ദേശീയപാതയില്‍ രണ്ടു വാഹനാപകടങ്ങളിലായി നാലുപേര്‍ മരിച്ചു
ദേശീയപാതയില്‍ രണ്ടു വാഹനാപകടങ്ങളിലായി നാലുപേര്‍ മരിച്ചു
Monday, February 2, 2015 1:28 AM IST
തേഞ്ഞിപ്പലം: ദേശീയപാതയിലെ രണ്ടു വാഹനാപകടങ്ങളില്‍ ബൈക്കു യാത്രക്കാരായ രണ്ടു യുവാക്കളും ദമ്പതികളുമടക്കം നാലു പേര്‍ മരിച്ചു. ഇടിമൂഴിക്കലിനും രാമനാട്ടുകരക്കും ഇടയില്‍ നടന്ന അപകടത്തിലാണ് ദമ്പതികള്‍ മരിച്ചത്. ബൈക്കില്‍ ദമ്പതികളോടൊപ്പമുണ്ടായിരുന്ന മൂന്നു വയസുകാരിയായ മകള്‍ നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാലിക്കട്ട് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സിലെ ഗസ്റ് അധ്യാപിക ഫസീല (26) യും ഭര്‍ത്താവ് കാലിക്കട്ട് യൂണിവേഴ്സിറ്റി ചെനക്കല്‍ പെരിങ്കടക്കാട്ട് പുതിയപറമ്പ് മമ്മതിന്റേയും കദീജയുടേയും മകന്‍ നിഷാദു(31) മാണ് മരിച്ചത്.

നിഷാദ് ഓടിച്ചു വന്ന ബൈക്ക് ദേശീയപാതയില്‍ ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാവാതെയുള്ള ഭാഗത്ത് എത്തിയപ്പോള്‍ അപകടത്തില്‍ പെടാതെ പെട്ടെന്ന് നിറുത്താന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെ അമിത വേഗതയില്‍ വന്ന ലോറി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്്സാക്ഷികള്‍ പറഞ്ഞു. ഇന്നലെ രാവിലെ 10.30നാണ് ദാരുണമായ സംഭവം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ നിഷാദിന്റേയും ഫസീലയുടേയും ദേഹത്തുകൂടി എതിരെ വന്ന കെഎസ്ആര്‍ടിസി ബസു കയറുകയായിരുന്നു. മകള്‍ മൂന്നു വയസുകാരി അമറിന്‍ എഹ്സാന്‍ ഇടതു വശത്തേക്കു തെറിച്ചുവീണതിനാല്‍ അത്ഭുതകരമായി രക്ഷപെട്ടു. നിഷാദും സഹ്ലയും തല്‍ക്ഷണം മരിച്ചു. ദേശീയപാതയില്‍ ഇടിമൂഴിക്കല്‍ ഭാഗത്ത് ടാറിംഗ് പ്രവൃത്തി പൂര്‍ത്തിയാക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്മാര്‍ട്ട് ക്ളാസ് റൂമിന് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ മാനേജരാണ് നിഷാദ്. കൊയിലാണ്ടിയില്‍ ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോവുകയായിരുന്നു മരണപ്പെട്ട നിഷാദും കുടുംബവും. സഹോദരങ്ങള്‍: ജിഷാദ് (സൌദി), നിഷാദ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നെടുങ്ങോട്ടുമാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ ഇന്ന് രാവിലെ പത്തിന് കബറടക്കും.


ദേശീയപാത വെളിമുക്കിന് സമീപം കാറും ബൈക്കുകളും കൂട്ടിയിടിച്ച് സുഹൃത്തുക്കള്‍ മരിച്ചു. ചേളാരി ചെനക്കലങ്ങാടിയിലെ മണക്കടവന്‍ സൈതലവിയുടെ മകന്‍ ഫാസിര്‍ (20), സുഹൃത്ത് നമ്പ്രങ്ങോട് കുഞ്ഞിമൊയ്തീന്റെ മകന്‍ കൂരിത്തൊടി മുഹമ്മദ് റാസിക് (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് വെളിമുക്കിനും തലപ്പാറക്കുമിടയില്‍ മദ്രസക്ക് സമീപത്ത് വച്ചാണ് അപകടം. മൂന്ന് ബൈക്കുകളും കാറുമാണ് അപകടത്തല്‍ പെട്ടത്. പരിക്കേറ്റ രണ്ട് പേരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുമ്പിലുള്ള രണ്ട് ബൈക്കുകള്‍ അപകടത്തില്‍ പെട്ട് വീണപ്പോള്‍ വെട്ടിച്ചതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച ബൈക്ക് കാറിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്നിയൂര്‍ ആലിന്‍ചുവട്ടിലുള്ള വിവാഹത്തിന് ബൈക്കില്‍ പോകുകയായിരുന്നു ഫാസിറും റാസികും. ചെമ്മാട് ഭാഗത്തു നിന്നും പടിക്കലേക്ക് പോകുകയായിരുന്ന കാറിലാണ് ഇടിച്ചത്. ഇടിയെ തുടര്‍ന്ന് ബൈക്ക് തകര്‍ന്നു. റാസിക് തല്‍ക്ഷണം മരിച്ചിരുന്നു. ഫാസിറിനെ താലൂക്കാശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്മോര്‍ട്ടത്തിന് ശേഷം ചെനക്കലങ്ങാടി പടിഞ്ഞാറെതല ജുമാമസ്ജിദില്‍ കബറടക്കി. അപകടത്തില്‍ പരിക്കേറ്റ പൂകയര്‍ കാവുങ്ങല്‍ യൂസുഫ്, സഹോദരന്റെ മൂന്നു വയസുള്ള മകന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഫാസിര്‍ തേഞ്ഞിപ്പലം ചെനക്കല്‍ കോ-ഓപ്പറേറ്റീവ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയാണ്. ഇരുവരും ചേളാരിയിലെ കടകളില്‍ പാര്‍ട്ട് ടൈം ജോലിക്കാരുമാണ്. സഫിയയാണ് ഫാസിറിന്റെ മാതാവ്. പിതാവ് സൈതലവി മസ്കറ്റിലാണ്. സഹോദരങ്ങള്‍ഃ സിനാന്‍, ഷാനിദ്, സഫീറ. ഫാത്തിമയാണ് റാസികിന്റെ മാതാവ്. മുഹമ്മദ് റഫീഖ് (ദുബായ്), മുഹമ്മദ് റാഷിദ്, റാഹിബ എന്നിവരാണ് സഹോദരങ്ങള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.