട്ടികള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്യുന്നതു ശുചിത്വമുള്ള മുറിയിലാണെന്നും പാചകക്കാര്‍ വൃത്തിയോടെ ജോലി ചെയ്യണമെന്നും നിര്‍ദേശമുണ്ട്. തയാറാക്കിയ ഭക്ഷണ പാനീയങ്ങള്‍ വിളമ്പുന്നതിനു നേതൃത്വം നല്‍കുന്ന അധ്യാപകരോ ഇതര ഉത്തരവാദപ്പെട്ടവരോ കുട്ടികള്‍ക്ക് ഇവ വിതരണം ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷിച്ച് ഗുണമേന്‍മ ഉറപ്പാക്കിയിരിക്കണം. ഇതിനുശേഷമാണ് കുട്ടികള്‍ക്കു നല്‍കുന്നതെന്ന് അതാത് സ്ഥാപന മേധാവികള്‍ ഉറപ്പാക്കണമെന്ന നിര്‍ദേശവും സര്‍ക്കുലറിലുണ്ട്.

2014 ജൂണ്‍ 20ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷ്യവിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശകമ്മീഷന്‍ സ്വമേധയാ കേസെടുത്തു നടത്തിയ അന്വേഷണത്തേ തുടര്‍ന്നു നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂളുകള്‍ക്ക് മാര്‍ഗരേഖകള്‍ നല്‍കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.