സിപിഎം കുടുംബസര്‍വേ പൂര്‍ത്തിയാക്കി
Monday, March 2, 2015 12:17 AM IST
കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎം സംസ്ഥാന കമ്മിറ്റി സെപ്റ്റംബറില്‍ സംസ്ഥാനത്ത് ആരംഭിച്ച വിവാദമായ കുടുംബ സര്‍വേ പൂര്‍ത്തിയാക്കി. ജാതിയും മതവും ചോദിച്ചുകൊണ്ട് സിപിഎം ബഹുജനസര്‍വേ നടത്തിയത് വിവാദമായിരുന്നു.

ചിലയിടങ്ങളില്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ തന്നെ എതിര്‍പ്പും ഉണ്ടായിരുന്നു. ജാതി, വരുമാനം, രാഷ്ട്രീയം, ജോലി എന്നിവ തിരിച്ചുളള സര്‍വേ വ്യക്തികളുടെ സ്വകാര്യതയ്ക്ക് നേരേയുളള കടന്നാക്രമണമാണെന്ന വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

രണ്ടു മാസത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായവ എല്ലാ ജില്ലാ കമ്മിറ്റികളും ശേഖരിച്ചിരുന്നു. ബാക്കി വന്നവയെല്ലാം പൂര്‍ത്തീകരിച്ചാണു 14 ജില്ലാ കമ്മിറ്റികളും സംസ്ഥാന കമ്മിറ്റിക്കു നല്‍കിയത്. എല്ലാ വിഭാഗം ജനങ്ങളുടെയും സര്‍വേയാണു സിപിഎം നടത്തിയത്. വിവരം നല്‍കാത്തകുടുംബങ്ങളിലേത് അതത് ഘടകത്തിലെ നേതാക്കള്‍ തന്നെ പൂരിപ്പിച്ചും പൂര്‍ണമായി ഉറപ്പില്ലാത്ത ചോദ്യങ്ങളുടെ ഉത്തരം വിട്ടുകൊണ്ടുമാണ് പൂര്‍ത്തിയാക്കിയത്.


വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കുടുംബസര്‍വേ മുന്‍നിര്‍ത്തിയാണു സിപിഎം തന്ത്രങ്ങളും പ്രവര്‍ത്തനങ്ങളും ആവിഷ്കരിക്കുന്നത്. സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതും മറ്റും കുടുംബസര്‍വേയുടെ പശ്ചാത്തലത്തിലായിരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ ചുമതലയേറ്റതിനു ശേഷമുളള ആദ്യ തെരഞ്ഞെടുപ്പാണു വരുന്നത്.

സാമൂഹിക- സാമ്പത്തിക സര്‍വേയുടെ രൂപത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാ ബാങ്കുണ്ടാക്കുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അതനുസരിച്ചു ക്രമീകരിച്ച് ആസൂത്രണം ചെയ്യുകയുമാണു സര്‍വേയുടെ ലക്ഷ്യം. രാജ്യത്തു തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തിയ ആദ്യ സമഗ്രകുടുംബ ബഹുജനസര്‍വേക്കെതിരെ കോണ്‍ഗ്രസ്, ബിജെപി, മുസ്ലിം ലീഗ് അടക്കമുളള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ചിലയിടങ്ങളില്‍ എതിര്‍പ്പിനെ തുടര്‍ന്നും വിവാദത്തെ തുടര്‍ന്നും കുടുംബസര്‍വേ പൂര്‍ത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.