ജ്വല്ലറി ഉടമയുടെ കാര്‍ ആക്രമിച്ച് 50 ലക്ഷം കവരാന്‍ ശ്രമിച്ച മൂന്നു പേര്‍ അറസ്റില്‍
Wednesday, March 4, 2015 12:21 AM IST
തൃശൂര്‍: സ്വര്‍ണാഭരണ ജ്വല്ലറി ഉടമയുടെ ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആക്രമിച്ചു 50 ലക്ഷം രൂപ കവരാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേരെ തൃശൂര്‍ ക്രൈെംബ്രാഞ്ച് അറസ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ട കോടാലി ശ്രീധരന്റെ സംഘാംഗങ്ങളായ വരന്തരപ്പിള്ളി തിരുവഞ്ചിക്കുളം വീട്ടില്‍ യോഗേഷ് (35), നന്തിപുലം മാപ്രാണത്തുകാരന്‍ വീട്ടില്‍ ടിന്‍സണ്‍ (27), ചെമ്പൂച്ചിറ പൊന്നത്തില്‍ വീട്ടില്‍ പ്രവീണ്‍ (32) എന്നിവരെയാണു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

2013 മാര്‍ച്ച് ഒമ്പതിനായിരുന്നു സംഭവം. കോഴിക്കോട് കൊടുവള്ളിയില്‍ ജ്വല്ലറി നടത്തുന്ന ഒ.കെ. അഷറഫിനുവേണ്ടി തൃശൂര്‍ പുത്തന്‍പള്ളിക്കു സമീപത്തുള്ള സ്വര്‍ണാഭരണ പണിശാലയില്‍നിന്നു ശേഖരിച്ച 50 ലക്ഷം രൂപയുമായി ജീവനക്കാര്‍ കാറില്‍ പോവുകയായിരുന്നു. കെഎല്‍ 11 എജി 2951 എന്ന നമ്പറിലുള്ള സാന്‍ട്രോ കാറിലായിരുന്നു യാത്ര. രാത്രി എട്ടു മണിയോടെ ഇവര്‍ കേച്ചേരി പന്നിത്തടം റോഡിലെത്തി. ഇതിനിടെ വിജനമായ സ്ഥലത്തുവച്ചു ടെമ്പോവാന്‍ കാറിലിടിപ്പിച്ചശേഷം ഇരുമ്പു പൈപ്പുകള്‍കൊണ്ടു കാറിന്റെ ചില്ലുകള്‍ തകര്‍ത്തു പ്രതികള്‍ പണം കവരാന്‍ ശ്രമിക്കുകയായിരുന്നു.

12 പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ പണം കവരാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടു നാട്ടുകാര്‍ ഓടിക്കൂടിയതിനാല്‍ കവര്‍ച്ചശ്രമം പരാജയപ്പെടുകയും സംഘം രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മന്‍സില്‍ വീട്ടില്‍ ഷാനു കുന്നംകുളം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് കാര്‍ സ്റേഷനിലേക്കു മാറ്റുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.


ഇതിനിടെ കാറില്‍ രണ്ടരകോടി രൂപയോളം ഉണ്ടായിരുന്നുവെന്നും പോലീസറിയാതെ രാത്രിയില്‍ ഒ.കെ. അഷറഫും സംഘവും ഇതു കടത്തിക്കൊണ്ടുപോയെന്നും പരാതി ഉയര്‍ന്നു. ഇതുസംബന്ധിച്ച കേസും പോലീസ് അന്വേഷിച്ചിരുന്നു. പോലീസ് കസ്റഡിയിലെടുത്ത വാഹനത്തില്‍നിന്നു പണം നഷ്ടമായി എന്ന ആരോപണം വിവാദമായ സാഹചര്യത്തില്‍ ഡിജിപിയുടെ പ്രത്യേക നിര്‍ദേശപ്രകാരം രണ്ടു കേസുകളുടേയും അന്വേഷണ ചുമതല തൃശൂര്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയായിരുന്നു.

തുടര്‍ന്നുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണു സംഭവത്തിനു പുറകില്‍ 12 പേരടങ്ങിയ കോടാലി ശ്രീധരന്റെ സംഘാംഗങ്ങളാണെന്നു വ്യക്തമായത്. കേസില്‍ ഒമ്പതു പ്രതികളെ കൂടി പിടികൂടാനുണ്ട്.

ക്രൈംബ്രാഞ്ച് സിഐ സി.ആര്‍. രാജു, എസ്ഐ കെ.ജെ. ചാക്കോ, എഎസ്ഐമാരായ ശങ്കരന്‍കുട്ടി, ടി.ആര്‍. ഗ്ളാഡ്സ്റണ്‍, സീനിയര്‍ സിപിഒമാരായ രാജന്‍, സൂരജ്, ലിന്റോ ദേവസി, സുഭാഷ്, സിപിഒമാരായ സുബീര്‍കുമാര്‍, ശ്രീകുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.