വിശ്വാസത്തെ ജ്വലിപ്പിക്കുക
വിശ്വാസത്തെ ജ്വലിപ്പിക്കുക
Friday, February 27, 2015 12:25 AM IST
തീര്‍ത്ഥാടനം/ ഫാ. ജേക്കബ് കോയിപ്പള്ളി-12

നോമ്പുകാലം പലപ്പോഴും കാര്യസാധ്യങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കല്‍ കുറെ ശിഷ്യര്‍ കൂട്ടമായി ക്രിസ്തുവിനെ വിട്ടുപിരിഞ്ഞു. അവരുടെ പ്രശ്നം അവന്റെ വാക്കുകള്‍ കഠിനമാണ് എന്നതായിരുന്നു. കാരണം അവനെ കാണാനും അവന്‍ ചെയ്യുന്ന അദ്ഭുതങ്ങള്‍ കാണാനും അവര്‍ക്കു വളരെ ഇഷ്ടമായിരുന്നു. അവന്റെ അദ്ഭുതങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞവര്‍ അവനെ ആദരവോടെ നോക്കി പക്ഷേ എല്ലാവരും അവനെ അനുഗമിച്ചില്ല. കാരണം അനുഗമിക്കാന്‍ വേണ്ടത് സ്വയം പരിത്യജിക്കലും കുരിശു ചുമക്കലുമായിരുന്നു.

നോമ്പുനോക്കി നാം തീര്‍ഥാടകരാകുന്നതു സ്വയം പരിത്യജിക്കാന്‍ തക്കവണ്ണം വളരുന്നതിനാണ്. പരാതികളില്ലാതെ കുരിശു തോളിലേന്താന്‍ വേണ്ടിയാണ്. നിര്‍ഭാഗ്യവശാല്‍ നോമ്പിലേക്കു നാം പ്രവേശിക്കുക ഒരുപിടി ആവശ്യങ്ങളുമായിട്ടാണ്. അനുഗമിക്കുക എന്നതിലുപരി അദ്ഭുതങ്ങള്‍ ലഭിക്കാനും കാണാനുമാണു നമ്മുടെ ആഗ്രഹം. ഒരിക്കല്‍ തന്റെ ചുറ്റുംനിന്ന ജനക്കൂട്ടത്തെ നോക്കി ഈശോ ഇങ്ങനെ പ്രസംഗിച്ചു: അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണു നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്. നോമ്പ് എന്ന തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ അന്വേഷകരാണ്. പക്ഷേ അന്വേഷിക്കുന്നത് എന്തിനുവേണ്ടിയാണ്? അനുഗമിക്കാനോ അപ്പം കിട്ടാനോ?


ആവശ്യങ്ങള്‍ക്കനുസൃതമായി ദൈവത്തെ രൂപപ്പെടുത്തുക എന്ന മൂഢത പ്രലോഭനമായി, ഒരുതരം രോഗമായി ചിലപ്പോള്‍ ചിലരില്‍ വളരാം. കാര്യങ്ങള്‍ ദൈവം പറയുന്നു എന്നു സാക്ഷ്യപ്പെടുത്താന്‍ വചനവും സാഹചര്യങ്ങളുമൊക്കെ ദുരുപയോഗിക്കുന്നു ഇക്കൂട്ടര്‍. എന്നാല്‍, യഥാര്‍ഥമായ അദ്ഭുതം മാനസാന്തരമാണ്. ദൈവം ആഗ്രഹിക്കുന്നതുപോലെ തീര്‍ഥാടകന്‍ അഥവാ ഭക്തന്‍ തന്റെ ജീവിതത്തെ രൂപപ്പെടുത്തണം. അപ്പോള്‍ അവന്‍ ദൈവത്തെ അന്വേഷിക്കുന്നത് അപ്പത്തിനുവേണ്ടിയല്ല മറിച്ച് അവന്റെ ജീവിതത്തിന്റെ നിറവും തികവും ദൈവത്തില്‍മാത്രമാണു സാധ്യമാകുന്നത് എന്ന ബോധോദയത്തില്‍നിന്നാണ്.


ദൈവത്തെ അന്വേഷിക്കുക എന്നത് ഉള്ളില്‍ ലഭിച്ച വിശ്വാസം എന്ന തീപ്പൊരിയുടെ ജ്വലനമാണ്. അതു ശരീരം മുഴുവന്‍ കത്തിപ്പടരുമ്പോള്‍ കണ്ണും കൈയും കാതുമൊക്കെ ദൈവത്തെ അന്വേഷിക്കുന്നു. ആ അന്വേഷണത്തിന്റെ പുരോഗതിയില്‍ അദ്ഭുതങ്ങളുടെ ഘോഷയാത്ര ഉണ്ടാകും. ഒന്നിനും കൊള്ളില്ല എന്ന് എഴുതിത്തള്ളിയവരിലും ഒരിക്കലും രക്ഷപ്പെടില്ല എന്നു കരുതിയവരിലുമൊക്കെ ചില പുതുമകള്‍ കണ്െടത്താന്‍ കഴിയുന്നു. ദൈവത്തെ അന്വേഷിക്കുന്നവരിലെ പുരോഗതിയാണത്. അവരുടെയൊക്കെയുള്ളില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്ന വളര്‍ച്ചയുടെ ഒരു തീപ്പൊരി കാണാന്‍ കഴിയും.

കുറ്റപ്പെടുത്തലുകള്‍ക്കു വിരാമമിട്ട് അവര്‍ക്കു പ്രത്യാശ പകരുക, അവരെ ഉണര്‍ത്തുക എന്നതു വിശ്വാസിയുടെ ദൌത്യമായി മാറും. നോമ്പിലെ തീര്‍ഥാടനം വിശ്വാസിയില്‍ വരുത്തേണ്ട മാറ്റമിതാണ്. അഥവാ നോമ്പിന്റെ യാത്രയില്‍ അപ്പക്കഷണങ്ങള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തി മാനസാന്തരത്തിന്റെ വഴിയിലൂടെ നടന്നുതുടങ്ങണം. അപ്പോള്‍ തീര്‍ഥാടകന്റെ ക്രിസ്താനുഗമനത്തിനു വ്യത്യാസമുണ്ടാകും. അവന്‍ അടയാളങ്ങള്‍ കണ്ടു ക്രിസ്തുവിനെ അനുഗമിക്കുന്നവനാകും. അവന്റെ ജീവിതമാര്‍ഗം അനേകരെ ക്രിസ്തുവിലെത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.