മാതൃഭാവത്തില്‍ നിറയുക
മാതൃഭാവത്തില്‍ നിറയുക
Saturday, February 28, 2015 12:29 AM IST
തീര്‍ത്ഥാടനം/ ഫാ. ജേക്കബ് കോയിപ്പള്ളി-13

സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച കുട്ടിയേയുംകൊണ്ടു തെറാപ്പികള്‍ക്കായി മൈസൂരുവിലെ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്ററില്‍ വന്ന ഒരമ്മയെ ഞാന്‍ കാണുകയുണ്ടായി. പ്രായത്തിനോളം വളര്‍ച്ചയില്ലാത്ത ആ കുട്ടി വളരെ അവ്യക്തമായ ചില സ്വരങ്ങള്‍ പുറപ്പെടുവിക്കുന്നു. ആ കുട്ടിയെ നിയന്ത്രിക്കാന്‍ അമ്മ നന്നേ പാടുപെടുന്നു. ആ അമ്മയെ പരിചയപ്പെട്ടപ്പോഴാണറിഞ്ഞത് അമ്മയ്ക്ക് ഇരട്ടക്കുട്ടികളാണെന്ന്. രണ്ടുപേര്‍ക്കും അതേ അസുഖമാണ്. രണ്ടുപേരെയുംകൂട്ടി വരുന്നത് വളരെ പ്രയാസമായതുകൊണ്ട് ഒരാളെ കൊണ്ടുവന്നശേഷമാണു മറ്റെയാളെ കൊണ്ടുവരുക. മൂന്നുനാലു വര്‍ഷങ്ങളായി ഈ ഹോസ്പിറ്റലില്‍ അവര്‍ കയറിയിറങ്ങുന്നു.

ഞാന്‍ ആ കുട്ടിയെ ശ്രദ്ധിച്ചു. ആദ്യമായി കാണുമ്പോള്‍ നമുക്കു വളരെ സഹതാപമുണര്‍ത്തുന്ന കുഞ്ഞ്, പക്ഷേ ആ കുഞ്ഞിനെ നിയന്ത്രിക്കാന്‍ അമ്മ കിടന്നു ബദ്ധപ്പെടുന്നതു കാണുമ്പോള്‍ തോന്നി - ഇതെന്തു കുട്ടി? ജനിച്ച കാലം മുതല്‍ ഇക്കാലംവരെ ഈ രണ്ടു കുട്ടികളെയും കൊണ്ടുള്ള ഈ അമ്മയുടെ ജീവിതം വായിച്ചുതീര്‍ക്കാന്‍ പ്രയാസമുള്ള ഒരു ഗ്രന്ഥംപോലെ തോന്നിച്ചു. തന്റെ കുട്ടികളെ അദ്ഭുതത്തോടെ തുറിച്ചുനോക്കുന്ന മനുഷ്യരുടെ ഇടയിലൂടെ, മക്കളെ നെഞ്ചോടുചേര്‍ത്തുവച്ചുനടക്കുന്ന ഒരമ്മ. ഇപ്പോള്‍ ഇതെഴുതുമ്പോള്‍ മൈസൂരുവിലെ ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്ററിന്റെ ഇടനാഴിയില്‍ കണ്ടുമുട്ടിയ ആ അമ്മയുടെ പാദങ്ങളില്‍ ഞാന്‍ നമസ്കരിക്കുന്നു.

മാതാപിതാക്കളാണു കുട്ടികള്‍ക്കു കണ്ണും കാതും കൈയും. എത്രനാള്‍ അവര്‍ മുന്നോട്ടു ജീവിക്കുമെന്ന ഉറപ്പ് മേല്‍പ്പറഞ്ഞ അമ്മയ്ക്കില്ലായിരുന്നു. എന്നാല്‍, ദൈവം മക്കളെ കൈയില്‍ വച്ചുതരുന്നിടത്തോളം കാലം അവരെ പോറ്റാന്‍ കാട്ടുന്ന ത്യാഗവും സഹനവും അവിസ്മരണീയം. മക്കള്‍ക്കുവേണ്ടി തന്റെ ജോലി ആ അമ്മ ഉപേക്ഷിച്ചു. ഇപ്പോള്‍ ആ അമ്മയുടെ ഏക ജോലി അമ്മയായിരിക്കുക എന്നതുമാത്രം.


നോമ്പിന്റെ നാളുകളില്‍ ഈ അമ്മ എന്റെ ഹൃദയത്തില്‍ വിരിയിച്ചതു വേദനയാണ്, ആശ്ചര്യമാണ്, ആവേശമാണ്. വേദനയായത് ഇതെല്ലാം സഹിക്കേണ്ടിവരുന്ന ആ അമ്മയുടെ പെടാപ്പാട് കണ്ടാണ്. ആശ്ചര്യം, അവര്‍ ഇതെല്ലാം മറികടന്നു പ്രസന്നവദനയായി നില്‍ക്കുന്നതുകണ്ടാണ്. ആവേശം, ആ അമ്മയെപ്പോലെ എന്റെ ഹൃദയവും മനസും ചലിപ്പിക്കാനാണ്. തീര്‍ഥാടകന്‍ കൈവരിക്കേണ്ടതും ഈ അമ്മ ഭാവമാണ്. എല്ലാവരും എഴുതിത്തള്ളുന്നതില്‍ പ്രത്യാശ അര്‍പ്പിക്കുന്ന ഭാവം. അതിനെ മുറുകെ പുല്‍കി അതില്‍ വരുന്ന ഒരു മാറ്റത്തിനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഭാവം. അതു മനുഷ്യനിലെ മാതൃത്വഭാവമാണ്.

എല്ലാവരും വെറുത്തിരുന്ന സക്കേവൂസില്‍ ക്രിസ്തു പ്രതീക്ഷവച്ചില്ലേ, അവനെ നേടിയെടുത്തില്ലേ? മഗ്ദലനാമറിയവും കിണറ്റുകരയിലെ സമരിയാക്കാരിയും അവന്റെ മാതൃത്വത്തില്‍ വിരിഞ്ഞ പൂക്കളല്ലേ? ദുര്‍മോഹങ്ങള്‍ ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുമെന്നു യാക്കോബ് ശ്ളീഹാ ലേഖനത്തില്‍ പഠിപ്പിക്കുന്നുണ്ട്. തീര്‍ഥാടനനാളുകളില്‍ സദ്ചിന്തകളും ആഗ്രഹങ്ങളും ഗര്‍ഭം ധരിച്ചു തീര്‍ഥാടകനില്‍ ഒരു മാതൃഭാവത്തിന്റെ പിറവിയുണ്ടാകട്ടെ. മാതൃഭാവമാണ് എല്ലാ നന്മകളുടെയും പള്ളിക്കൂടം. എല്ലാവര്‍ക്കും അപകടകാരിയായിരുന്ന പിശാച് ബാധിതര്‍പോലും ക്രിസ്തുവിനു കീഴടങ്ങിയത് അവനില്‍ നിറഞ്ഞുനിന്ന സ്നേഹമാതൃഭാവത്തിന്റെ ജ്വാല ഏതു തിന്മയേയും നേരിടാനാവുംവിധം കരുത്തുള്ളതായിരുന്നതുകൊണ്ടാണ്. തീര്‍ഥാടകവഴികളില്‍ കഠിനമായി പരിശ്രമിക്കാം, മാതൃഭാവത്തില്‍ നിറയപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.