ഡിസിഎല്‍
ഡിസിഎല്‍
Thursday, March 5, 2015 12:27 AM IST
കൊച്ചേട്ടന്റെ കത്ത് / പരീക്ഷ... എന്നും എപ്പോഴും എല്ലാവര്‍ക്കും...

സ്നേഹമുള്ള ഡിസിഎല്‍ കൂട്ടുകാരേ,

പരീക്ഷാക്കാലം പറന്നെത്തി. കെ.ജി. മുതല്‍ പി.ജി. വരെ പരീക്ഷയാണ്. വിദ്യാര്‍ഥികളുടെ ഘടികാരങ്ങളില്‍ സമയസൂചികള്‍ കുതിച്ചുപായുന്നകാലം. ഈ പരീക്ഷ ഒന്നു കഴിഞ്ഞിരുന്നെങ്കില്‍ എന്നാണു ഭൂരിപക്ഷം വിദ്യാര്‍ഥികളുടെയും പ്രാര്‍ത്ഥന. എന്നാല്‍, ഈ പരീക്ഷകള്‍ അങ്ങനെ കഴിഞ്ഞുകിട്ടില്ല. കാരണം, ജീവിതംതന്നെ ഒരു വലിയ പരീക്ഷയാണ്. തോറ്റുകഴിഞ്ഞാല്‍, രണ്ടാമതൊരവസരംപോലും കിട്ടാത്ത പരീക്ഷ.

ഒന്നു ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ജീവിതത്തില്‍ എന്നും എപ്പോഴും എല്ലാവര്‍ക്കും പരീക്ഷയാണ്. കൂട്ടുകാര്‍ എഴുതുന്ന പരീക്ഷ മാത്രമല്ല, അധ്യാപകരെ സംബന്ധിച്ച് പരീക്ഷാനടത്തിപ്പുതന്നെ ഒരു വലിയ പരീക്ഷയാണ്. തോല്വി സംഭവിക്കാന്‍ പാടില്ലാത്ത പരീക്ഷ. മൂല്യനിര്‍ണയംതന്നെ മറ്റൊരു പരീക്ഷയല്ലേ? ഫലപ്രഖ്യാപനമോ, അത് വിദ്യാഭ്യാസവകുപ്പിനുള്ള പരീക്ഷതന്നെ. ഒന്‍പതുമാസമായ പിഞ്ചുകുഞ്ഞിന് ഇരുകാലില്‍ നിവര്‍ന്നുനില്‍ക്കുന്നതു പരീക്ഷയാണ്. 90 വയസായ വൃദ്ധന് ഊന്നുവടിയില്ലാതെ ഒരു ചുവടു മുന്നോട്ടു നടക്കുന്നതു പരീക്ഷയാണ്. മാരക രോഗത്തെ അതിജീവിക്കുക എന്നത് ഓരോ രോഗിയുടെയും പരീക്ഷയാണ്. ഓരോ ഓപ്പറേഷനും വിജയിപ്പിക്കുക എന്നത് ഓരോ ഡോക്ടറുടെയും പരീക്ഷയാണ്.

തെറ്റിദ്ധാരണയും ചതിയും വഞ്ചനയുംമൂലം കുടുംബബന്ധങ്ങള്‍ തകരുന്നവര്‍ക്ക്, ജീവിതംതന്നെ പരീക്ഷയാണ്. കുതികാല്‍വെട്ടുന്നവര്‍ക്കു മുന്നിലും പുഞ്ചിരി കാത്തുസൂക്ഷിക്കുക എന്നത് കുലീനതയുള്ളവരുടെ പരീക്ഷയാണ്. പോക്കറ്റില്‍ പണമില്ലാത്ത പാവപ്പെട്ടവന് അടുപ്പില്‍ തീപുകയ്ക്കുക എന്നത് വലിയ പരീക്ഷയാണ്. ഇന്ത്യ മുഴുവന്‍ വിലയ്ക്കുവാങ്ങാന്‍ പണമുള്ള അംബാനിമാര്‍ക്ക് സമ്പത്തു നഷ്ടപ്പെടാതെ നോക്കുന്നതും പരീക്ഷയാണ്.

സൈക്കിള്‍ മുതല്‍ വിമാനംവരെയുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ഡ്രൈവിംഗിന്റെ ഓരോ നിമിഷവും പരീക്ഷയാണ്. ഒരു നിമിഷംപോലും പരാജയപ്പെടാന്‍ പാടില്ലാത്ത, ഓരോ നിമിഷവും വിജയിക്കേണ്ട പരീക്ഷയല്ലേ, ഡ്രൈവിംഗ്? ഉത്പന്നങ്ങളുടെ വിപണിമൂല്യംതകരാതെ, വ്യവസായ വളര്‍ച്ച നിലനിര്‍ത്തുക എന്നത്, വന്‍കിട വ്യവസായികളുടെ പരീക്ഷയാണെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമൂലം കപ്പയും കാച്ചിലും കാട്ടുപന്നി കുത്തിത്തിന്നുന്നതു തടയുക എന്നത്, ഹൈറേഞ്ചിലെ പാവപ്പെട്ട കര്‍ഷകരുടെ പരീക്ഷയാണ്.

