ഭാര്യയെ വെടിവച്ചു കൊന്നശേഷം ഭര്‍ത്താവ് സ്വയം വെടിവച്ചു മരിച്ചു
ഭാര്യയെ വെടിവച്ചു കൊന്നശേഷം ഭര്‍ത്താവ് സ്വയം വെടിവച്ചു മരിച്ചു
Saturday, February 28, 2015 12:20 AM IST
തൃശൂര്‍: ഒളരിക്കരയില്‍ ഭാര്യയെ വെടിവച്ചു കൊന്നശേഷം ഭര്‍ത്താവ് സ്വയം വെടിവച്ചു മരിച്ചു. ഒളരി ജംഗ്ഷനില്‍ പഴയ ഷീബ തിയറ്ററിനു സമീപം ഗാന്ധിജി നഗറില്‍ പാമ്പുങ്ങല്‍ സുബ്രഹ്മണ്യനും (58) ഭാര്യ സുഷമയുമാണു (53)മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണു സംഭവം. മകന്‍ സുജിത് ജോലികഴിഞ്ഞു വീട്ടിലെത്തിയ സമയം വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. അകത്തുനിന്നുള്ള ബഹളം നാട്ടുകാര്‍ കേള്‍ക്കാതിരിക്കാന്‍ ടിവിയുടെ ശബ്ദം കൂട്ടിയ നിലയിലായിരുന്നു. വിളികേള്‍ക്കാത്തതിനെത്തുടര്‍ന്നു ജോലിക്കുപോയ സഹോദരി സുജിത യെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്നു വീടിനു ചുറ്റും നടക്കുന്നതു കണ്ട അയല്‍ക്കാര്‍ കാര്യം തിരക്കുന്നതിനിടെയാണു വെടിയൊച്ച കേട്ടതെന്ന് അയല്‍വാസികള്‍ പറയുന്നു. ഭാര്യയെ നേരത്തേ വെടിവച്ചുകൊന്ന ശേഷം സ്വയം നിറയൊഴിച്ച ശബ്ദമാണു കേട്ടതെന്നാണു നിഗമനം.

മക്കള്‍ ഇരുവരും വെസ്റ് സ്റേഷനിലെത്തി സംഭവം അറിയിച്ചതിനെത്തുടര്‍ന്നു പോലീസെത്തിയാണു വാതില്‍ തുറന്നത്. ലൈസന്‍സുള്ള ഇരട്ടക്കുഴല്‍ തോക്കുപയോഗിച്ചാണു സുബ്രഹ്മണ്യന്‍ കൃത്യം നടത്തിയത്. ഭാര്യയെ വെടിവച്ചശേഷം തലയില്‍ നിറയൊഴിച്ചാണു സുബ്രഹ്മണ്യന്‍ മരിച്ചത്. തല ചിന്നിച്ചിതറിയ നിലയിലാണ്. ഭാര്യക്ക് അടിവയറ്റിലാണു വെടിയേറ്റിരിക്കുന്നത്.


സുബ്രഹ്മണ്യന്റെ കുടുംബം ഏഴുവര്‍ഷം മുമ്പാണ് ഒളരിയിലെത്തിയത്. വഴിതര്‍ക്കത്തെ തുടര്‍ന്ന് ഒരു കേസുണ്ടായിരുന്നു. സ്വത്തുതര്‍ക്കമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. മകള്‍ സുജിതയുടെ വിവാഹമോചനം സംബന്ധിച്ചു കുടുംബത്തിലുണ്ടായ അസ്വാരസ്യവും മരണകാരണമായി പറയുന്നുണ്ട്. വെസ്റ് സിഐ

ടി.ആര്‍. രാജേഷ്, എസ്ഐ പി.ആര്‍. ബിജോയ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.കമ്മീഷണര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.