കേന്ദ്ര ബജറ്റ് കോര്‍പറേറ്റ് പ്രീണനം: വി.എസ്
കേന്ദ്ര ബജറ്റ് കോര്‍പറേറ്റ് പ്രീണനം: വി.എസ്
Sunday, March 1, 2015 11:50 PM IST
തിരുവനന്തപുരം: കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുകയും അതിന്റെ പേരില്‍ സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്നതാണ് കേന്ദ്ര ബജറ്റ്. ആഗോളവത്കരണ-നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് ബജറ്റില്‍ നടത്തിയിട്ടുള്ളത്.

കേരളത്തിലെ ജനങ്ങളെയും നിരാശപ്പെടുത്തുന്നതുമാണ് ഇത്തവണത്തെ കേന്ദ്രബജറ്റ്. റബര്‍ കര്‍ഷകരെ വറചട്ടിയില്‍നിന്ന് എരിതീയിലേക്കു തള്ളിയിടുന്നതാണ് ഈ ബജറ്റ്. റബറിന്റെ വിലയിടവ് തടയാന്‍ സഹായകരമായ നിലയില്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ചതേയില്ല. എയിംസ്, ഐഐടി തുടങ്ങിയ സ്ഥാപനങ്ങളുടെ കാര്യത്തിലും കേന്ദ്രം കേരളത്തെ കബളിപ്പിച്ചിരിക്കുകയാണ്.വി.എസ് പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍

സാധാരണക്കാരുടെയും കേരളത്തിന്റെയും മുഖം പതിയാത്തതാണ് മോദി സര്‍ക്കാരിന്റെ പ്രഥമ സമ്പൂര്‍ണ പൊതുബജറ്റ്. കേരളത്തെ പാടെ അവഗണിച്ചിരിക്കുകയാണ് ബജറ്റ്. സംസ്ഥാനത്തെ കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനുള്ള ഫണ്ട് പോലും പൊതുവില്‍ അനുവദിച്ചിട്ടില്ല.


ദീര്‍ഘകാലമായി ആവശ്യപ്പെടുന്നെങ്കിലും കേരളത്തിന് എയിംസ് അനുവദിക്കാത്തത് അനീതിയാണ്. അഞ്ചു സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചിട്ടുണ്ട്. ഐഐടി തുടങ്ങിയവയും സംസ്ഥാനത്തിന് നല്‍കിയിട്ടില്ല.

കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് കാര്‍ഷികമേഖലയുടെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കുമുള്ള പ്രത്യേക സഹായം അനുവദിക്കാതിരുന്നത് വിവേചനപരമാണ്. ലക്ഷക്കണക്കിന് തൊഴിലാളികളുള്ളതും വിദേശനാണ്യം നേടിത്തരുന്നതുമായ പരമ്പരാഗത വ്യവസായങ്ങളോട് ബജറ്റ് മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. നികുതിഘടന അതീവ സമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കും അനുഗുണമാണ്. 22 ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്. ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ച് വിവിധ നാണ്യവിളകളുടെ വിലത്തകര്‍ച്ചയ്ക്കു വഴിതെളിച്ച് കേരള സമ്പദ്ഘടനയെ പ്രതിസന്ധിയില്‍ ആക്കുന്ന പതിവു കേന്ദ്രനയം തുടരുകയാണെന്ന് വേണം കരുതാന്‍: കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.