റവന്യു അദാലത്തില്‍ 3.51 ലക്ഷം പരാതികള്‍ പരിഹരിച്ചു: റവന്യൂമന്ത്രി
റവന്യു അദാലത്തില്‍  3.51 ലക്ഷം പരാതികള്‍ പരിഹരിച്ചു: റവന്യൂമന്ത്രി
Saturday, February 28, 2015 12:13 AM IST
കൊച്ചി: റവന്യൂ അദാലത്തുകളിലൂടെ സംസ്ഥാനത്ത് 3.51 ലക്ഷം പരാതികള്‍ക്ക് പരിഹാരം കണ്ടതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. വില്ലേജ് ഓഫീസുകള്‍ മുതല്‍ കളക്ടറേറ്റുകള്‍ വരെയുള്ള റവന്യു ഓഫീസുകളില്‍ സ്വീകരിച്ച പരാതികള്‍ കൂടാതെ അദാലത്ത് വേദികളില്‍ നേരിട്ട് കൈപ്പറ്റിയ 25000 പരാതികള്‍ക്കും പരിഹാരമുണ്ടാക്കിയതായി മന്ത്രി വ്യക്തമാക്കി. എറണാകുളം ജില്ലാ റവന്യു അദാലത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി എട്ടിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ച അദാലത്തുകള്‍ 13 ജില്ലകള്‍ പൂര്‍ത്തിയാക്കിയാണ് എറണാകുളത്ത് സമാപിക്കുന്നത്. റവന്യു, സര്‍വേ സംബന്ധമായി ഏറെക്കാലമായി കെട്ടിക്കിടക്കുന്നതടക്കമുള്ള പരാതികള്‍ പരിഹരിക്കാന്‍ അദാലത്തുകളില്‍ കഴിഞ്ഞു. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ താഴെത്തലം മുതല്‍ നടത്തിയ പരിശ്രമമാണ് ഈ വിജയത്തിന് കാരണം. അദാലത്തുകളില്‍ പരിഹരിക്കാനാകാത്ത പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.

റവന്യു ഓഫീസുകളിലെ ജോലിഭാരം കുറയ്ക്കുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും സംസ്ഥാനം മുന്നേറ്റം കൈവരിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നല്‍കുന്നതിനാണ് ഇ-ജില്ല പദ്ധതി ആവിഷ്കരിച്ചത്. ഒന്നരക്കോടിയോളം സര്‍ട്ടിഫിക്കറ്റുകളാണ് ഇതിനകം ഓണ്‍ലൈനില്‍ വിതരണം ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 1,14,912 പട്ടയങ്ങള്‍ വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.


പതിറ്റാണ്ടുകളായി വീടുവച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതൊഴിച്ച് ഭൂമിയുടെ രേഖകള്‍ നല്‍കാന്‍ സര്‍ക്കാരിനായെന്ന് മന്ത്രി കെ.ബാബു ചൂണ്ടിക്കാട്ടി. താലൂക്ക് കേന്ദ്രങ്ങളില്‍ ഭൂമി പോക്കുവരവിന് നേരിടുന്ന കാലതാമസം ശ്രദ്ധയില്‍പ്പെടുത്തിയ അദ്ദേഹം ഭൂമി പോക്കുവരവ് അതാത് വില്ലേജുകളിലേക്ക് മാറ്റുന്നത് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയിലെ റീ സര്‍വേ നടപടികളിലെ കാലതാമസമാണ് മന്ത്രി ശ്രദ്ധയില്‍പ്പെടുത്തിയ മറ്റൊരു വിഷയം.

റീ സര്‍വേ നടപടികള്‍ ദ്രൂതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. മരണ സര്‍ട്ടിഫിക്കറ്റുകളുടെ ഗസറ്റ് വിജ്ഞാപനത്തിന് ഇപ്പോഴുള്ള ഒരു മാസ കാലയളവ് എന്നത് 15 ദിവസമായി കുറയ്ക്കുന്നതുള്‍പ്പെടെ ജനസൌഹൃദ നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. എംഎല്‍എമാരായ എസ്. ശര്‍മ, ബെന്നി ബഹനാന്‍, ജോസ് തെറ്റയില്‍, ടി.യു കുരുവിള എന്നിവരും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.