ലോട്ടറി ബന്ദും മാര്‍ച്ചും ഇന്ന്
ലോട്ടറി ബന്ദും മാര്‍ച്ചും ഇന്ന്
Monday, February 2, 2015 1:24 AM IST
കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ചു ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നു സംസ്ഥാന വ്യാപകമായി ലോട്ടറി ബന്ദും സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകള്‍ എന്നിവിടങ്ങളിലേക്കു മാര്‍ച്ചും നടത്തുമെന്നു സമിതി കണ്‍വീനര്‍ എം.വി. ജയരാജന്‍ പറഞ്ഞു. സേവനനികുതി പിന്‍വലിക്കുക, സമ്മാനഘടന പരിഷ്കരിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

ഇന്നു നറുക്കെടുക്കുന്ന വിന്‍വിന്‍ ലോട്ടറിയുടെ 56 ലക്ഷം ടിക്കറ്റില്‍ എട്ടു ശതമാനം മാത്രമാണ് ഏജന്റുമാരുടെ പ്രതിഷേധം കാരണം സര്‍ക്കാരിന് ഇതുവരെ വിറ്റഴിക്കാനായത്. എട്ടു മാസം മുമ്പു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതിനാലാണു സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, കെടിയുസി (എം), കെഎല്‍വിഎസ്ഒ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ലോട്ടറിത്തൊഴിലാളികള്‍ സംയുക്തമായി പണിമുടക്കി മാര്‍ച്ച് നടത്തുന്നതെന്നും ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.


ഇന്നു സമരം പ്രഖ്യാപിച്ചിട്ടും നാലിനാണു ചര്‍ച്ചയ്ക്കു വിളിച്ചത്. സമ്മാനഘടന പരിഷ്കരിക്കാതെ ഏജന്റുമാരെയും വില്പനക്കാരെയും ടിക്കറ്റ് വാങ്ങുന്ന ഉപഭോക്താക്കളെയും കബളിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണം. 300 ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാരെയടക്കം സേവനനികുതിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു നിവേദനം നല്‍കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. വ്യാജ ലോട്ടറിയും ലോട്ടറി മേഖലയുമായി ബന്ധപ്പെട്ട മറ്റ് അഴിമതികളും തടയുന്നതിനു ലോട്ടറി വകുപ്പില്‍ വിജിലന്‍സ് വിംഗ് ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.