ഇടതുപക്ഷ നയങ്ങളില്‍ അതിര്‍ത്തി വേണം: കാനം
ഇടതുപക്ഷ നയങ്ങളില്‍ അതിര്‍ത്തി വേണം: കാനം
Thursday, March 5, 2015 12:23 AM IST
തൃശൂര്‍: ഇടതുമുന്നണിയില്‍ നയങ്ങളുടെ അതിര്‍ത്തി രൂപീകരിക്കേണ്ടതുണ്െടന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതു-വലതു മുന്നണി ഭരണം വ്യത്യസ്തമാണെന്നു ജനങ്ങള്‍ക്കു തോന്നുംവിധം നയങ്ങളില്‍ വ്യക്തത ആവശ്യമാണ്. നയങ്ങളില്‍ മുറുകേപിടിച്ചാണ് ഇടതുമുന്നണി മുന്നോട്ടുപോകുന്നത്. യുഡിഎഫില്‍നിന്ന് എന്തുകൊണ്ടും വ്യത്യസ്തമാണു എല്‍ഡിഎഫ് ഭരണമെന്നു നയങ്ങളില്‍നിന്നു ജനങ്ങള്‍ തിരിച്ചറിയണം. അത്തരമൊരു നയരൂപീകരണമാണു സിപിഐ മുന്നോട്ടുവയ്ക്കുന്നതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. തൃശൂര്‍ പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ 70 ശതമാനം വരുന്ന ഇടത്തരക്കാരെ ആകര്‍ഷിക്കാന്‍ ഇടതുപക്ഷത്തിനു കഴിയണമെങ്കില്‍ പല സങ്കല്പങ്ങളിലും മാറ്റംവരുത്തണം. അവരുടെ പിന്തുണയില്ലാതെ സമരങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. ഒരാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തുന്ന പതിവ് ഇടതുമുന്നണിയില്‍ ഇല്ല. ഘടകകക്ഷികളുമായി കൂടിയാലോചിച്ചും തെരഞ്ഞെടുപ്പിനു ശേഷവുമാണ് ഇത്തരം കാര്യങ്ങളില്‍ മുന്നണി തീരുമാനമെടുക്കാറുള്ളത്- കാനം രാജേന്ദ്രന്‍ പറഞ്ഞു. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനെതിരേയുള്ള സമരത്തിന്റെ രൂപം സംബന്ധിച്ച് നാളെ ചേരുന്ന ഇടതുമുന്നണി യോഗം ചര്‍ച്ചചെയ്യും. സിഎംപി, ജെഎസ്എസ് പോലുള്ള കക്ഷികളെ കൂടെചേര്‍ക്കുന്നതു സംബന്ധിച്ചും എല്‍ഡിഎഫ് യോഗം ചര്‍ച്ചചെയ്യും.


ഇടതുപാര്‍ട്ടികള്‍ പ്രതിസന്ധി നേരിടുന്നുണ്െടന്നതു യാഥാര്‍ഥ്യമാണ്. ദേശീയതലത്തില്‍ ചെറുതും വലുതുമായ എല്ലാ കക്ഷികളെയും യോജിപ്പിക്കണമെന്നാണു സിപിഐയുടെ അഭിപ്രായം. വെട്ടേറ്റു മരിച്ച സിപിഎം പ്രവര്‍ത്തകന്‍ ഷിഹാബിന്റെയും കൊലചെയ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെയും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണു കാനം രാജേന്ദ്രന്‍ മുഖാമുഖത്തിനെത്തിയത്. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.