പെന്‍ഷന്‍ പ്രായം കൂട്ടില്ല: മുഖ്യമന്ത്രി
പെന്‍ഷന്‍ പ്രായം കൂട്ടില്ല: മുഖ്യമന്ത്രി
Thursday, March 5, 2015 12:04 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: യുവജന സംഘടനകളെ വിശ്വാസത്തിലെടുക്കാതെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനാലാണു ജോലി ലഭിക്കാത്തതെന്ന നിരാശയോടെയും അമര്‍ഷത്തോടെയും യുവജനത നിലകൊള്ളുന്ന സാഹചര്യം സര്‍ക്കാരിനു താങ്ങാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള കേരളത്തില്‍ പെന്‍ഷന്‍ പ്രായം 56 ആണെന്നതു വൈരുധ്യം തന്നെയാണ്. സംസ്ഥാനത്തു പ്രതിവര്‍ഷം ശരാശരി 25,000 പേര്‍ക്കാണു സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നത്. ഇപ്പോഴത് 30,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഓരോ വര്‍ഷവും 25 ലക്ഷം പേരാണു വിവിധ സര്‍ക്കാര്‍ ജോലികള്‍ക്കായി അപേക്ഷിക്കുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ തങ്ങള്‍ക്കു ജോലി കിട്ടാത്തതു പെന്‍ഷന്‍പ്രായം ഉയര്‍ത്തിയതു കൊണ്ടാണെന്നു യുവജനം തെറ്റിദ്ധരിക്കും.

എന്‍ജിനിയറിംഗ് കോളജ് അ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല. ഈ തസ്തികയില്‍ പിഎസ്സി റാങ്ക് ലിസ്റ് നിലവിലുണ്ട്. പിഎസ്സി ലിസ്റ് നിലവില്‍ ഇല്ലാത്ത ചില തസ്തികകളില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്താറുണ്ട്. മെഡിക്കല്‍ വിഭാഗത്തിലെ ചില തസ്തികകളില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയിട്ടുണ്ട്. പ്രായോഗിക പരിശീലനമുള്ളവരുടെ അഭാവമാണു മെഡിക്കല്‍ വിഭാഗ ത്തിലെ ചില തസ്തികകളില്‍ പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ കാരണം.


പിഎസ്സി സെക്രട്ടറിയെ നിയമിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തില്ല. ബന്ധപ്പെട്ട ഫയലുകള്‍ നോക്കി ഉത്തരവാദപ്പെട്ടവരുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. തീരുമാനം മാറ്റേണ്ട സാഹചര്യമില്ല. ഇനി ഗവര്‍ണര്‍ പരിശോധിച്ച് അന്തിമതീരുമാനം കൈക്കൊള്ളട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടിക ജാതി- വര്‍ഗ സംവരണ ആനുകൂല്യവുമായി ബന്ധപ്പെട്ടു 1979 ലെ സര്‍ക്കാര്‍ ഉത്തരവു തടഞ്ഞുവച്ചു പിഎസ്സി സര്‍ക്കുലര്‍ ഇറക്കിയ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് 1979ലെ ഉത്തരവിലെ തത്സ്ഥിതി തുടരും.

ധനകാര്യ കമ്മീഷന്റെ അവാര്‍ഡ് അനുസരിച്ചു സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സാമ്പത്തിക സഹായം ലഭിക്കേണ്ടതാണെങ്കിലും അത് അതേപടി കിട്ടുമെന്നു തോന്നുന്നില്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പലതും നിര്‍ത്തലാക്കുകയും പലതിന്റെയും കേന്ദ്രവിഹിതം കുറയ്ക്കുകയുമാണ്. അതിനാല്‍ സംസ്ഥാനങ്ങള്‍ അതനുസരിച്ചു പണം ക്രമീകരിക്കണം. സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ വിഹിതം അനുവദിക്കുകയും പ്രവര്‍ത്തന സ്വാതന്ത്യ്രം അനുവദിക്കുകയും ചെയ്തെങ്കിലും നിലവിലുള്ള പദ്ധതികള്‍ക്കു പ്രത്യേകമായ സ ഹായം ഇല്ലാത്തതിനാല്‍ കണക്കില്‍ കാണുന്ന വര്‍ധന അതേപടി ലഭിക്കില്ല. ആസൂത്രണ കമ്മീഷന്‍ വിഹിതം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.