അമല്‍ജ്യോതി കോളജിന്റെ ഗവേഷണ പ്രൊജക്ടിന് അനുമതി
Wednesday, March 4, 2015 12:19 AM IST
കാഞ്ഞിരപ്പള്ളി: ആണവ റിയാക്ടറില്‍ ഉപയോഗിക്കുന്ന സ്ട്രക്ചറല്‍ മെറ്റീരിയല്‍സിന്റെ കരുത്ത് വര്‍ധിപ്പിക്കാനായി ഗ്രെയിന്‍ സൈസ് നാനോമീറ്റര്‍ അളവിലേക്കു കുറച്ചുകൊണ്ടുവരാനുള്ള ഗവേഷണ പ്രൊജക്ടിനു ന്യൂക്ളിയര്‍ സയന്‍സ് റിസേര്‍ച്ച് ബോര്‍ഡ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിന് അനുമതി നല്‍കി. 45 ലക്ഷം രൂപ ചെലവഴിച്ചു മൂന്നു വര്‍ഷത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാനാണു ലക്ഷ്യം.

മെറ്റലര്‍ജിയില്‍ ബിരുദ പഠനത്തിനും ഗവേഷണത്തിനും അവസരം നല്‍കുന്ന കേരളത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ് അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ്. ചെന്നൈ, കല്‍പ്പാക്കം ഇന്ദിരാഗാന്ധി റിസേര്‍ച്ച് സെന്ററില്‍നിന്നു വിരമിച്ച് അമല്‍ജ്യോതിയില്‍ മെറ്റലര്‍ജി വിഭാഗം മേധാവിയായി പ്രവര്‍ത്തിക്കുന്ന ഡോ. കെ.ജി. സാമുവലാണ് ഗവേഷണ പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.


മെറ്റലര്‍ജിയിലും മെക്കാനിക്കല്‍ എന്‍ജിനിയറിംഗിലും ഗവേഷണ തത്പരരായ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷണ അവസരങ്ങള്‍ ഈ പ്രൊജക്ട് ലഭ്യമാക്കുമെന്നു പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസ് കണ്ണമ്പുഴ പറഞ്ഞു. ഇത്തരം ഗവേഷണ വിഷയങ്ങള്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മെറ്റലര്‍ജിയോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കുമെന്നു മാനേജര്‍ ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ അഭിപ്രായപ്പെട്ടു.

ആറ്റമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിനു താത്പര്യമുള്ള വിഷയങ്ങളില്‍ ഗവേഷണ പഠനങ്ങള്‍ നടത്തുവാനായി ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാമ്പത്തികസഹായം നല്‍കുന്നതിനുള്ള ഉപദേശക സമിതിയാണ് ന്യൂക്ളിയര്‍ സയന്‍സ് റിസേര്‍ച്ച് ബോര്‍ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.