മദര്‍ തെരേസയുടെ ജീവിതം ഭാരതത്തിന് അഭിമാനം: കത്തോലിക്കാ കോണ്‍ഗ്രസ്
Friday, February 27, 2015 12:26 AM IST
കോട്ടയം: ലോകരാജ്യങ്ങളില്‍ ഭാരതത്തിന് അഭിമാനം പകര്‍ന്നുനല്‍കിയ മദര്‍ തെരേസയെ അവഹേളിച്ചു സംസാരിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിനു ചേര്‍ന്നതല്ലെന്നും ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് മതമോ, രാഷ്ട്രീയമോ നോക്കാതെ എല്ലാവരാലും അവഗണിക്കപ്പെട്ട് ആരോരും ഇല്ലാത്ത പട്ടിണിപ്പാവങ്ങളെ മാറോടു ചേര്‍ത്തു സംരക്ഷിക്കുകയെന്നുള്ളത് അമ്മയുടെ ജീവിതലക്ഷ്യമായിരുന്നു.

കോല്‍ക്കത്തയിലോ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലോ മദര്‍തെരേസയോ മദര്‍ തെരേസയുടെ സന്യാസിനി സമൂഹമോ മതപരിവര്‍ത്തനം നടത്തിയതായി ഒരു രേഖയുമില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ മദര്‍ തെരേസയെപ്പോലുള്ള വിശുദ്ധജീവിതം നയിച്ചവരെപ്പറ്റി അപമാനപ്രചാരണം നടത്തുന്നത് ഖേദകരമാണെന്നും കോട്ടയം കേന്ദ്ര കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ആഗോള കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് വി.വി.അഗസ്റിന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജേക്കബ് പാലയ്ക്കപ്പിള്ളി, ജനറല്‍സെക്രട്ടറി അഡ്വ.ബിജു പറയന്നിലം, കേന്ദ്ര ഭാരവാഹികളായ ജോസുകുട്ടി ജോര്‍ജ്, അഡ്വ.ടോണി ജോസഫ്, സ്റീഫന്‍ ജോര്‍ജ്, സാജു അലക്സ്, ഡേവിഡ് പുത്തൂര്‍, സൈബി അക്കര, ബേബി പെരുമാലി, ഡേവിഡ് തുളുവത്ത്, രൂപതാ പ്രസിഡന്റുമാരായ ജോര്‍ജ് കോയിക്കല്‍, ഐപ്പച്ചന്‍ തടിക്കാട്ട്, സെബാസ്റ്യന്‍ വടശേരി, ലാസര്‍ മാസ്റര്‍, ജോളി കുളങ്ങര, ജോമി ഡൊമിനിക്, ജോസ് തോമസ് ഒഴുകയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


പരാമര്‍ശം അപലപനീയം: മന്ത്രി കെ.എം. മാണി

തിരുവനന്തപുരം: ത്യാഗത്തിന്റേയും കാരുണ്യത്തിന്റേയും മൂര്‍ത്തീഭാവമായി ലോകം ആദരിക്കു മദര്‍ തെരേസയുടെ സേവനങ്ങളെ തമസ്കരിക്കാനുള്ള ശ്രമം അപലപനീയമാണെന്നു ധനമന്ത്രി കെ.എം. മാണി പറഞ്ഞു.ഭാരതരത്നം നല്‍കി നമ്മുടെ രാജ്യവും നൊബേല്‍ സമ്മാനം നല്‍കി ലോകവും ആദരിച്ച മദര്‍ തെരേസയുടെ സദുദ്ദേശ്യത്തെ ചോദ്യം ചെയ്യുന്നതു ഭാരതത്തിന്റെ മഹത്തായ പൈതൃകത്തിനും പാരമ്പര്യത്തിനും ചേര്‍ന്നതല്ല. അനവസരത്തിലുള്ള ഈ അഭിപ്രായപ്രകടനം പിന്‍വലിച്ച് ആര്‍എസ്എസ് മേധാവി ലോകത്തോട് മാപ്പു പറയണമെന്നു മന്ത്രി മാണി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.