സോളാര്‍ കേസ്: ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നു കോടിയേരി
സോളാര്‍ കേസ്: ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ട് പരിശോധിക്കണമെന്നു കോടിയേരി
Friday, February 27, 2015 12:07 AM IST
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇന്റലിജന്‍സ് എഡിജിപി നല്‍കിയ റിപ്പോര്‍ട്ട് വരുത്തി പരിശോധിക്കണമെന്ന് സോളാര്‍ കമ്മീഷന്‍ തെളിവെടുപ്പില്‍ പ്രതിപക്ഷ ഉപനേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

തട്ടിപ്പിനു സരിതാ നായര്‍ക്കെതിരേ കേസെടുത്ത് അറസ്റ് ചെയ്യാനായി തിരുവനന്തപുരത്തെത്തിയ തലശേരി എസ്ഐയേയും സംഘത്തേയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിലക്കുകയാണുണ്ടായത്. പെരുമ്പാവൂര്‍ എസ്ഐയും സംഘവും അറസ്റ് ചെയ്ത സരിതയെ ചോദ്യംചെയ്യാന്‍ തലശേരി പോലീസ് സംഘത്തെ അനുവദിച്ചതുമില്ല.

ഇതിനിടെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ സരിതാ നായരുമായി നിരന്തരമായി ഫോണിലൂടെ ബന്ധപ്പെടുന്ന കാര്യം പീപ്പിള്‍ ടിവി നമ്പര്‍ സഹിതം പുറത്തുവിട്ടു. ഇതാണു താന്‍ നിയമസഭയില്‍ ഉന്നയിച്ചത്. ഈ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് തലശേരി അന്വേഷണ സംഘത്തിലെ രണ്ടംഗങ്ങളെ തൃശൂരിലേക്കു മാറ്റി. കേസ് അന്വേഷിക്കാനായി ഇറങ്ങിയ തലശേരി പോലീസ് ടീമിനുണ്ടായ അനുഭവം മനസിലാക്കാന്‍ അവരില്‍നിന്നു തെളിവെടുക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു സലിംരാജ്, ജോപ്പന്‍, ജിക്കുമോന്‍ എന്നിവര്‍ സരിതാ നായരുമായി ബന്ധപ്പെട്ടതിന്റെ കോള്‍ വിവരം പുറത്തുവന്നതിനാല്‍ അവരെ സ്റാഫില്‍നിന്നു മാറ്റിനിര്‍ത്തണമെന്നു പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പേഴ്സണല്‍ സ്റാഫില്‍ മുഖ്യമന്ത്രി പൂര്‍ണവിശ്വാസം രേഖപ്പെടുത്തുകയായിരുന്നു.

അതിനുശേഷം ഇന്റലിജന്‍സ് എഡിജിപിയുടെ അന്വേഷണം ആവശ്യപ്പെട്ടപ്പോഴും നിരാകരിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍വാഹമില്ലെന്നാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്.


ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജോപ്പന്‍ ഉള്‍പ്പെടെയുള്ളവരെ സ്റാഫില്‍നിന്ന് ഒഴിവാക്കിയത്. ഈ സാഹചര്യത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനു വളരെയധികം പ്രസക്തിയുള്ളതിനാല്‍ അതു വരുത്തി പരിശോധിക്കാന്‍ കമ്മീഷന്‍ തയാറാകണം.

എമര്‍ജിംഗ് കേരള പദ്ധതിയില്‍ ബാന്‍ജോം എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 300 മെഗാവാട്ട് സൌരോര്‍ജ വൈദ്യുതി നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. അതു സരിതയുടെ കമ്പനി തന്നെയാണ്. ഇതിനെതിരേ ആക്ഷേപമുന്നിയിച്ചിട്ടും ഇതുവരെ കേസെടുത്തിട്ടില്ല.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു രണ്ടുലക്ഷം രൂപയുടെ ചെക്കു നല്‍കിയതു പാസാകാത്തതിനെതിരേയും കേസെടുത്തിട്ടില്ല. പുതിയതായി നിര്‍മിക്കുന്ന 3000 ചതുരശ്രയടിയുള്ള വീടിനു സോളാര്‍ പാനല്‍ നിര്‍ബന്ധമാക്കിയതു ടീംസോളാറിനെ സഹായിക്കാനാണ്. വ്യവസ്ഥയില്ലെങ്കിലും പെരിയാര്‍ വാലി പാട്ടത്തിനു നല്‍കാന്‍ ഉത്തരവിറക്കിയതു ടീം സോളാറിനെ സഹായിക്കാനായിരുന്നു.

കേസ് അന്വേഷിച്ച സംഘം വ്യക്തിഗത തട്ടിപ്പ് എന്ന നിലയിലാണു കേസ് അന്വേഷിച്ചത്. പ്രധാന തെളിവുകള്‍ ശേഖരിക്കാതെയും ശാസ്ത്രീയ അന്വേഷണം നടത്താതെയും കേസ് ചാര്‍ജ് ചെയ്തതായി കോടിയേരി ബാലകൃഷ്ണന്‍ വിവരിച്ചു.

രാവിലെ പതിനൊന്നിനാരംഭിച്ച തെളിവെടുപ്പ് ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കു നിര്‍ത്തി. ഇടവേളയ്ക്കുശേഷം രണ്ടരയ്ക്കാരംഭിച്ച് അഞ്ചിന് അവസാനിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, സിപിഐ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരന്‍ എന്നിവര്‍ വരുംദിവസങ്ങളില്‍ തെളിവ് നല്‍കും. ഇവര്‍ക്കുപുറമേ വിവിധ വ്യക്തികളും സംഘടനകളുമായി ആറുപേരാണു തെളിവെടുപ്പിനായി കക്ഷിചേര്‍ന്നിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.