സുവിശേഷം മൌലികമായി ജീവിച്ചുകൊണ്ട് ക്രിസ്തുവിനെ ലോകത്തില്‍ അവതരിപ്പിക്കണം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ്
സുവിശേഷം മൌലികമായി ജീവിച്ചുകൊണ്ട് ക്രിസ്തുവിനെ ലോകത്തില്‍ അവതരിപ്പിക്കണം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ്
Sunday, March 1, 2015 11:17 PM IST
കൊച്ചി: സുവിശേഷം മൌലികമായി ജിവിച്ചുകൊണ്ട് ക്രിസ്തുവിനെ ലോകത്തില്‍ അവതരിപ്പിക്കണമെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ. സമര്‍പ്പിതരുടെ വര്‍ഷത്തോടനുബന്ധിച്ച് പിഒസിയില്‍ സംഘടിപ്പിച്ച വിശുദ്ധിയുടെ ആഘോഷം, കാദോഷ് ഫെസ്റ്, എറണാകുളം റീജിയന്‍ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദര്‍ തെരേസ നടത്തിയ നിസ്വാര്‍ഥമായ ഉപവിപ്രവൃത്തി മതപരിവര്‍ത്തനത്തിനു വേണ്ടിയാണെന്ന ആരോപണം അടഞ്ഞ മനസുകളുടേതാണെന്നും സുമനസുകള്‍ അത് അംഗീകരിക്കില്ലെന്നുമാണ് അതിനോടുണ്ടായ ജനങ്ങളുടെ പ്രതികരണം സൂചിപ്പിക്കുന്നത്. സുവിശേഷം ജീവിക്കുന്നതിന്റെ ആനന്ദം പ്രസരിപ്പിക്കുവാന്‍ സന്യസ്തര്‍ മുന്നോട്ടുവരണമെന്നും കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.

സഭാത്മകജീവിതത്തിന്റെ ഏറ്റവും സുന്ദരമായ മുഖമാണ് സന്യസ്തരെന്നും സ്വര്‍ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനം അവര്‍ ലോകത്തില്‍ അവതരിപ്പിക്കുന്നുവെന്നും സന്യസ്തരുടെ കമ്മീഷന്റെ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ഓര്‍മ ഇന്നു സജീവമാക്കാന്‍ സന്യസ്തര്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കി. യോഗത്തില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിഎംഎസ് പ്രസിഡന്റ് ഫാ. തോമസ് മഞ്ഞക്കുന്നേല്‍, സെക്രട്ടറി സിസ്റര്‍ റോസിന എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം-അങ്കമാലി, വരാപ്പുഴ അതിരൂപതകളിലും കൊച്ചി, ആലപ്പുഴ, കോതമംഗലം, ഇടുക്കി രൂപതകളിലും നിന്ന് 1,200 സന്യസ്തര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.


സമര്‍പ്പിതര്‍ മൂന്നാം സഹസ്രാബ്ദത്തില്‍: പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. വിന്‍സന്റ് കുണ്ടുകുളവും, സമര്‍പ്പിതര്‍ കേരള സംസ്കാര നിര്‍മിതിയില്‍ എന്ന വിഷയത്തെക്കുറിച്ച് ഡോ. അലക്സാണ്ടര്‍ ജേക്കബും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. എഡ്വേര്‍ഡ് എടേഴത്ത്, സിസ്റര്‍ ലിറ്റില്‍ തെരേസ, ഫാ. ജോളി വടക്കന്‍ എന്നിവര്‍ പ്രതികരിച്ചു. ഫാ. സിജു ഇല്ലിക്കല്‍, ഫാ. സിജോ അരിക്കാട്ട്, ഫാ. ഫ്രാന്‍സിസ് ചാന്തന്‍, ഫാ. ദേവസി ചിറയ്ക്കല്‍, ഫാ. ടോമി നമ്പ്യാപറമ്പില്‍, ഫാ. ജോണ്‍ തലച്ചിറ, ഫാ. ഷിബു സേവ്യര്‍ എന്നിവര്‍ സെമിനാറിനു നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.