ഹാരിസണ്‍സ് ഭൂമി: ഹര്‍ജി 30നു പരിഗണിക്കാനായി മാറ്റി
Wednesday, March 4, 2015 12:11 AM IST
കൊച്ചി: കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ ഹാരിസണ്‍സ് മലയാളം കമ്പനി കൂടുതല്‍ സമയം തേടിയതിനെത്തുടര്‍ന്നു ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതു മാര്‍ച്ച് 30ലേക്കു മാറ്റി. പത്തനംതിട്ട, ഇടുക്കി, കൊല്ലം, കോട്ടയം ജില്ലകളിലായി ഹാരിസണിന്റെ കൈവശമുള്ള 30,000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും ഇതു വിട്ടുനല്‍കണമെന്നും കാണിച്ച് സ്പെഷല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം കമ്പനിക്കു നോട്ടീസ് നല്‍കിയിരുന്നു.

ഇതിനെതിരേ കമ്പനി സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ ജസ്റീസ് പി.ആര്‍. രാമചന്ദ്രമേനോന്‍ പരിഗണിക്കുമ്പോഴാണ് ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ സമയം വേണമെന്ന് കമ്പനിക്കു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകന്‍ വിശ്വനാഥന്‍ ആവശ്യപ്പെട്ടത്. മധ്യവേനലവധിക്കു ശേഷം ഹര്‍ജി പരിഗണിക്കാന്‍ മാറ്റണമെന്ന് അദ്ദേഹം അപേക്ഷിച്ചു. സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വ. സുശീല ഭട്ട് ഇതിനെ എതിര്‍ത്തു. തുടര്‍ന്നാണ് ഹര്‍ജി 30നു പരിഗണിക്കാന്‍ വച്ചത്.


മസ്ദൂര്‍ ഒഴിവുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുംതിരുവനന്തപുരം: കെഎസ്ഇബിയില്‍ മസ്ദൂര്‍മാരുടെ നിലവിലുള്ള ഒഴിവുകള്‍ ഒരാഴ്ചക്കകം പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചു. ഇതനുസരിച്ചുള്ള നിര്‍ദേശം അതത് ഡപ്യൂട്ടി ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് നല്‍കാന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കെഎസ്ഇബി ചെയര്‍മാന്‍ എം. ശിവശങ്കര്‍, വിതരണവിഭാഗം ഡയറക്ടര്‍ മുഹമ്മദാലി റാവുത്തര്‍, ചീഫ് എന്‍ജിനിയര്‍ (ഹ്യൂമന്‍ റിസോഴ്സസ്) സി.വി. നന്ദന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.