തീഗോളത്തിനൊപ്പം ഭൂമിയില്‍ പതിച്ചത് ഉല്‍ക്കയെന്നു ദുരന്തനിവാരണ അഥോറിറ്റി
തീഗോളത്തിനൊപ്പം ഭൂമിയില്‍ പതിച്ചത് ഉല്‍ക്കയെന്നു ദുരന്തനിവാരണ അഥോറിറ്റി
Monday, March 2, 2015 12:13 AM IST
കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ തീഗോളത്തിനൊപ്പം ഭൂമിയില്‍ പതിച്ച വസ്തു ഉല്‍ക്കയെന്നു ദുരന്തനിവാരണ അഥോറിറ്റിയുടെ നിഗമനം. വിശദ പരിശോധനയ്ക്കായി അവശിഷ്ടം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കു കൈമാറും.

എറണാകുളം കരൂമാലുര്‍ പ്രദേശത്തെ വാഴകൃഷിയിടത്തില്‍നിന്നു ലഭിച്ച അവശിഷ്ടം എറണാകുളം ദുരന്തനിവാരണ അഥോറിറ്റി തലവന്‍ ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന ജിയോളജിസ്റ് കെ.ആര്‍. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം വിശദമായി നടത്തിയ പരിശോധനയിലാണ് ഉല്‍ക്കതന്നെയാണെന്ന പ്രാഥമിക നിഗമനത്തില്‍ എത്തിയിരിക്കുന്നത്. നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് ഉല്‍ക്കയുടെ ഭാഗമാണെന്ന നിഗമനത്തില്‍ ദുരന്തനിവാരണ അഥോറിറ്റി എത്തിയിരിക്കുന്നതെന്ന് ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് പറഞ്ഞു.

തീരെ ചെറിയ അവശിഷ്ടമാണു ലഭിച്ചിരിക്കുന്നതെങ്കിലും ഇതിന് ഏകദേശം ഒരു കിലോയോളം ഭാരം ഉണ്ട്. ഇതിന്റെ ഒരു ഭാഗം തട്ടിനോക്കിയപ്പോള്‍ വല്ലാത്ത തിളക്കമാണു കാണാന്‍ കഴിഞ്ഞത്. ഇരുമ്പിന്റെയും നിക്കലിന്റെയും സജീവസാന്നിധ്യം ഇതില്‍ കണ്െടത്താന്‍ കഴിഞ്ഞിട്ടുണ്ട്. ലഭിച്ചിരിക്കുന്ന അവശിഷ്ടങ്ങളില്‍ നിറയെ ചെറിയ സുഷിരങ്ങളുണ്ട്. അതിവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് ഇത്തരം സുഷിരങ്ങള്‍.


ഇത്രയും ഘടകങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇത് ഉല്‍ക്കയുടെ അവശിഷ്ടമാണെന്ന് പ്രാഥമിക നിഗമനത്തില്‍ എത്തിയിരിക്കുന്നതെന്നും ഡോ. ശേഖര്‍ ലൂക്കോസ് പറഞ്ഞു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ ഇതു പൂര്‍ണമായും സ്ഥിരീകരിക്കാന്‍ കഴിയൂ.

അടുത്ത ദിവസം തന്നെ ഇതു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം യൂണിറ്റിനു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.