മുഖപ്രസംഗം: അക്രമരാഷ്ട്രീയത്തിന്റെ അശുഭ സൂചനകള്‍
Saturday, February 28, 2015 11:09 PM IST
കണ്ണൂര്‍ വീണ്ടും കലാപഭൂമിയാവുകയാണ്. കണക്കുതീര്‍ക്കലിന്റെ കത്തിരാഷ്ട്രീയം എത്രയോപേരെയാണ് കണ്ണീര്‍ കുടിപ്പിക്കുന്നത്. കൊലക്കത്തിക്ക് ഇരയാകുന്നവര്‍ ഒട്ടുമിക്കവരും താഴേക്കിടയിലുള്ള പ്രവര്‍ത്തകരാണ്. പകയുടെ രാഷ്ട്രീയം കേരളത്തിന്റെ സാംസ്കാരികബോധത്തെ ഇനിയും അലോസരപ്പെടുത്തുന്നില്ലെന്നു വേണം കരുതാന്‍. അല്ലെങ്കില്‍ തൊട്ടതിനും പിടിച്ചതിനും പ്രതികരിക്കുന്ന സാംസ്കാരിക നായകരും ഇങ്ങനെ നിശ്ബദത പാലിക്കുമോ? ഇതൊക്കെ പതിവു സംഭവം മാത്രമെന്ന നിലയില്‍ അവഗണിക്കാന്‍ ഒരു പരിഷ്കൃത സമൂഹത്തിനു സാധിക്കുമോ? മുറിവുകള്‍ ഉണക്കാന്‍ ശ്രമിക്കുന്നതിനുപകരം അതില്‍ മുളകു തേയ്ക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം എന്താവും? രാഷ്ട്രീയ കേരളം കുറേക്കൂടി സമചിത്തതയോടെ ഈ സാഹചര്യം കൈകാര്യം ചെയ്യേണ്ടതുണ്ട്.

മരണവീട്ടില്‍ റീത്തു വയ്ക്കാന്‍ പോയയാളെ ആക്രമിച്ചതിന്റെ പേരില്‍ ഉടലെടുത്ത വൈരം പിന്നീടു തുടര്‍ ആക്രമണങ്ങളായി മാറി. ഇവിടെ വളരെ ഗുരുതരമായൊരു സാഹചര്യം ഉടലെടുക്കുന്നുണ്ട്. സാമുദായികമായൊരു മാനമാണത്. വടക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും പിന്നില്‍ സിപിഎം-ബിജെപി പരമ്പരാഗത വൈരം മാത്രമല്ല കാരണമെന്നതു ഗൌരവത്തോടെ കാണേണ്ടതുണ്ട്. പോലീസും ഭരണാധികാരികളും ഇത്തരം ആക്രമണങ്ങളുടെ പിന്നിലുള്ള കാരണങ്ങള്‍ കണ്െടത്തി പ്രകോപനപരമായ സാഹചര്യം മുളയിലേ നുള്ളിയില്ലെങ്കില്‍ കേരളം വീണ്ടും വലിയ കലാപങ്ങളിലേക്കാവും കൂപ്പുകുത്തുക.

പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുമ്പോള്‍ വലിയ പ്രകോപനമാണു തങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രശ്നം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. അതിനെത്തുടര്‍ന്നു നടക്കുന്ന പ്രതിഷേധവും ഹര്‍ത്താലും വീണ്ടു ആക്രമണങ്ങള്‍ക്കു വഴിതെളിക്കും. ആക്രമണത്തെ പ്രതിരോധിക്കാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങള്‍ പലപ്പോഴും നിരപരാധികളെപ്പോലും ഇരകളാക്കും. വെട്ടും കുത്തുമേറ്റ് ആശുപത്രിയില്‍ കഴിയുന്ന പലരും ഇപ്രകാരം കെണിയില്‍പ്പെട്ടുപോകുന്നവരാണ്. ഇവരില്‍ ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ ജോലിപോലും ചെയ്യാനാവാതെ ജീവിക്കേണ്ടിവരും. തിരിഞ്ഞുനോക്കാന്‍ ഇപ്പോള്‍ ഹര്‍ത്താലും പ്രതിഷേധവും നടത്തുന്നവര്‍ ഉണ്ടാവുകയുമില്ല.

പാര്‍ട്ടി ഓഫീസുകള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ പ്രകോപനം രൂക്ഷമാക്കാനാണെങ്കില്‍ സാധാരണ പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍ക്കു നേരേയുള്ള ആക്രമണം അവരുടെ ജീവിതംതന്നെ തകര്‍ക്കാനേ സഹായകമാകൂ. മുഖംമൂടി ധരിച്ചു തിരക്കുള്ള സ്ഥലങ്ങളില്‍വച്ചുപോലും എതിരാളിയെ വെട്ടിനുറുക്കാന്‍ ക്വട്ടേഷന്‍ എടുത്തിരിക്കുന്നവരെ പാര്‍ട്ടി പ്രവര്‍ത്തകരെന്നു പറയാനാവുമോ? നേതാക്കളെല്ലാം വേദികളില്‍ അക്രമരാഷ്ട്രീയത്തെ അപലപിക്കുന്നു. പിന്നീട് അണികള്‍ കൊലവിളിയുമായി രംഗത്തെത്തുന്നു. കേരളം ഇത്തരമൊരു അപഹാസ്യമായ രാഷ്ട്രീയത്തിന്റെ വേദിയാകുകയാണിപ്പോള്‍. എവിടെനിന്നാണ് അക്രമികള്‍ക്ക് ഐസ്ക്രീം ബോംബ് ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കളും ആയുധങ്ങളും ലഭിക്കുന്നത്? ഇത് എവിടെ സംഭരിക്കുന്നു? ഇത്തരം കാര്യങ്ങള്‍ അറിയാനും പരിശോധിക്കാനും പോലീസ് സേനയുടെ സേവനം ലഭ്യമല്ലെന്നുണ്േടാ?


