ഫയര്‍ഫോഴ്സ് കമന്‍ഡാന്റ് ചന്ദ്രശേഖരന്‍ വിആര്‍എസ് എടുത്തു; പോലീസ് തലപ്പത്തു മാറ്റം
Wednesday, March 4, 2015 11:56 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഡിജിപി പദവിയിലുള്ള ഫയര്‍ഫോഴ്സ് കമന്‍ഡാന്റ് ജനറല്‍ പി. ചന്ദ്രശേഖരന്‍ അഖിലേന്ത്യാ സര്‍വീസില്‍നിന്ന് സ്വയംവിരമിച്ചു. പുതുതായി രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനാകാനാണു ചന്ദ്രശേഖരന്‍ പോലീസ് സര്‍വീസ് വിട്ടത്. പുതിയ ഫയര്‍ഫോഴ്സ് ഡിജിപിയുടെ നിയമനവുമായി ബന്ധപ്പെട്ടു പോലീസ് ഉന്നത തലത്തില്‍ മാറ്റം വരുമെന്നാണു സൂചന.

അഖിലേന്ത്യാ സര്‍വീസില്‍ നിന്നു സ്വയം വിരമിക്കാനുള്ള അപേക്ഷ ഇന്നലെ ചീഫ് സെക്രട്ടറി ജിജി തോംസണു കൈമാറിയതായി പി. ചന്ദ്രശേഖരന്‍ പറഞ്ഞു. ചന്ദ്രശേഖരനു നവംബര്‍ വരെ കാലാവധിയുണ്ടായിരുന്നു. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ചന്ദ്രശേഖരനെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അധ്യക്ഷനാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ചീഫ്സെക്രട്ടറി തടഞ്ഞതോടെയാണു മാറ്റം. അഖിലേന്ത്യാ സര്‍വീസില്‍ നിന്നു രാജിവച്ച ശേഷമേ ഇത്തരമൊരു പദവിയിലേക്കു പരിഗണിക്കാനാവൂ എന്ന നിലപാടെടുത്ത് ചീഫ് സെക്രട്ടറി ഫയല്‍ മടക്കുകയായിരുന്നു. തുടര്‍ന്നാണു വിആര്‍എസ് എടുക്കാന്‍ തയാറായത്.


പുതിയ ഫയര്‍ഫോഴ്സ് മേധാവിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടു പോലീസ് ഉന്നത തലത്തില്‍ മാറ്റം വരുമെന്നാണു സൂചന. ഇതിന്റെ ഭാഗമായി വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്കു മാറ്റം വരുമെന്നാണു സൂചന. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തിയ ശേഷം മാത്രമാണു ലിസ്റ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുകയുള്ളുവെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.