രാഹുല്‍ കൂടുതല്‍ ശക്തനായി തിരിച്ചുവരും: ആന്റണി
രാഹുല്‍ കൂടുതല്‍ ശക്തനായി തിരിച്ചുവരും: ആന്റണി
Monday, March 2, 2015 12:00 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി. രാഹുലിന്റെ സാന്നിധ്യംപോലും പേടിക്കുന്നവരാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരേ വിമര്‍ശനവുമായി രംഗത്തു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജഗതി വാര്‍ഡ് കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

രാഹുല്‍ഗാന്ധി ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നതു കൂടുതല്‍ ശക്തിയാര്‍ജിച്ചു മടങ്ങിവരാനാണ്. കോണ്‍ഗ്രസിനെ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും ചേര്‍ന്നു നയിക്കും. രാജ്യത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും കോണ്‍ഗ്രസ് അധികാരത്തിലേക്ക് മടങ്ങിവരണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നു.

നേതാക്കളുടെ നോമിനികളായി ഏതു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു കുറ്റിച്ചൂലിനെയും പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കില്ല. കുറ്റിച്ചൂലുകളെ കുത്തിനിറച്ചാല്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ല. ജനങ്ങള്‍ക്കു വിശ്വാസമുള്ള സ്ഥാനാര്‍ഥികളെ കണ്െടത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിനു വിജയം നേടാന്‍ സാധിക്കൂ.


ജനപ്രിയരും ജനങ്ങള്‍ക്കു വിശ്വാസവുമുള്ള നേതാക്കള്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന സ്ഥാനാര്‍ഥിയെക്കാള്‍ നല്ലതാണ്. പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതിനൊപ്പം ജനപ്രിയ നേതാക്കളെ നേതൃനിരയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും കഴിയണം. തദ്ദേശ സ്ഥാപന തെരഞ്ഞടുപ്പിനെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനലായി കാണണം. ഫൈനലില്‍ പാര്‍ട്ടിക്കും മുന്നണിക്കും നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നേരത്തേ തുടങ്ങണം. സംഘടന സുസജ്ജമാണെങ്കിലും നേതൃത്വം പലവഴിക്കു പോയാല്‍ പ്രയോജനമില്ല.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മികച്ച ഭരണം നടക്കുന്ന സംസ്ഥാനമാണു കേരളം. സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഫലപ്രദമായി ജനങ്ങളില്‍ എത്തിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാക്കാന്‍ സാധിക്കും. രാജ്യത്തു മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാന്‍ സാധിക്കാത്തതാണു കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനവും കമ്മിറ്റി രൂപീകരണവും. പുരുഷമേധാവിത്വത്തിന് ഉപരിയായി സ്ത്രീകള്‍ക്കും തുല്യപങ്കാളിത്തം ഉറപ്പുവരുത്തുന്നതാണു വാര്‍ഡ് കമ്മിറ്റി രൂപീകരണമെന്നും ആന്റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.