ഇന്ധന വിലവര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി: കോടിയേരി
ഇന്ധന വിലവര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി: കോടിയേരി
Monday, March 2, 2015 12:23 AM IST
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊതുബജറ്റ് അവതരിപ്പിച്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തിയത്. മോദി സര്‍ക്കാരിന്റെ മൌനാനുവാദത്തോടെ നടത്തുന്ന ഈ പകല്‍കൊള്ള അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു കോടിയേരി പറഞ്ഞു. പെട്രോളിനു ലിറ്ററിന് 3.60 രൂപയും ഡീസലിന് 3.43 രൂപയുമാണു വിലവര്‍ധിപ്പിച്ചിട്ടുള്ളത്. ഫെബ്രുവരി മാസത്തില്‍ തന്നെ രണ്ടാംതവണയാണു വിലവര്‍ധന വരുത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില 60 ശതമാനം കുറഞ്ഞ ഘട്ടത്തില്‍ പോലും അതിനനുസൃതമായി വില കുറയ്ക്കുന്നതിന് എണ്ണക്കമ്പനികള്‍ സന്നദ്ധമായിരുന്നില്ല. അതിനായുള്ള ഇടപെടല്‍ മോദി സര്‍ക്കാര്‍ നടത്തിയിരുന്നുമില്ല. എന്നാല്‍, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇപ്പോഴുണ്ടായ നേരിയ വിലവര്‍ധനവിന്റെ പേരുപറഞ്ഞാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചിരിക്കുന്നത്.


നവംബര്‍ മാസത്തിനുശേഷം നാലുതവണയാണു മോദി സര്‍ക്കാര്‍ ഈ മേഖലയില്‍ എക്സൈസ് തീരുവ വര്‍ധിപ്പിച്ചത്. ഇത്തരത്തില്‍ മോദി സര്‍ക്കാരും എണ്ണക്കമ്പനികളും ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നു കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.