ജാഥയ്ക്കിടെ തോമസ് ഐസക്കിനു ദേഹാസ്വാസ്ഥ്യം
ജാഥയ്ക്കിടെ തോമസ് ഐസക്കിനു ദേഹാസ്വാസ്ഥ്യം
Monday, March 2, 2015 12:02 AM IST
വൈക്കം: കയര്‍ തൊഴിലാളികളുടെ കാല്‍നടജാഥയ്ക്കിടെ ജാഥാ ക്യാപ്റ്റന്‍ ഡോ. തോമസ് ഐസക്കിനു ദേഹാസ്വാസ്ഥ്യം. കയര്‍ തൊഴിലാളി വര്‍ക്കേഴ്സ് സെന്ററിന്റെ (സിഐടിയു) നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ ജാഥ നയിക്കുന്നതിനിടെ വൈക്കം ഇടയാഴത്തുവച്ചാണു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ ഇടയാഴം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. ഇസിജിയില്‍ നേരിയ വ്യത്യാസം കണ്െടത്തിയതിനെത്തുടര്‍ന്നു ഡോക്ടര്‍മാര്‍ തോമസ് ഐസക്കിനോടു വിശ്രമിക്കണമെന്നു നിര്‍ദേശിച്ചെങ്കിലും അദ്ദേഹം ജാഥയില്‍ തുടര്‍ന്നും പങ്കെടുത്തു. വീണ്ടും അവശനിലയിലായതോടെ സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സയ്ക്കു വിധേയനാക്കി. ജാഥയെ പിന്നീട് ആനത്തലവട്ടം ആനന്ദന്‍, പി.ആര്‍. രഘുനാഥ് തുടങ്ങിയവരാണു നയിച്ചത്.


മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച തോമസ് ഐസക്കിനെ ആന്‍ജിയോഗ്രാമിനു വിധേയനാക്കി. ഗൌരവമായ പ്രശ്നങ്ങള്‍ കണ്െടത്തിയിട്ടില്ലാത്തതിനാല്‍ ഇന്നു ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ സൂചന നല്കി.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഡോ. ബി. ഇക്ബാല്‍ തുടങ്ങിയ നേതാക്കള്‍ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജിസ്റ് ഡോ. വി.എല്‍. ജയപ്രകാശിനെ ഫോണില്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ ആരാഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.