അന്നന്നുള്ള വാര്‍ത്തകള്‍ ശേഖരിച്ച് എഡിറ്റുചെയ്ത്, അക്ഷരത്തെറ്റില്ലാതെ, അച്ചടിച്ച്, കൃത്യസമയത്ത് വിതരണക്കാരെ ഏല്പിച്ച് ഓരോ പ്രഭാതത്തിലും വായനക്കാരുടെ മുമ്പിലെത്തിക്കുക എന്നത് ഓരോ പത്രസ്ഥാപനത്തിന്റെയും പരീക്ഷയാണ്. തെരഞ്ഞെടുപ്പിനെ നേരിട്ടു ജയിക്കുക എന്നത് രാഷ്ട്രീയക്കാരുടെ പരീക്ഷയാണ്. രാജ്യത്ത് അഖണ്ഡതയും സമാധാനവും നീതിയും സ്വാതന്ത്യ്രവും സമത്വവും പുലര്‍ത്തി രാജ്യാഭിവൃദ്ധി നേടുന്ന ഭരണം കാഴ്ചവയ്ക്കുക എന്നത് ഭരണാധികാരികളുടെ പരീക്ഷയാണ്. ചുടുവേനലില്‍ തളരാതിരിക്കുക എന്നത് തളിരിലകളുടെ പരീക്ഷയാണ്. പേമാരിയില്‍ തകരാതിരിക്കുക എന്നത് തരുനിരകളുടെ പരീക്ഷയാണ്.


കൂട്ടുകാരേ, ഇങ്ങനെ നോക്കുമ്പോള്‍ ജീവിതംമുഴുവന്‍ പരീക്ഷയാണ്. പ്രപഞ്ചം മുഴുവന്‍ പരീക്ഷയെഴുതുകയാണ്. ഓരോ ചെറിയ പരീക്ഷയും വലിയ പരീക്ഷയാണ്. കാരണം, ചെറിയ പരീക്ഷകളില്‍ ജയിച്ചാല്‍ മാത്രമേ, ജീവിതത്തിലെ വലിയ പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയൂ. അതിനാല്‍, ഓരോ പരീക്ഷയെയും കൂട്ടുകാര്‍ ആവേശത്തോടെ എതിരേല്‍ക്കുക. ഓര്‍ക്കാം, ഓരോ വിജയവും എപ്പോഴും ഓരോ പരീക്ഷകളുടെ അപ്പുറത്താണ്.

ഏവര്‍ക്കും വിജയാശംസകള്‍
സ്വന്തം കൊച്ചേട്ടന്‍

കോട്ടയം പ്രവിശ്യാ കിഡ്സ് ഫെസ്റ്: തൊടുപുഴ മേഖലയ്ക്ക് ഓവറോള്‍

പാലാ: ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യാ കിഡ്സ്ഫെസ്റില്‍ തൊടുപുഴ മേഖല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. പാലാ സെന്റ് വിന്‍സെന്റ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നടന്ന ഫെസ്റില്‍ മൂലമറ്റം മേഖലയ്ക്കാണു രണ്ടാംസ്ഥാനം. രാമപുരം മേഖല മൂന്നാംസ്ഥാനത്തെത്തി.

പ്രവിശ്യാ സെക്രട്ടി ഡിന്റോ ഡെവീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഫിലിപ്പ് നെച്ചികസ്കാട്ടില്‍ സിഎംഐ ഫെസ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവിശ്യാ കോ- ഓര്‍ഡിനേറ്റര്‍ പി.ടി. തോമസ്, റിസോഴ്സ് ടീം കോ-ഓര്‍ഡിനേറ്റര്‍ തോമസ് കുണിഞ്ഞി, പാലാ മേഖലാ ഓര്‍ഗനൈസര്‍ പി.ജെ. ലില്ലിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

സമാപനസമ്മേളനത്തില്‍ പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ പി.ടി. തോമസ് ഓവറോള്‍ ട്രോഫികളും തോമസ് കുണിഞ്ഞി മത്സര വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണംചെയ്തു.

കൊല്ലം പ്രവിശ്യാ ജീവിത ദര്‍ശനക്യാമ്പ് ഏപ്രില്‍ 9 മുതല്‍

കൊല്ലം: ദീപിക ബാലസഖ്യം കൊല്ലം പ്രവിശ്യാ ജീവിത ദര്‍ശന ക്യാമ്പ് ഏപ്രില്‍ 9, 10, 11 തീയതികളില്‍ പുനലൂര്‍ സെന്റ് ഗൊരേത്തി ഹൈസ്കൂളില്‍ നടക്കും. ആറുമുതല്‍ പത്തുവരെ ക്ളാസുകളിലെ കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.

വിവിധ വിഷയങ്ങളില്‍ പ്രഗത്ഭരായ വ്യക്തികള്‍ ക്യാമ്പില്‍ ക്ളാസുകള്‍ നയിക്കും. രജിസ്ട്രേഷന്‍ ഫീസ് 500 രൂപ. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 20നു മുമ്പായി പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ സിജു ജോര്‍ജുമായി (ഫോണ്‍ - 9447590221, 8592025165)ബന്ധപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.