പരിയാരം മെഡിക്കല്‍ കോളജില്‍ ഇനി കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും
Monday, February 2, 2015 1:23 AM IST
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. മയ്യില്‍ സ്വദേശിയും ചെത്ത് തൊഴിലാളിയുമായ കണ്ടത്തില്‍ പ്രേമരാജനാ (47) ണ് കഴിഞ്ഞ 21ന് പരിയാരത്ത് കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ഉത്തരമലബാറില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ നടത്തുന്നതെന്നു ചെയര്‍മാന്‍ എം.വി. ജയരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മസ്തിഷ്കമരണം സംഭവിച്ച ഇടുക്കിയിലെ ബേബി ദാനമായി നല്കിയ കരളാണു പ്രേമരാജനു വച്ചു പിടിപ്പിച്ചത്. അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കു പത്തുമണിക്കൂര്‍ സമയമെടുത്തു. രോഗി സുഖം പ്രാപിച്ചുവരികയാണ്.

പത്തുവര്‍ഷം മുമ്പാണു പ്രേമരാജന് കരള്‍ സംബന്ധമായ അസുഖം പിടിപെട്ടത്. ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രേമരാജന്‍ മൂന്നുവര്‍ഷമെങ്കിലും തുടര്‍ച്ചയായി മരുന്നു കഴിക്കേണ്ടി വരും. സ്വകാര്യ ആശുപത്രിയില്‍ 50 ലക്ഷത്തോളം രൂപ ചെലവു വരുന്ന ശസ്ത്രക്രിയയ്ക്കു പരിയാരം മെഡിക്കല്‍ കോളജില്‍ ചെലവായത് ഏകദേശം അഞ്ചുലക്ഷത്തോളം രൂപ മാത്രമാണ്. പാവപ്പെട്ട രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ചികിത്സാ പാക്കേജ് ഉടന്‍ തീരുമാനിക്കുമെന്നും ജയരാജന്‍ പറഞ്ഞു.


2003ലാണ് കേരളത്തില്‍ കരള്‍മാറ്റ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്. ഇതിനകം മുന്നൂറോളം ശസ്ത്രക്രിയകള്‍ നടന്നു. സ്വകാര്യ ആശുപത്രികളില്‍ മാത്രമാണു നിലവില്‍ ഇതിനുള്ള സംവിധാനമുള്ളത്. സഹകരണ സ്ഥാപനത്തില്‍ ഇത് ആദ്യമായാണു ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ളാന്റ് യൂണിറ്റ് പരിയാരത്ത് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സങ്കീര്‍ണവും വളരെയേറെ വൈദഗ്ധ്യവും ആവശ്യമുള്ള കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു കാര്‍ഡിയാക് തൊറാസിക് സര്‍ജറി വിഭാഗത്തിലേയും അനസ്തേഷ്യാ വിഭാഗത്തിലേയും ഡോക്ടര്‍മാരായ ഡോ.ബൈജു കുണ്ടില്‍, ഡോ.കെ.ജി. സാബു, ഡോ.സമേഷ് പദ്മന്‍, ഡോ.സുപ്രിയ രഞ്ജിത്ത്, ഡോ.കെ. മണിവര്‍ണന്‍, ഡോ.റൂബി സഹീര്‍, ഡോ. അഭിലാഷ് സരസ്, ഡോ.പ്രസാദ് സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പത്രസമ്മേളനത്തില്‍ ശേഖരന്‍ മിനിയോടന്‍, എം.പി. സരള, ഗൌരി നമ്പ്യാര്‍ തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.