ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ തിരക്കഥ രചനാ മത്സരം
Friday, February 27, 2015 12:27 AM IST
കൊച്ചി: ആനുകാലിക സംഭവങ്ങളെ സര്‍ഗാത്മകമായി സിനിമയില്‍ സന്നിവേശിപ്പിച്ചപ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്റെ സ്മരണക്കായി ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ തിരക്കഥ രചനാ മത്സരം സംഘടിപ്പിക്കുന്നു. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യമെന്ന് റൈറ്റേഴ്സ് യൂണിയന്‍ പ്രസിഡന്റ് എസ്.എന്‍. സ്വാമി, ജനറല്‍ സെക്രട്ടറി എ.കെ. സാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പുരസ്കാരം നേടുന്ന മികച്ച തിരക്കഥാ രചയിതാവിന് ഒരു ലക്ഷം രൂപയാണു സമ്മാനം. മികച്ച രണ്ടാമത്തെ രചനയ്ക്ക് 50,000 രൂപ നല്‍കും. എഴുത്തുകാര്‍ നവാഗതരും രചന മൌലികവും ആയിരിക്കണമെന്നതാണ് മുഖ്യ നിബന്ധന. അപേക്ഷയോടൊപ്പം കഥയുടെ സംഗ്രഹവും ആദ്യത്തെ പത്തു സീനുകളും ബയോഡാറ്റയും ചേര്‍ക്കണം. വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന അപേക്ഷകര്‍ക്കായിരിക്കും മത്സരത്തിന് അര്‍ഹത.

തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ഥികള്‍ക്ക് ഏകദിന തിരക്കഥാ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. തുടര്‍ന്ന് 45 ദിവസത്തിനുള്ളില്‍ രചനകള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കണം.


അഞ്ജലി മേനോന്‍, രഞ്ജി പണിക്കര്‍, സഞ്ജയ് എന്നിവരടങ്ങുന്ന ജൂറിയാകും തിരക്കഥ തെരഞ്ഞെടുക്കുക. മാര്‍ച്ച് ഒമ്പതുവരെ അപേക്ഷഫോം ഫെഫ്ക ഓഫിസില്‍ നിന്നു ലഭിക്കും. വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം: 0484-60 60900, 2408005, 2408156.ളലളസമൃംശലൃേൌിശീി@ഴാമശഹ.രീാ എന്ന ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.

ഫെഫ്ക യൂണിയന്‍ ഭാരവാഹികളായി എസ്.എന്‍. സ്വാമി (പ്രസിഡന്റ്), ജെ. പള്ളാശേരി, ബെന്നി പി. നായരമ്പലം (വൈസ് പ്രസിഡന്റുമാര്‍), എ.കെ. സാജന്‍ (ജനറല്‍ സെക്രട്ടറി), കലവൂര്‍ രവികുമാര്‍, എ.കെ. സന്തോഷ് (ജോയിന്റ് സെക്രട്ടറിമാര്‍), ബാബു പള്ളാശേരി (ട്രഷറര്‍), ബി. ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, റാഫി, സിബി കെ. തോമസ്, ചിറ്റൂര്‍ ഗോപി, കെ. ഗിരീഷ്കുമാര്‍, എം. സിന്ധുരാജ്, രാജേഷ് ജയരാമന്‍, സന്തോഷ് വര്‍മ, സച്ചി, സേതു, റഫീഖ് അഹമ്മദ്, സഞ്ജയ്, ദിലീഷ് നായര്‍ (നിര്‍വാഹക സമിതി അംഗങ്ങള്‍).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.