ചെറിയ തുടക്കം; നിഷ് സര്‍വകലാശാലാ പദവിയിലേക്ക്
ചെറിയ തുടക്കം; നിഷ് സര്‍വകലാശാലാ പദവിയിലേക്ക്
Sunday, March 1, 2015 11:17 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: 'ഞങ്ങളുടെ തുടക്കം ചെറുതായിട്ട് എന്നാല്‍ ഉന്നതമായ ഒരു കാഴ്ച്ചപ്പാടാണ് ഇതിനു പിന്നിലുള്ളത്'- 1997ല്‍ ഭിന്നശേഷിയുള്ളവര്‍ക്കായി തിരുവനന്തപുരത്ത് രൂപീകരിച്ച നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗി (നിഷ്) ന്റെ വെബ്പേജിലെ ആദ്യവാക്യമിതാണ്. ഇന്നലെ കേന്ദ്ര ബജറ്റില്‍ നിഷിനെ സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം വന്നതോടെ നിഷിന്റെ ജന്മത്തിനു തന്നെ കാരണക്കാരായവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയം പ്രാവര്‍ത്തികമായതിന്റെ ആത്മസംതൃപ്തിയില്‍. ഒപ്പം ആയിരക്കണക്കിനു വരുന്ന ഭിന്നശേഷിയുള്ളവര്‍ക്കു ഏറെ ആഹ്ളാദിക്കാനും അഭിമാനിക്കാനുമുള്ള നിമിഷവും.

പാഠ്യപാഠ്യേതര രംഗങ്ങളില്‍ ഇന്ത്യയിലെ മറ്റു സ്ഥാപനങ്ങള്‍ക്കൊപ്പം ഉന്നതസ്ഥാനത്തു നില്ക്കുന്ന നിഷിന് അര്‍ഹിക്കുന്ന അംഗീകാരമാണു ലഭിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ കേരളത്തെ പാടേ അവഗണിച്ചപ്പോഴും മലയാളികള്‍ക്ക് ആശ്വാസമായ പ്രഖ്യാപനമായിരുന്നു നിഷിനെ സര്‍വകലാശാലയായി ഉയര്‍ത്തുന്നു എന്നത്. ഏറെ ആഹ്ളാദവും സന്തോഷവുമാണ് പ്രഖ്യാപനം വന്നപ്പോള്‍ ഉണ്ടായതെന്നു നിഷിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സാമുവേല്‍ എന്‍. മാത്യു ദീപികയോടു പറഞ്ഞു.

വര്‍ഷങ്ങളായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാര നിമിഷമാണിത്. ഭിന്നശേഷിയുള്ളവരോടു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയ കരുണയാണു നിഷിനെ യൂണിവേഴ്സിറ്റിയായി പ്രഖ്യാപനം. കഴിഞ്ഞ നവംബറില്‍ സംസ്ഥാന ആസൂത്രണ കമ്മീഷന്‍ അംഗീകാരത്തോടെ നിഷിനെ സര്‍വകലാശാലയാക്കണമെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. ഇത്രവേഗത്തില്‍ ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നു കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ ഒരു സ്വതന്ത്ര സ്ഥാപനമായാണ് ഇപ്പോള്‍ നിഷ് പ്രവര്‍ത്തിക്കുന്നത്. റീഹാബിലിറ്റേഷന്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ 'എക്സലന്റ്' പദവിയാണ് നിഷിനു നല്കിയിട്ടുള്ളത്. കേള്‍വിക്കുറവും സംസാരിക്കാന്‍ കഴിവുമില്ലാത്ത ആയിരക്കണക്കിനു വിദ്യാര്‍ഥികളെ മികച്ച വിദ്യാഭ്യാസം നല്കി സമൂഹത്തിന്റെ ഉന്നത തലങ്ങളിലേക്ക് എത്തിക്കുന്നതിന് ഈ കലാലയത്തിനു കഴിഞ്ഞു. വിപ്രോ ഉള്‍പ്പെടെയുള്ള ഐടി കമ്പനികളിലും നിഷില്‍ നിന്നു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ജോലി ചെയ്യുന്നുണ്ട്. ഇപ്പോള്‍ 300 വിദ്യാര്‍ഥികളാണ് നിഷില്‍ പഠനം നടത്തുന്നത്. ഇതില്‍ 200 പേര്‍ സംസാര വൈകല്യമുള്ളവരാണ്. 100 പേര്‍ കേള്‍വിക്കുറവുള്ളവരുമാണ്. കേരളാ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന നിഷില്‍ പോസ്റ് ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ് കോഴ്സുകള്‍ മുതല്‍ ചെറിയ കുട്ടികള്‍ക്കായുള്ള കോഴ്സുകള്‍ വരെയുണ്ട്. ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പതോളജിയില്‍ പിജി കോഴ്സ് നടത്തുന്നു. ഇതിന്റെ തന്നെ യുജി കോഴ്സുമുണ്ട്. ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്( ഹിയറിംഗ് ആന്‍ഡ് ഇംപേര്‍ഡ്), ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്സ് ( ഹിയറിംഗ് ആന്‍ഡ് ഇംപേര്‍ഡ്) ഉള്‍പ്പെടെയുള്ള കോഴ്സുകളും നടത്തുന്നു.


തിരുവനന്തപുരം ആക്കുളത്തുള്ള 9.75 ഏക്കര്‍ സ്ഥലത്താണ് ഭിന്നശേഷി ഉള്ളവരെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അധ്യാപകരും അനധ്യാപകരുമുള്‍പ്പെടെ 80-ല്‍ അധികം ജീവനക്കാരാണ് ഈ സംരംഭത്തില്‍ ഇപ്പോഴുളളത്. സര്‍വകലാശാല ആയി ഉയര്‍ത്തുന്നതോടെ ഫാക്കല്‍റ്റി കൂടുതല്‍ വേണ്ടിവരും. ഗവേഷണ സൌകര്യങ്ങള്‍ക്കായി വിദേശത്തേ ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളുടെ സഹായങ്ങള്‍ ലഭ്യമാക്കേണ്ടിവരും. ഇപ്പോള്‍ തന്നെ വിദേശ സര്‍വകലാശാലകളുമായി നിഷ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന ആസൂത്രണ കമ്മീഷന്‍ അംഗം ജി. വിജയരാഘവന്‍ തുടങ്ങിയ ആശയമാണ് ഇപ്പോള്‍ ഒരു സര്‍വകലാശാലയായി ഉയര്‍ന്നിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.