ക്രൈസ്തവ പീഡനം: ചങ്ങനാശേരി അതിരൂപത പരിഹാര പ്രാര്‍ഥനാ ദിനാചരണം നാളെ
Saturday, February 28, 2015 12:25 AM IST
ചങ്ങനാശേരി: ലോകത്താകമാനം നടക്കുന്ന ക്രൈസ്തവ പീഡനത്തിനെതിരേ ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നാളെ പരിഹാരറാലിയും പ്രാര്‍ഥനാദിനാചരണവും നടത്തും.

വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും മാനവസാഹോദര്യത്തിന്റെ ഉത്കൃഷ്ടസംസ്കാരം വളര്‍ന്നുവരാനുമാണ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ആഹ്വാനമനുസരിച്ച് അതിരൂപത നാളെ പ്രാര്‍ഥനാദിനമായി ആചരിക്കുന്നതെന്ന് അതിരൂപതാ വികാരിജനറാള്‍ മോണ്‍. മാണി പുതിയിടം പത്രസമ്മേളനത്തില്‍ അറിയിച്ചു.

ചങ്ങനാശേരി, അതിരമ്പുഴ, ആലപ്പുഴ, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലാണ് പരിഹാരറാലിയും ആരാധനയും ബലിയര്‍പ്പണവും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നത്. അതതു പ്രദേശത്തെ ഇടവകകളില്‍ നിന്നുമുളള പതിനായിരക്കണക്കിനു വിശ്വാസികള്‍ ദിനാചരണത്തില്‍ പങ്കുചേരും.

ചങ്ങനാശേരിമേഖലയിലെ പ്രാര്‍ഥനാ ദിനാചരണം നാളെ ഉച്ചകഴിഞ്ഞ് 2.45ന് പാറേല്‍പള്ളിയില്‍ ആരാധനയോടെ ആരംഭിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പരിഹാരറാലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു പാറേല്‍പള്ളിയില്‍ നിന്ന് മെത്രാപ്പോലീത്തന്‍ പള്ളിയിലേക്ക് പരിഹാരറാലി. ബൈപ്പാസ് ജംഗ്ഷന്‍, അരമനപ്പടി വഴി സെന്‍ട്രല്‍ജംഗ്ഷനിലൂടെ 4.30ന് റാലി മെത്രാപ്പോലീത്തന്‍പള്ളി അങ്കണത്തില്‍ എത്തിച്ചേരും. തിരുവല്ല ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് സന്ദേശം നല്‍കും. ചങ്ങനാശേരി, തൃക്കൊടിത്താനം, കുറുമ്പനാടം, നെടുംകുന്നം, മണിമല ഫൊറോനകളില്‍ നിന്നുള്ള വിശ്വാസികള്‍ പരിപാടിയില്‍ പങ്കെടുക്കും.

ആലപ്പുഴ മേഖലയിലെ പരിഹാരറാലി ആരാധനയ്ക്കുശേഷം പഴവങ്ങാടിപള്ളിയില്‍നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കും. ടൌണ്‍ ചുറ്റി നാലിനു മുന്‍സിപ്പല്‍ ചത്വരത്തിലെത്തുന്ന റാലിയെ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആലപ്പുഴ ബിഷപ് ഡോ. സ്റീഫന്‍ അത്തിപ്പൊഴി, ഡോ. പി.സി. അനിയന്‍കുഞ്ഞ് എന്നിവര്‍ അഭിസംബോദന ചെയ്യും. പുളിങ്കുന്ന്, ചമ്പക്കുളം, എടത്വാ, ആലപ്പുഴ ഫൊറോനകളില്‍ നിന്നുള്ള വിശ്വാസികള്‍ റാലിയില്‍ അണിനിരക്കും.


അതിരമ്പുഴ ഫൊറോനകേന്ദ്രത്തില്‍ 2.45ന് മാര്‍ട്ടിന്‍ പെരുമാലില്‍ നയിക്കുന്ന ദിവ്യകാരുണ്യ ആരാധനയോടെ പ്രാര്‍ഥനാദിനാചരണത്തിന് തുടക്കം കുറിക്കും. 3.15ന് കുരിശിന്റെ വഴിയായി നീങ്ങുന്ന പരിഹാരറാലി ടൌണ്‍ചുറ്റി ഫൊറോനകേന്ദ്രത്തില്‍ മടങ്ങിയെത്തും. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ സന്ദേശം നല്കും. കോട്ടയം, കുടമാളൂര്‍, അതിരമ്പുഴ ഫൊറോനകളില്‍ നിന്നുള്ള വിശ്വാസികള്‍ ഈ റാലിയില്‍ പങ്കെടുക്കും.

തെക്കന്‍ മേഖലയിലെ പ്രാര്‍ഥനാദിനാചരണം തിരുവനന്തപുരം ഫൊറോനപള്ളിയില്‍ നടക്കും. രാവിലെ ഒമ്പതിന് ലൂര്‍ദ് ഫൊറോനപള്ളിയില്‍ നിന്നാരംഭിക്കുന്ന പരിഹാരറാലി രക്തസാക്ഷി മണ്ഡപത്തിലെത്തി അവിടെ പുഷ്പാര്‍ച്ചന നടത്തും. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം പ്രസംഗിക്കും. റാലി തിരികെ ലൂര്‍ദ് ഫൊറോനപള്ളിയില്‍ മടങ്ങിയെത്തുന്നതിനെ തുടര്‍ന്ന് അമ്പൂരി, കൊല്ലം, തിരുവനന്തപുരം ഫൊറോനകളിലെ മുഴുവന്‍ വൈദികരും ചേര്‍ന്ന് പരിഹാരബലി അര്‍പ്പിക്കും.

വിവിധ കേന്ദ്രങ്ങളില്‍ ഫാ. തോമസ് തുമ്പയില്‍, ഫാ. സേവ്യര്‍ പുത്തന്‍കളം, ഫാ. ചാക്കോ പുതിയാപറമ്പില്‍, ഫാ. ആന്റണി നെരയത്ത്, ഫാ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, ഫാ. ജേക്കബ് വാരിക്കാട്ട്, ഫാ. ജോര്‍ജ് വല്ലയില്‍, ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍, ഫാ. ജെയിംസ് കുന്നില്‍, ഫാ. ജോസഫ് വാണിയപ്പുര, ഫാ. മാത്യു ചൂരവടി, ഫാ. ജോണ്‍ മണക്കുന്നേല്‍, ഫാ. ജോസഫ് മണക്കളം, ഫാ. സിറിയക് കോട്ടയില്‍, ഫാ. ഏബ്രഹാം വെട്ടുവയലില്‍, മോണ്‍. മാണി പുതിയിടം, ഫാ. ജോസഫ് പുതുപ്പറമ്പില്‍, ഫാ. വര്‍ഗീസ് കൈതപ്പറമ്പില്‍, ഫാ. ജോര്‍ജ് മാന്തുരുത്തില്‍ തുടങ്ങിയവര്‍ പരിഹാര പ്രാര്‍ഥനാദിനാചരണത്തിന് നേതൃത്വം നല്‍കും. ഫാ. ജോബി കറുകപ്പറമ്പില്‍, ഫാ. ബെന്നി കുഴിയടിയില്‍, ഫാ.ജോര്‍ജ് വല്ലയില്‍, പ്രഫ. ജെ.സി. മാടപ്പാട്ട്, അഡ്വ.ജോര്‍ജ് വര്‍ഗീസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.