ക്രൈസ്തവ പീഡനം; ചങ്ങനാശേരി അതിരൂപത പരിഹാര ദിനമാചരിക്കുന്നു
Friday, February 27, 2015 12:25 AM IST
കോട്ടയം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പീഡനം നേരിടുന്ന ക്രൈസ്തവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ചങ്ങനാശേരി അതിരൂപതാ പരിഹാര ദിനമാചരിക്കുന്നു. അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ആഹ്വാനമനുസരിച്ചു ഞായറാഴ്ച പ്രാര്‍ഥനാ ദിനമായിട്ട് ആചരിക്കാനാണു തീരുമാനം.

അതിരൂപതാതിര്‍ത്തിയിലെ നാലു പ്രധാന കേന്ദ്രങ്ങളായ തിരുവനന്തുപുരം, ആലപ്പുഴ, ചങ്ങനാശേരി, അതിരമ്പുഴ എന്നിവിടങ്ങളില്‍ പരിഹാര പ്രദക്ഷിണവും ആരാധനയും നടത്തും.

എല്ലാ കേന്ദ്രങ്ങളിലും അതതു പ്രദേശത്തെ ഇടവകളില്‍ നിന്നുള്ള ആയിരക്കണക്കിനു പ്രതിനിധികള്‍ പങ്കെടുക്കും. അതിരമ്പുഴ, കോട്ടയം, കുടമാളൂര്‍ ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തില്‍ അതിരമ്പുഴയിലാണു പരിഹാര പ്രദക്ഷിണവും ആരാധനയും നടക്കുന്നത്.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് അതിരമ്പുഴ ഫൊറോനാ പള്ളിയില്‍ ദിവ്യകാരുണ്യ ആരാധന ആരംഭിക്കും. മാര്‍ട്ടിന്‍ പെരുമാലില്‍ ആരാധന നയിക്കും. തുടര്‍ന്ന് 3.15നു വലിയ പള്ളിയില്‍നിന്ന് ആരംഭിക്കുന്ന കുരിശിന്റെ വഴി ടൌണ്‍ ചുറ്റി വലിയ പള്ളിയില്‍ തിരികെയെത്തും. തുടര്‍ന്ന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജയിംസ് പാലയ്ക്കല്‍ സന്ദേശം നല്‍കും. അതിരമ്പുഴ ഫൊറോനാ വികാരി ഫാ. സിറിയക് കോട്ടയില്‍, കോട്ടയം ഫൊറോനാ വികാരി ഫാ. ജോസഫ് മണക്കളം, കുടമാളൂര്‍ ഫൊറോനാ വികാരി ഫാ. ഏബ്രഹാം വെട്ടുവയലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.


ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരേ രൂക്ഷമായ ആക്രമണങ്ങളാണു നടക്കുന്നത്. തട്ടിക്കൊണ്ടുപോയി ഹീനമായി കൊലപ്പെടുത്തുക, വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുക തുടങ്ങിയ സംഭവങ്ങളാണ് ഒരോ ദിവസവും അരങ്ങേറുന്നത്. ഇതിനു ശാശ്വത പരിഹാരമുണ്ടകണമെന്നുള്ള ആഹ്വാനത്തോടെയാണ് അതിരൂപത പരിഹാര ദിനമാചരിക്കുന്നത്. പത്രസമ്മേളനത്തില്‍ അതിരമ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയില്‍, ഫാ. ജോര്‍ജ് ചക്കുങ്കല്‍, എം.എം. സെബാസ്റ്യന്‍, രാജു കുടിലില്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.