എം.വി. ജയരാജന്‍ ഇന്നു കീഴടങ്ങും
എം.വി. ജയരാജന്‍  ഇന്നു കീഴടങ്ങും
Monday, February 2, 2015 1:14 AM IST
കണ്ണൂര്‍: ഹൈക്കോടതി ജഡ്ജിക്കെതിരേ ശുംഭന്‍ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സുപ്രീംകോടതി നാലാഴ്ചത്തെ തടവിനു ശിക്ഷിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ ഇന്നു ജയിലിലേക്ക്. ഇതിന്റെ ഭാഗമായി ഇന്നു ഹൈക്കോടതിയില്‍ കീഴടങ്ങും. ഇതിനായി ഇന്നലെ രാത്രി കണ്ണൂരില്‍നിന്നു മലബാര്‍ എക്സ്പ്രസില്‍ അദ്ദേഹം എറണാകുളത്തേക്കു തിരിച്ചു.

ശിക്ഷ വിധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് ശനിയാഴ്ച ഹൈക്കോടതിയില്‍ ലഭിച്ച സാഹചര്യത്തിലാണ് ഇന്നു ഹൈക്കോടതി രജിസ്ട്രാര്‍ മുമ്പാകെ കീഴടങ്ങുന്നതിനായി പുറപ്പെടുന്നതെന്ന് എം.വി. ജയരാജന്‍ പറഞ്ഞു. ഇന്നലെ പരിയാരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ അഭാവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാന്റെ താത്കാലിക ചുമതല ഇന്നലെ മുതല്‍ വൈസ് ചെയര്‍മാന്‍ ശേഖരന്‍ മിനിയോടനു കൈമാറിയതായും ജയരാജന്‍ അറിയിച്ചു.


ഹൈക്കോടതി രജിസ്ട്രാര്‍ ആണു ജയരാജനെ ഏതു ജയിലിലേക്കാണ് അയയ്ക്കേണ്ടതെന്നു തീരുമാനിക്കുക. ഹൈക്കോടതി നേരത്തെ ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ഒന്‍പതു ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നതിനാല്‍ അതു കുറച്ച് 21 ദിവസമാണു ജയരാജന് ഇനി ജയിലില്‍ കഴിയേണ്ടിവരിക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.