ഇടുക്കി മോഡല്‍ ജവഹര്‍ ഭവന പദ്ധതികേരളമാകെ വരുന്നു
Friday, February 27, 2015 12:27 AM IST
കട്ടപ്പന: ഭവനരഹിതര്‍ക്ക് ആശ്വസമായി ഇടുക്കി ജില്ലാ സഹകരണ ബാങ്കിന്റെ 'ജവഹര്‍ ഭവന പദ്ധതി'. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ മുഖേന 10000 വീടുകള്‍ നിര്‍മിച്ചുനല്‍കാനാണ് ബാങ്ക് പദ്ധതി തയാറാക്കിയിരിക്കുന്നത്. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചു.

ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനത്താകെ 'ഇടുക്കി മോഡല്‍ ജവഹര്‍ ഭവന പദ്ധതി' എന്ന പേരില്‍ പദ്ധതിയും വരുകയാണ്. അടുത്ത ബജറ്റ് പ്രസംഗത്തില്‍ പദ്ധതിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇടുക്കി പദ്ധതിയുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കട്ടപ്പനയില്‍ നിര്‍വഹിക്കും. നിലവിലുള്ള ഇഎംഎസ് ഭവനപദ്ധതിക്ക് പുറമെയാണ് ജില്ലാ ബാങ്കിന്റെ സഹകരണത്തോടെ വീടുനിര്‍മാണത്തിന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ഇതോടെ ഭവനപദ്ധതി ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കും.

മുന്‍ എംഎല്‍എ കൂടിയായ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ഇ.എം. ആഗസ്തിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളാണ് ഭവനപദ്ധതി രംഗത്തെ വിപ്ളവം സൃഷ്ടിക്കുന്നത്. ഇടുക്കി ജില്ലയിലെ ഭവനരഹിതര്‍ക്ക് മുഴുവന്‍ വീടുവച്ചു നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ആഗസ്തി പറഞ്ഞു. ഇഎംഎസ് ഭവനപദ്ധതിക്കായി പ്ളാന്‍ ഫണ്ടിന്റെ 15 ശതമാനമാണ് നീക്കിവയ്ക്കുന്നത്. ഈ തുക പഞ്ചായത്തിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീടുവച്ചു നല്‍കുന്നതിന് ആ തുക അപര്യാപ്തമാണെന്നു വ്യക്തമായതോടെയാണ് പുതിയ പദ്ധതിയെകുറിച്ച് ആലോചന നടന്നത്.


കഴിഞ്ഞ പത്തിനു മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന യോഗം പദ്ധതിക്ക് അംഗീകാരം നല്‍കി. യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയെ കൂടാതെ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, ഇ.എം. ആഗസ്തിയുമുണ്ടായിരുന്നു. ജില്ലാ ബാങ്ക് 11 ശതമാനം പലിശയ്ക്ക് 200 കോടി വായ്പ നല്‍കും. ഇതാണ് സംസ്ഥാനം മുഴുവന്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്. ഇതോടെ ഇഎംഎസ് ഭവനപദ്ധതിക്കു പുറമെ ഭവനരഹിതര്‍ക്കു ജവഹര്‍ ഭവന പദ്ധതിയും നിലവില്‍വരും. പലിശയുടെ അഞ്ചുശതമാനം വീതം ജില്ലാ, ഗ്രാമപഞ്ചായത്തുകളും ഒരു ശതമാനം ബ്ളോക്ക് പഞ്ചായത്തുകളും തനതു ഫണ്ടില്‍നിന്ന് തിരിച്ചടയ്ക്കും.

ഗ്രാമസഭകള്‍ വിളിച്ചുകൂട്ടിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ജനറല്‍ വിഭാഗത്തിലെ ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം ഭവനനിര്‍മാണത്തിനായി ലഭിക്കും.

സര്‍ക്കാരിന് അധികബാധ്യതയുണ്ടാക്കാതെ കേരളത്തില്‍ ആദ്യമായി ഇത്തരമൊരു ബ്രഹത് സംരംഭം ഒരുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സംതൃപ്തിയുണ്െടന്നു ജില്ലാബാങ്ക് പ്രസിഡന്റ് ഇ.എം ആഗസ്തി പറഞ്ഞു. മറ്റു ബാങ്കില്‍നിന്നെടുക്കുന്ന പണം ഒരുശതമാനത്തില്‍ താഴെ അധികപലിശ ഈടാക്കിയാണ് പഞ്ചായത്തുകള്‍ക്ക് കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.