പോലീസ് റെയ്ഡും പട്രോളിംഗുമൊക്കെ മുറയ്ക്കു നടക്കുന്നുണ്ട്. പുലര്‍ച്ചെ മില്‍മാബൂത്ത് അടിച്ചു തകര്‍ത്തവര്‍, രാവിലെ തൊഴില്‍സ്ഥലത്തേക്കു പോകാന്‍ ബസ് കാത്തു നിന്നവര്‍ ഒക്കെ അപ്രതീക്ഷിതമായ ആക്രമണത്തിനു വിധേയരാവുമ്പോള്‍ അതിന്റെ പിന്നില്‍ ആരുടെയൊക്കെയോ കൃത്യമായ ചില കണക്കുകൂട്ടലുകളും കാണാം. ചക്കരക്കല്ലില്‍ പോലീസ് സ്റേഷനു നേരേയും ആക്രമണം നടന്നു. പോലീസിനെപ്പോലും ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെ എത്രമാത്രം ബാധിക്കുമെന്ന കാര്യം ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ മനസിലാക്കണം. പകപോക്കാന്‍ അവസരം ഒരുക്കിക്കൊടുക്കുന്ന രാഷ്ട്രീയാന്തരീക്ഷം മാറണമെങ്കില്‍ നേതാക്കള്‍തന്നെ മുന്‍കൈയെടുക്കണം.

കണ്ണൂരില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും രാഷ്ട്രീയാക്രമണങ്ങള്‍ അരങ്ങേറുന്നുണ്ട്. ചെറിയൊരു ഇടവേളയ്ക്കുശേഷം അക്രമം ശക്തിപ്പെടുത്തുന്നതു വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും അതിനു ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാവാം. അകലുന്ന അണികളെ പ്രീതിപ്പെടുത്തിയോ ഭീഷണിപ്പെടുത്തിയോ കൂടെ നിര്‍ത്താനുള്ള ശ്രമം പലപ്പോഴും അക്രമത്തിലേക്കു വഴിമാറുന്നു. ഇതിനിടെ ജാതിരാഷ്ട്രീയത്തിന്റെ കാര്‍ഡും ചിലര്‍ ഇറക്കുന്നു. വളരെ അപകടകരമായ ഈ സ്ഥിതിവിശേഷത്തിന്റെ പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഭരണകൂടം പ്രവര്‍ത്തിക്കണം. പോലീസിന്റെ ഭാഗത്തുനിന്നു കര്‍ശനമായ നിലപാടുണ്ടാകണം. ആയുധങ്ങള്‍ സംഭരിക്കുന്നതും അതു കടത്തിക്കൊണ്ടുവരുന്നതും കണ്െടത്താന്‍ സാധിക്കണം. ഇന്റലിജന്‍സ് സംവിധാനം ഇത്തരം കാര്യങ്ങളില്‍ കാര്യക്ഷമമല്ലെന്ന പരാതിയുണ്ട്. ശക്തമായ നടപടികള്‍ എടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കു സംരക്ഷണം നല്‍കണം. അക്രമികള്‍ പലര്‍ക്കും ശക്തമായ രാഷ്ട്രീയ പിന്‍ബലമുണ്െടന്നതു കണ്ണൂരിലെ മാത്രമല്ല, മറ്റു പല സ്ഥലങ്ങളിലെയും പോലീസിനെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യമാണ്.

സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന നേതാക്കള്‍ സമാധാനജീവിതത്തിനുള്ള ആഹ്വാനമാണു നല്‍കേണ്ടത്. പ്രകോപനത്തിനുള്ള നേരിയ പ്രേരണപോലും വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കുക എന്നത് ആരും വിസ്മരിക്കരുത്. കേന്ദ്രത്തിലും സംസ്ഥാനത്തുമൊക്കെ ഭരിച്ചവരും ഭരിക്കുന്നവരുമൊക്കെ രാജ്യത്തോടും ജനങ്ങളോടുമുള്ള തങ്ങളുടെ ബാധ്യത മറക്കരുത്. സംസ്ഥാനത്തിന്റെ പൊതുവായ വികസനവും ജനങ്ങളുടെ സമാധാനപരമായ ജീവിതവും ഉറപ്പുവരുത്തേണ്ടതു രാഷ്ട്രീയപ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഉത്തരവാദിത്വമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.