സിപിഐ സമ്മേളനത്തില്‍ തര്‍ക്കവും വാഗ്വാദവും
സിപിഐ സമ്മേളനത്തില്‍ തര്‍ക്കവും വാഗ്വാദവും
Monday, March 2, 2015 12:13 AM IST
കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ തമ്മില്‍ വാഗ്വാദം. പൊതുചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസംഗം വികാരഭരിതമായി. പൊതുചര്‍ച്ചയില്‍ പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ നിന്നുള്ള പ്രതിനിധികളാണ് തര്‍ക്കവും വാഗ്വാദവുമായി രംഗത്തെത്തിയത്. സംസ്ഥാന അസിസ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്തുന്നതായി പത്തനംതിട്ടയില്‍നിന്നുള്ള പ്രതിനിധി ചര്‍ച്ചയില്‍ ആരോപണം ഉന്നയിച്ചതാണു തര്‍ക്കത്തിനു തുടക്കമിട്ടത്. ഇതിനെ കൊല്ലം ജില്ലയില്‍ നിന്നുളള അംഗങ്ങള്‍ ചോദ്യം ചെയ്തതോടെ പ്രതിനിധികള്‍ തമ്മില്‍ വാഗ്വാദമായി.

സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയം ബഹളം അവസാനിപ്പിക്കണമെന്നും ബഹളം വയ്ക്കുന്നവര്‍ പുറത്തുപോകണമെന്നും ആവശ്യപ്പെട്ടെങ്കിലും ബഹളം തുടരുകയായിരുന്നു. തുടര്‍ന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഇടപെട്ടു. പൊതുചര്‍ച്ചയ്ക്കു വികാരഭരിതമായിട്ടാണ് പന്ന്യന്‍ രവീന്ദ്രന്‍ മറുപടി പറഞ്ഞത്. താന്‍ എത്ര വിചാരിച്ചാലും മുന്‍ സെക്രട്ടറിമാരായ പികെവി, വെളിയം ഭാര്‍ഗവന്‍, സി.കെ. ചന്ദ്രപ്പന്‍ എന്നിവരെപ്പോലെയാകില്ല. സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍കൊണ്ടു പ്രവര്‍ത്തിക്കാനാണു ശ്രമിച്ചത്. തലമുടി വെട്ടലിലും ഫുട്ബോള്‍ കമന്ററിയിലുമാണ് താത്പര്യമെന്നു പറഞ്ഞതു വ്യക്തിഹത്യ നടത്തിയതാണ്. സമ്മേളനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ചര്‍ച്ചകള്‍ ഉണ്ടായി. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണ്.

ഗ്രൂപ്പു നടത്തുന്നവര്‍ പാര്‍ട്ടിക്കു പുറത്തായിരിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളെ പ്രസംഗത്തില്‍ സെക്രട്ടറി പരസ്യമായി ശാസിക്കുകയും ചെയ്തു. വിഭാഗിയതയുടെ ലക്ഷണങ്ങളാണ് ഇരു ജില്ലാ സമ്മേളനങ്ങളിലും കാണാന്‍ കഴിഞ്ഞതെന്നും ഇതു വച്ചുപൊറുപ്പിക്കില്ലെന്നും പന്ന്യന്‍ പറഞ്ഞു. കമ്യൂണിസ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന വിഭാഗീയതയ്ക്ക് അടിപ്പെടാത്ത വിപ്ളവപാര്‍ട്ടിയായി സിപിഐ മുന്നോട്ടു പോകുമെന്നു പറഞ്ഞാണ് പന്ന്യന്‍ പ്രസംഗം അവസാനിപ്പിച്ചത്. പന്ന്യന്‍ രവീന്ദ്രന്റെ പ്രസംഗത്തിനു പ്രതിനിധികള്‍ നിറഞ്ഞ കൈയടിയും നല്‍കി. സെക്രട്ടറി സ്ഥാനത്തുനിന്നു മാറുമെന്നു നേരത്തെ അറിയിച്ചതിനെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിമര്‍ശിച്ചിരുന്നു. ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കുന്നതായും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.


എന്നാല്‍, സമ്മേളനം ഇടയ്ക്കുവച്ചു നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നു സമ്മേളന തീരുമാനങ്ങള്‍ മാധ്യപ്രവര്‍ത്തകരോടു വിശദീകരിച്ച ദേശീയ കൌണ്‍സില്‍ അംഗം ബിനോയി വിശ്വം പറഞ്ഞു. സമ്മേളനം ഇടയ്ക്കു നിര്‍ത്തിവച്ചതു പാര്‍ട്ടി കമ്മീഷനുകളുടെ ചര്‍ച്ചയ്ക്കു വേണ്ടിയാണ്. ഇതിനടിയില്‍ പൊതുചര്‍ച്ചയ്ക്കു മറുപടി പറയേണ്ട കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി സംസ്ഥാന എക്സിക്യുട്ടീവ് യോഗവും വേദിയില്‍ ചേര്‍ന്നിരുന്നു. അല്ലാതെ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ബിനോയി വിശ്വം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും താന്‍ വിരമിക്കുകയാണെന്നുള്ള പന്ന്യന്‍ രവീന്ദ്രന്റെ പരസ്യ പ്രസ്താവനയും പാര്‍ട്ടി മുഖമാസികയായ നവയുഗത്തില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തില്‍ വിരമിക്കല്‍ പരാമര്‍ശിച്ചതിനെതിരെയും ചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായതായി ബിനോയി വിശ്വം പറഞ്ഞു.

ഇന്നലെ രാവിലെ നടന്ന പൊതു ചര്‍ച്ചയിലും സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നു. തിരുവനന്തപുരം പേയ്മെന്റ് സീറ്റ് വിവാദത്തില്‍ സി. ദിവാകരനെ വനവാസത്തിനയച്ചവര്‍ കുറ്റക്കാരായ കുറേപേരെ സംരക്ഷിക്കുകയാണെന്നു ഇടുക്കിയില്‍നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. സംസ്ഥാന നേതൃത്വത്തിലെ പലരും ഇതില്‍ കുറ്റക്കാരാണെന്നും ആരോപണമുയര്‍ന്നു. ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടും പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടും മാത്രമേ പാര്‍ട്ടിക്കു മുന്നോട്ട് പോകാനാകു. വര്‍ഗ ബഹുജന പ്രസ്ഥാനങ്ങള്‍ക്കു പുതിയ കാലഘട്ടത്തില്‍ വിപുലമായ പങ്ക് നിര്‍വഹിക്കാന്‍ കഴിയണം. അവയെ അതിനനുസരണമായി സജ്ജമാക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം വേണ്ടത്ര വിജയിച്ചില്ലെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

ആശയസമരത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്തു പാര്‍ട്ടി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കണം. വോളണ്ടിയര്‍ സംഘടന, സമ്മേളനങ്ങളുടെ ഭാഗമായി മാര്‍ച്ച് ചെയ്യാന്‍ മാത്രം ഉദ്ദേശിക്കപ്പെട്ടതല്ലെന്നും പീപ്പിള്‍സ് സര്‍വീസ് കോറായി അതിനെ ഊര്‍ജസ്വലമാക്കാന്‍ കഴിയണമെന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.