19-ാം നൂറ്റാണ്ടിനെ ഉണര്‍ത്തിയത് മിഷനറിമാര്‍: ബിഷപ് റവ. തോമസ് കെ. ഉമ്മന്‍
19-ാം നൂറ്റാണ്ടിനെ ഉണര്‍ത്തിയത് മിഷനറിമാര്‍: ബിഷപ് റവ. തോമസ് കെ. ഉമ്മന്‍
Monday, February 2, 2015 1:25 AM IST
കോട്ടയം: 19-ാം നൂറ്റാണ്ടിന്റെ പ്രഭാതം മിഷനറിമാരാല്‍ ഉണര്‍ത്തപ്പെട്ടുവെന്നു സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് റവ. തോമസ് കെ. ഉമ്മന്‍. സിഎസ്ഐ മധ്യകേരള മഹായിടവകദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടിമത്വത്തിനും ജാതിവ്യവസ്ഥയ്ക്കും അറുതിവരുത്തുകയും അന്ധകാരത്തില്‍നിന്നും അനാചാരത്തില്‍നിന്നും ഒരു ജനസമൂഹത്തെ രക്ഷിച്ച് പൊള്ളയായ ആത്മീയതയില്‍നിന്നു പുത്തന്‍ ആത്മീയസംസ്കാരത്തെ ഉണര്‍ത്തിയത് ക്രൈസ്തവ മിഷനറിമാരുടെ സംഭാവനകളായിരുന്നു. നിറംകൊണ്ടും വര്‍ഗംകൊണ്ടും വേര്‍തിരിക്കപ്പെട്ടവരെ അക്ഷരം പഠിപ്പിച്ചും വഴിനടക്കാനും അമ്പലത്തില്‍ കയറാനും അവസരം നേടിക്കൊടുത്തത് പുത്തന്‍ സംഹിതകളല്ല, കര്‍ത്താവിന്റെ സുവിശേഷമാണ് - ബിഷപ് പറഞ്ഞു.

മെല്‍ബണ്‍ ആംഗ്ളിക്കന്‍ ആര്‍ച്ച് ബിഷപ് ഫിലിപ്പ് ഫ്രെയര്‍, സിഎംഎസ് ഏഷ്യാ സെക്രട്ടറി കാജ്സന്‍ ടാജ്, സിഎസ്ഐ ജനറല്‍ സെക്രട്ടറി റവ. ഡോ. ദാനിയേല്‍ രത്നാകര സദാനന്ദ, മഹായിടവക വൈദിക സെക്രട്ടറി റവ. ഡോ. ഉമ്മന്‍ ജോര്‍ജ്, അത്മായ സെക്രട്ടറി അഡ്വ. സ്റീഫന്‍ ജെ. ദാനിയേല്‍, ട്രഷറര്‍ റവ. ഡോ. സാബു കെ. ചെറിയാന്‍, രജിസ്ട്രാര്‍ ഡോ. സൈമണ്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. മഹായിടവക ദ്വിശതാബ്ദി വിവാഹസഹായനിധിയും ജ്ഞാനനിക്ഷേപം അവാര്‍ഡ് വിതരണവും നടന്നു. ബിഷപ് ജേക്കബ് മെമ്മോറിയല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് ഷാര്‍ജ ഇടവക നല്കിയ ആംബുലന്‍സ് സമ്മേളനത്തില്‍ ഏറ്റുവാങ്ങി. വൈകുന്നേരം നടന്ന സമാപന പൊതുയോഗത്തില്‍ റവ. ഡോ. വത്സന്‍ തമ്പു വചനസന്ദേശം നല്കി. രാവിലെ ബേക്കര്‍ മൈതാനത്ത് നടന്ന പൊതു ആരാധനയിലും വിശുദ്ധ കുര്‍ബാനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.