ഓപ്പറേഷന്‍ സുരക്ഷ: ഒരാഴ്ചയ്ക്കിടെ അറസ്റിലായത് 8,667 പേര്‍
Wednesday, March 4, 2015 12:22 AM IST
തിരുവനന്തപുരം: അക്രമികളെയും സാമൂഹിക വിരുദ്ധരെയും ഗുണ്ടകളെയും അമര്‍ച്ച ചെയ്യാന്‍ ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച ഓപ്പറേഷന്‍ സുരക്ഷ പദ്ധതിയില്‍ ഒരാഴ്ചക്കിടെ അറസ്റിലായത് 8,667 പേര്‍. ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി പ്രധാന കേസുകള്‍ കണ്െടത്തി അവയുടെ കുറ്റപത്രം വൈകാതെ സമര്‍പ്പിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം മുങ്ങി നടന്നവരും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പ് പ്രകാരം കേസെടുത്ത 158 പേരും അബ്കാരി ആക്ട്, ലഹരി വസ്തു വിപണനവിരുദ്ധ നിയമം, കള്ളനോട്ട്, അനധികൃത മണല്‍ ഖനനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 235 പേരും അറസ്റിലായി. ട്രാഫിക് കേസുകളിലൊഴികെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള 6,081 പ്രതികളെ ഇക്കാലയളവില്‍ അറസ്റ് ചെയ്തു. കവര്‍ച്ച, മോഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 213 പേര്‍ പിടിയിലായി.

കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നല്ല നടപ്പിനുമായി 37 പേര്‍ക്കെതിരേ നടപടി ആരംഭിച്ചു. കാപ്പ പ്രകാരം റേഞ്ച് ഐജിമാര്‍ നാലുപേര്‍ക്കെതിരേ നടപടി ആരംഭിച്ചു. കാപ്പ ആക്ട് സെക്ഷന്‍ മൂന്നു പ്രകാരം 34 പേര്‍ക്കെതിരെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരുടെ തീരുമാനത്തിനായി സമര്‍പ്പിച്ചിട്ടുണ്െടന്നും ചെന്നിത്തല പറഞ്ഞു.


സംഘടിത കുറ്റകൃത്യങ്ങള്‍ക്കും മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായ പോലീസ് നടപടി കൂടുതല്‍ കാര്യക്ഷമമായിട്ടുണ്ട്. സമൂഹത്തിനു ഭീഷണിയായി മാറുന്ന മണല്‍ മാഫിയ, മദ്യ-മയക്കുമരുന്നു മാഫിയ, ക്വട്ടേഷന്‍ സംഘങ്ങള്‍, അസൂത്രിതമായി സ്ത്രീകളെ ചൂഷണം ചെയ്യുന്ന പെണ്‍വാണിഭ സംഘങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മാഫിയകള്‍ തുടങ്ങിയവ ഇല്ലാതാക്കുകയാണു ലക്ഷ്യം. തൃശൂരില്‍ ചന്ദ്രബോസ് വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തെ ഒരു കാരണവശാലും മാറ്റില്ല. ആ കേസില്‍ നടപടി ശക്തമാക്കുന്നതിന് സര്‍ക്കാരിന് ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. പേരാമംഗലം സിഐക്കെതിരേ ലോകയുക്ത അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം പരിശോധിക്കാം.

ബാര്‍ കോഴ കേസില്‍ ബജറ്റിനു മുമ്പു മന്ത്രി കെ.എം. മാണിക്കു ക്ളീന്‍ ചിറ്റ് ലഭിക്കണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തോട് ഉന്നയിച്ചിട്ടില്ല. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം ശരിയായ വിധം നടക്കുന്നുണ്ട്. നിയമസഭാ സമ്മേളനകാലത്ത് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിയമാനുസൃതമായ എല്ലാ സുരക്ഷയുമൊരുക്കും. അതേസമയം, സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്െടന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.