കേരളവികസനത്തില്‍ സങ്കുചിത രാഷ്ട്രീയം പാടില്ല: വി.എസ്
കേരളവികസനത്തില്‍ സങ്കുചിത രാഷ്ട്രീയം പാടില്ല: വി.എസ്
Sunday, March 1, 2015 11:19 PM IST
കോട്ടയം: കേരള വികസനത്തില്‍ സങ്കുചിത രാഷ്ട്രീയ വേര്‍തിരിവുകള്‍ പാടില്ലെന്നും കാര്‍ഷിക വ്യാവസായിക മേഖലയില്‍ കേരളം പിന്നോട്ടടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

അരിയും രണ്ടായിരം കോടി രൂപയുടെ പച്ചക്കറിയും ഉള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം നാണ്യവിളകള്‍ക്ക് വഴിമാറി. റബര്‍ ഉള്‍പ്പെടെയുള്ള നാണ്യവിളകള്‍ക്കുണ്ടായ വിലയിടിവ് സാമ്പത്തിക മേഖലയുടെ അടിത്തറ തകര്‍ത്തു- സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുനക്കര മൈതാനത്തു നടത്തിയ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അച്യുതാനന്ദന്‍.

വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം എന്നവയില്‍ കേരളം ഏറെ നേട്ടങ്ങളുണ്ടാക്കിയെന്ന് അവകാശപ്പെടുമ്പോഴും ശിശുമരണം, കര്‍ഷക ആത്മഹത്യ, തൊഴിലില്ലായ്മ തുടങ്ങി നിരവധി പ്രതിസന്ധികള്‍ സംസ്ഥാനത്തുണ്ട്.

ആഗോളവത്കരണത്തിന്റെ സ്വാധീനത്തില്‍ രാജ്യം മുതലാളിത്ത വന്‍കിട സാമ്രാജ്യശക്തികളുടെ നിയന്ത്രണത്തിലാണിന്ന്. കേരളത്തില്‍ സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും കിടപ്പാടവും വിദ്യാഭ്യാസവും ചികിത്സയും ലഭ്യമാക്കും വിധം ജനകീയമുഖമുള്ള സര്‍ക്കാരിന് രൂപം കൊടുത്തത് 1957ല്‍ ഇഎംഎസ് സര്‍ക്കാരാണ്. കേരള നവോത്ഥാനത്തിന് ചാലകശക്തിയായി മാറിയ കേരള മോഡല്‍ വികസനത്തിനു കേരളത്തില്‍ അടിത്തറയിട്ടത് ഇടതുപക്ഷ സര്‍ക്കാരുകളാണ്.

പരിസ്ഥിതിവാദം, മൂലധനത്തിന്റെ കുറവ്, ഭൂമിയുടെ ലഭ്യതക്കുറവ് എന്നിവ കേരള വികസനത്തിനു വിഘാതം സൃഷ്ടിക്കാന്‍ പാടില്ല. അതേസമയം വന്‍കിട ഭൂമാഫിയകളും റിസോര്‍ട്ട് കമ്പനികളും സര്‍ക്കാര്‍ ഭൂമി കൈയേറുന്ന സാഹചര്യം അവസാനിച്ചേ തീരു. ജലചൂഷണം, പാറ മണല്‍ ഖനനം എന്നിവ തടയണം. ജലവും പാറയും മണ്ണും പ്രകൃതിയുടെ നിലനില്‍പിന് അടിസ്ഥാന ഘടങ്ങളാണ്.


സംസ്ഥാനം രൂപീകൃതമായതിനുശേഷം റോഡ് വികസനത്തില്‍ കേരളം പിന്നോട്ടുപോയി. അതേസമയം വാഹനങ്ങളുടെ എണ്ണം 200 മടങ്ങോളം വര്‍ധിക്കുകയും ചെയ്തു. ഇത് മലിനീകരണം, ഗതാഗതസ്തംഭനം, ഇന്ധന നഷ്ടം എന്നിവയ്ക്ക് കാരണമാകുന്നു. വൈദ്യുതി, ഗതാഗതം എന്നിവയിലെ പരിമിതി പരിഗണിച്ചാല്‍ ചെറുകിട വ്യവസായങ്ങള്‍ക്കാണ് ഇനി പരിഗണന നല്‍കേണ്ടത്.

സ്മാര്‍ട്ട് സിറ്റി പോലുള്ള വന്‍കിട സംരംടഭങ്ങളുടെ പരാജയം ഇത് വ്യക്തമാക്കുന്നു. ടൂറിസം ഏറെ പിന്നോട്ടുപോയിരിക്കുന്നു. മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ മദര്‍ തെരേസയ്ക്കെതിരെ വര്‍ഗീയശക്തികള്‍ നടത്തിയ പ്രതികരണം ഏറെ വേദനാകരമാണ്. ഘര്‍വാപസി പോലുള്ള നീക്കങ്ങളെ എതിര്‍ത്തു തോല്‍പ്പിക്കണമെന്നും വിഎസ് പറഞ്ഞു.

കേരളം പുത്തന്‍കുതിപ്പുകള്‍ നേടാന്‍ എല്‍ഡിഎഫ് എണ്ണത്തിലും വണ്ണത്തിലും ശക്തിപ്പെട്ടില്ലെങ്കില്‍ ആം ആദ്മി പോലുള്ള പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുമെന്നും വിഎസ് കൂടട്ടിച്ചേര്‍ത്തു. ഡോ.മാത്യു കുഴല്‍നാടന്‍, പ്രഫ. പി.എ. വാസുദേവന്‍, സി.എന്‍.ജയദേവന്‍ എംപി, അഡ്വ. സി.ജി. സേതുലക്ഷ്മി, വി.ബി. ബിനു എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. കെ. പ്രകാശ് ബാബു മോഡറേറ്ററായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, കാനം രാജേന്ദ്രന്‍, സി. ദിവാകരന്‍, സി. കെ. ശശിധരന്‍, എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.