സ്നേഹപൂര്‍വം പദ്ധതി വ്യാപിപ്പിക്കുന്നു
Tuesday, March 3, 2015 12:25 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ളാസ് മുതല്‍ ഡിഗ്രിവരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന സ്നേഹപൂര്‍വം പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നു. മാതാപിതാക്കള്‍ മരണമടയുകയോ, ആരോഗ്യപരമായ കാരണത്താലോ, സാമ്പത്തിക പ്രതിസന്ധി മൂലമോ തങ്ങളുടെ കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്കാന്‍ കഴിയാതെവരുന്ന സ്ഥിതി ഉണ്ടാകുകയോ ആണെങ്കില്‍ അവരെ സഹായിക്കാനായുള്ള പദ്ധതിയാണിത്.

ഒന്നാം ക്ളാസ് മുതല്‍ ഡിഗ്രി ക്ളാസ് വരെ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ 300 രൂപ മുതല്‍ 750 രൂപ വരെ പ്രതിമാസം സാമ്പത്തിക സഹായമാണ് പദ്ധതിയിലൂടെ നല്‍കുന്നത്. പദ്ധതിയുടെ ആനുകൂല്യം അര്‍ഹരായ പരമാവധി വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവിലെ മാനദണ്ഡങ്ങള്‍ പുതുക്കിക്കൊണ്ടു പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

സ്നേഹപൂര്‍വം പദ്ധതി പ്രഖ്യാപനം വന്നിട്ടു മാസങ്ങള്‍ കഴിഞ്ഞെങ്കിലും പ്രായോഗികമായി നടപ്പാക്കുന്നതിനു വന്‍ കാലതാമസമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലഭിക്കുന്ന അപേക്ഷകള്‍ സംബന്ധിച്ചു തീര്‍പ്പു കല്പിക്കുന്നതിനു കാലതാമസം നേരിട്ട പശ്ചാത്തലത്തിലാണു മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയത്. പുതുക്കിയ മാനദണ്ഡമനുസരിച്ച് മറ്റു സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്ന വിദ്യാര്‍ഥികളാണെങ്കിലും സ്നേഹപൂര്‍വം പദ്ധതിയില്‍നിന്നുമുള്ള സഹായത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ അതതു സ്കൂളുകള്‍ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ഥികള്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കരുത്. സ്ഥാപനമേധാവികള്‍ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.


വിദ്യാര്‍ഥികളില്‍നിന്നു വെള്ളക്കടലാസില്‍ അപേക്ഷ സ്വീകരിക്കണം. കൂടാതെ വിദ്യാര്‍ഥികളുടെ മാതാവ്, പിതാവ് എന്നിവര്‍ മരണമടഞ്ഞതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മാതാപിതാക്കള്‍ മരണമടഞ്ഞ വിദ്യാര്‍ഥിയെ സംരക്ഷിക്കുന്ന കുടുംബം ബിപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെങ്കില്‍ അതു വെളിപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അതല്ലെങ്കില്‍ വിദ്യാര്‍ഥിയുടെ കുടുംബം പദ്ധതി മാനദണ്ഡപ്രകാരമുള്ള വരുമാന പരിധിയിലുള്ളതാണെന്നു തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്. വിദ്യാര്‍ഥിയുടെയും രക്ഷിതാവിന്റെയും പേരില്‍ കോര്‍ ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ഷെഡ്യൂള്‍ ബാങ്കില്‍ അക്കൌണ്ട് എടുക്കണം.

ഓണ്‍ലൈനായി സാമൂഹ്യസുരക്ഷാ മിഷനില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ചു ധനസഹായം പാസാക്കുകയും അനുവദിച്ച തുക ഈ അക്കൌണ്ടില്‍ നിക്ഷേപിക്കും. ഒരു അധ്യയനവര്‍ഷം 10 മാസത്തെ ധനസഹായമാണ് ഇത്തരത്തില്‍ നല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.