ലാലിസം വന്‍വിവാദത്തില്‍
ലാലിസം വന്‍വിവാദത്തില്‍
Monday, February 2, 2015 1:11 AM IST
തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനസമ്മേളനത്തോടനുബന്ധിടച്ച് അവതരിപ്പിച്ച ലാലിസം ഇന്ത്യ സിംഗിംഗ് എന്ന സംഗീത പരിപാടി വിവാദത്തില്‍. ഹരിഹരന്‍, ഉദിത് നാരായണന്‍, അല്‍ക്കയാഗ്നിക്, എംജി ശ്രീകുമാര്‍, സുജാത തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയില്‍ നേരത്തെ റിക്കാര്‍ഡ് ചെയ്ത പാട്ടുകള്‍ ഇട്ട് ഗായകരെ അഭിനയിപ്പിക്കുകയായിരുന്നു എന്നാണു പരിപാടിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം.

രണ്ടുകോടി രൂപ പ്രതിഫലം വാങ്ങി ഒരുക്കിയ പരിപാടിയില്‍ ഗായകര്‍ക്ക് യാതൊരു റോളും ഉണ്ടായിരുന്നില്ലെന്നും ലൈവ് പെര്‍ഫോമെന്‍സ് എന്നു പറഞ്ഞു റിക്കാര്‍ഡ് ചെയ്ത പരിപാടി അവതരിപ്പിച്ച് കാണികളെ കബളിപ്പിച്ചു എന്നുമുള്ള ആരോപണവുമായി സിനിമമേഖലയില്‍ നിന്നുള്ള പലരും രംഗത്തെത്തി.

ലാലിസം വെറും അധരവ്യായാമം മാത്രമായിരുന്നുവെന്ന് ഗായകന്‍ ശ്രീറാം ആരോപിച്ചു. ഇന്ത്യന്‍ സംഗീതത്തിലെ എക്കാലത്തെയും പ്രതിഭകളായ ഹരിഹരന്‍, ഉദിത് നാരായമന്‍, അല്‍ക്കായാഗ്നിക് എന്നീ പ്രതിഭകള്‍ അവതരിപ്പിച്ച പാട്ടുകളെയാണ് ശ്രീറാം പരിഹസിച്ചത്.

സംവിധായകന്‍ വിനയനും ലാലിസത്തിനെതിരേ രംഗത്തു വന്നു. രണ്ടുകോടി രൂപ നല്‍കി നിലവാരമില്ലാത്ത പരിപാടിയാണ് മന്ത്രി തിരുവഞ്ചൂര്‍ നടത്തിയതെന്നായിരുന്നു വിനയന്റെ കമന്റ്. പബ്ളിസിറ്റിക്കു വേണ്ടി സംഘടിപ്പിച്ച ഈ പരിപാടിക്ക് സര്‍ക്കാര്‍ രണ്ട് കോടി ചെലവാക്കിയത് എന്തു മാനദണ്ഡത്തിലായിരുന്നുവെന്ന് മനസിലാകുന്നില്ലെന്നും ദേശീയ ശ്രദ്ധ നേടുന്ന ഇത്തരമൊരു വേദിയില്‍ ഇത്ര നിലവാരം കുറഞ്ഞ ഒരു പരിപാടി അവതരിപ്പിക്കാന്‍ അവസരം കൊടുത്തതു വഴി മന്ത്രിക്കു കിട്ടിയ ഗുണമെന്താണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും വിനയന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.


ലാലിസത്തിനും വാര്‍ക്രൈ എന്ന പരിപാടിയുടെയും അവതരണത്തിന് രണ്ടുകോടി രൂപ നല്‍കിയെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ വിനയന്‍ ഇതിനെതിരായി രംഗത്തു വന്നിരുന്നു. പരിപാടി പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താതെ വന്നതോടെ വിനയന്റെ അഭിപ്രായത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. ഇതിനു പുറമെ ഡയലോഗകളുടെ പാരഡി പോസ്റു ചെയ്ത് ലാലിസത്തെ കണക്കറ്റ് പരിഹസിക്കുകയുമാണ് ഓണ്‍ലൈന്‍ യുവത്വം.

പല കോണുകളില്‍ നിന്നും ലാലിസത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ലാലിസം പിരിച്ചുവിട്ടു എന്ന് ആരോ ഫേസ്ബുക്കില്‍ കുറിച്ചു. മണിക്കൂറുകളോളം ഓണ്‍ലൈന്‍ ലോകത്ത് ഇതു ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ബാന്‍ഡ് വക്താവ് രതീഷ് വേഗ മറുപടിയുമായി എത്തി. സമയക്കുറവു കൊണ്ട് വേണ്ട രംഗ സജീകരണം ചെയ്യാനായില്ല എന്നും സംഘാടനത്തിലെ പിഴവുമാണു പരിപാടിയില്‍ പിശകുകള്‍ സംഭവിക്കാനിടയായതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, റിക്കാര്‍ഡ് ചെയ്ത പാട്ട് അവതരിപ്പിച്ചു എന്ന ആരോപണത്തോട് അദ്ദേഹം പ്രതികരിക്കാന്‍ തയാറായിട്ടില്ല. ബാന്‍ഡ് പിരിച്ചുവിട്ടിട്ടില്ല. ഉടന്‍ തന്നെ മികച്ച പരിപാടിയുമായി രംഗത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.