സര്‍ക്കുലര്‍ ഹാജരാക്കിയതു ഹൈക്കോടതി നിര്‍ദേശപ്രകാരം: ടി.കെ. ദേവരാജന്‍
Wednesday, March 4, 2015 11:57 PM IST
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലിനു ബാര്‍ അനുവദിക്കുന്നതിനുള്ള എന്‍ഒസിയുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശപ്രകാരമാണു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ സര്‍ക്കുലര്‍ ഹാജരാക്കിയതെന്നു മരട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി.കെ. ദേവരാജന്‍. കേസില്‍ മുനിസിപ്പാലിറ്റിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ടി.ആര്‍. രാജന്റെ നിയമോപദേശം തേടിയശേഷമാണു സര്‍ക്കുലര്‍ ഹാജരാക്കിയത്.

ഇക്കാര്യത്തില്‍ മറ്റാരുടെയും അഭിപ്രായമോ ഉപദേശമോ തേടിയിരുന്നില്ല. പാര്‍ട്ടിയുമായി ആലോചന നടത്തിയിരുന്നില്ല. മരട് മുനിസിപ്പല്‍ അതിര്‍ത്തിയിലുള്ള ക്രൌണ്‍ പ്ളാസ ഹോട്ടലിനു ബാര്‍ അനുവദിക്കുന്ന കാര്യത്തില്‍ മരട് നഗരസഭ അനുകൂലമായ തീരുമാനം കൈക്കൊണ്ടിരുന്നില്ല. ഇക്കാര്യത്തില്‍ നഗരസഭയുടെ അഭിപ്രായം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.


യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ബാറുകള്‍ക്ക് എന്‍ഒസി നല്‍കരുതെന്നു നിര്‍ദേശിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് 2014 ഫെബ്രുവരിയില്‍ ഇറക്കിയ സര്‍ക്കുലര്‍ ഭരണത്തില്‍ ഭരണഘടനാ ബാഹ്യമായ ഇടപെടലാണെന്ന് ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.