ഡ്രെഡ്ജിംഗ് മെഷീന്‍ വാങ്ങാന്‍ അനുവദിച്ച എട്ടുകോടി നഷ്ടമാകുന്ന സ്ഥിതിയില്‍
Monday, March 2, 2015 12:20 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കായലുകളിലേയും കനാലുകളിലേയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി വാങ്ങാന്‍ നിര്‍ദേശിച്ച ആംഫീബിയന്‍ ഡ്രെഡ്ജര്‍ മെഷീന്‍ വാങ്ങല്‍ ടെന്‍ഡര്‍ നടപടികളില്‍ കുടുങ്ങിക്കിടക്കുന്നു. ഇതിനായി വകയിരുത്തിയ എട്ടുകോടി രൂപ നഷ്ടമാകുന്ന സ്ഥിതിയിലും.

മാസങ്ങള്‍ക്കു മുമ്പ് തുറമുഖവകുപ്പ് ഡയറക്ടര്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുകയും രണ്ടു കമ്പനികള്‍ ടെന്‍ഡര്‍ സമര്‍പ്പിക്കുയും അധികൃതര്‍ ഇവ പരിശോധിക്കുകയും ചെയ്തതുമാണ്. എന്നാല്‍, തുടര്‍ന്നു പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങിയതോടെയാണു ഫണ്ട് നഷ്ടമാകുന്ന സ്ഥിതിയില്‍ എത്തിയത്.

ടെക്നിക്കല്‍ ബിഡ് പരിശോധിച്ച് രണ്ടു കമ്പനികള്‍ക്കും അംഗീകാരം നല്കി. തുടര്‍ന്നു സാമ്പത്തിക ബിഡ് പരിശോധിക്കുകയും അംഗീകാരം നല്കുന്നതിനു തൊട്ടുമുമ്പായി മാരിടൈെം കോര്‍പറേഷന്റെ ഭാഗത്തുനിന്നു ചില നിഷേധാത്മക നിലപാടുകള്‍ ഉണ്ടാവുകയും ഇതിന്റെ പശ്ചാത്തലത്തില്‍ നിലവിലെ ടെന്‍ഡര്‍ നടപടികള്‍ വേണ്െടന്നു വയ്ക്കുകയുമാണു ചെയതത്. ഇതോടെ പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചശേഷം മാത്രം മെഷീന്‍ വാങ്ങിയാല്‍ മതിയെന്ന നിലപാടിലാണ് തുറമുഖവകുപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണു കേന്ദ്രത്തില്‍ നിന്നും തുറമുഖ വകുപ്പ് മുഖേനെ മെഷീന്‍ വാങ്ങുന്നതിനായി എട്ടുകോടി രൂപ അനുവദിച്ചത്.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയതാണ്. നടപടികള്‍ അവസാന ഘട്ടമെത്തിയപ്പോഴാണ് നിബന്ധനകള്‍ പാലിക്കാതെയാണ് ടെന്‍ഡര്‍ നടപടിയെന്ന പേരില്‍ ടെന്‍ഡര്‍ നടപടികള്‍ ഉപേക്ഷിക്കുകയും പുതിയ ടെന്‍ഡറിനായി നീക്കം തുടങ്ങിയതും. ഇനി ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ 29 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന ആശങ്കയുണ്ട്. നടപടി പൂര്‍ത്തിയാക്കി മെഷീന്‍ വാങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എട്ടുകോടി രൂപ സംസ്ഥാനത്തിനു നഷ്ടമാകും.


വെള്ളത്തിലും കരയിലും ഒരേപോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന മെഷീനാണ് ആംഫീബിയന്‍ മെഷീന്‍. ഇവ ജര്‍മനി, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ മാത്രമാണു നിര്‍മിക്കുന്നത്. ജര്‍മന്‍ കമ്പനിയുടെ സെന്‍വാടെക്, ഫിന്‍ലന്‍ഡിന്റെ വാട്ടര്‍ മാസ്റര്‍ എന്നീ കമ്പനികളാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്.

വാങ്ങുന്ന മെഷീന്‍ സംസ്ഥാനത്ത് എത്തിച്ചുകഴിഞ്ഞാല്‍ തുടര്‍ന്നു എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അറ്റകുറ്റപ്പണി നടത്തുന്നത് ഉള്‍പ്പെടെയുള്ള ഉത്തരവാദിത്വം ഏറ്റെടുത്താണ് സെന്‍വാടെക് കമ്പനി ടെന്‍ഡര്‍ നടപടികളില്‍ പങ്കാളികളായത്. കുറഞ്ഞ ടെന്‍ഡര്‍ തുകയും ഇവരുടേതായിരുന്നു.

സംസ്ഥാനത്ത് ആലപ്പുഴ ജില്ല ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഏറെ പ്രയോജനം ചെയ്യുന്ന ഉപകരണമായിരുന്നു ഡ്രെഡ്ജര്‍. കായലുകളില്‍ അടിഞ്ഞുകൂടുന്ന എക്കലുകളും പോളയും വളരെ വേഗത്തില്‍ നീക്കം ചെയ്യാനും ഈ ഉപകരണം കൊണ്ട് സാധിക്കും.

എന്നാല്‍, നിലവില്‍ സ്വകാര്യ കമ്പനികളില്‍ നിന്നു വന്‍തുകയ്ക്ക് സര്‍ക്കാര്‍ വാടകയ്ക്കാണ് ഈ മെഷീനുകള്‍ ഉപയോഗത്തിനായി എത്തിക്കുന്നത്. ഇതിലൂടെട ഇടനിലക്കാര്‍ക്കു വന്‍തോതില്‍ ലാഭമുണ്ടാകുന്നുവെന്ന ആക്ഷേപവും നിലനില്ക്കുന്നുണ്ട്. ഇത്തരക്കാരാണു പുതിയ മെഷീന്‍ സര്‍ക്കാര്‍ തലത്തില്‍ നേരിട്ടുവാങ്ങുന്നതിനെ എതിര്‍ക്കുന്നതെന്നും സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.