എസ്എസ്എല്‍സി പരീക്ഷ: കൂടുതല്‍ വിദ്യാര്‍ഥികള്‍ മലപ്പുറത്ത്; കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍
Wednesday, March 4, 2015 12:12 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഈ വര്‍ഷം ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതു മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍. ഏറ്റവും കുറവു വിദ്യാര്‍ഥികള്‍ ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലും. കുറേ വര്‍ഷങ്ങളായി മലപ്പുറം ജില്ലയിലെ തിരൂര്‍ വിദ്യാഭ്യാസ ജില്ലയായിരുന്നു ഏറ്റവുമധികം വിദ്യാര്‍ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മലപ്പുറം വിദ്യാഭ്യാസ ജില്ല 26,446 വിദ്യാര്‍ഥികളെ പത്താം ക്ളാസ് പരീക്ഷയ്ക്കായി രജിസ്ട്രേഷന്‍ നടത്തിയാണ് ഒന്നാം സ്ഥാനത്തെത്തിയത്.

2458 വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ നടത്തിയ കുട്ടനാടാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നത്. ഏറ്റവുമധികം വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്ന സ്കൂള്‍ എന്ന ഖ്യാതി മലപ്പുറം തിരൂര്‍ ഇടരിക്കോട് പികെഎംഎംഎച്ച് സ്കൂളിനാണ്. 2118 വിദ്യാര്‍ഥികളാണ് ഇക്കുറി ഇടരിക്കോട് സ്കൂളില്‍നിന്നു പത്താം ക്ളാസില്‍ പരീക്ഷ എഴുതുക. രണ്ടു വിദ്യാര്‍ഥികളെ മാത്രം പരീക്ഷയ്ക്കിരുത്തുന്ന ബേപ്പൂര്‍ വിആര്‍എസ്എസ്എച്ച്എസ്, പനങ്ങന ഗവ. ഗേള്‍സ് ഹൈസ്കൂള്‍ എന്നീ സ്കൂളുകളാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നത്.


സംസ്ഥാനത്ത് 4,68,495 വിദ്യാര്‍ഥികളാണ് ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ 2,37,471 ആണ്‍കുട്ടികളും 2,31,024 പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4809 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം കൂടുതലായുണ്ട്.

പ്രൈവറ്റായി 3506 വിദ്യാര്‍ഥികളും രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിലും പുറത്തുമായി 2861 പരീക്ഷാ സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഗള്‍ഫില്‍ 465 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ 1128 പേരും ഇത്തവണ പരീക്ഷ എഴുതുന്നു. ഈ മാസം ഒന്‍പതിന് ആരംഭിച്ച് 23ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകള്‍ ക്രമീകരിച്ചിട്ടുള്ളത്.

ഉത്തരക്കടലാസ് മൂല്യനര്‍ണയം ഏപ്രില്‍ ആറിനു ആരംഭിക്കും. ഏപ്രില്‍ രണ്ട്, മൂന്നു തീയതികളില്‍ പെസഹവ്യാഴം, ദുഃഖവെള്ളി അവധികള്‍ വരുന്നതിനാല്‍ അതു കഴിഞ്ഞുള്ള പ്രവൃത്തിദിനം എന്ന നിലയിലാണ് ആറിനു മൂല്യനിര്‍ണയം ആരംഭിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28 നായിരുന്നു മൂല്യനിര്‍ണയം ആരംഭിച്ചത്. ഏപ്രില്‍ 25നുള്ളില്‍ ഫലപ്രഖ്യാപനം നടത്താനാണ് പരീക്ഷാ കമ്മീഷണറേറ്റ് ക്രമീകരണം ഒരുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.