ഫ്രാന്‍സിസ് കോടങ്കണ്ടത്തിന്റെയും പത്നിയുടെയും ചിത്രപ്രദര്‍ശനം ന്യൂഡല്‍ഹിയില്‍ ഇന്ന്
Monday, February 2, 2015 1:18 AM IST
തൃശൂര്‍: പ്രശസ്ത ചിത്രകാരനായ ഫ്രാന്‍സിസ് കോടങ്കണ്ടത്തും പത്നി ഷെര്‍ളി ജോസഫ് ചാലിശേരിയും ചേര്‍ന്നു വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം ന്യൂഡല്‍ഹിയില്‍ ഇന്നാംഭിക്കും. ഫരീദാബാദിലെ നേസന്‍ ആര്‍ട്ട് ഗാലറിയില്‍ മൂന്നിനു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉദ്ഘാടനംചെയ്യും. ചടങ്ങില്‍ പ്രശസ്ത ഹിന്ദി ചലച്ചിത്രതാരങ്ങളും സാംസ്കാരിക നായകരും പങ്കെടുക്കും.

കടലാസു തോണി ഉണ്ടാക്കാനുള്ള പേറ്റന്റിനുള്ള അപേക്ഷ എന്നു പ്രമേയമാക്കിയുള്ള 12 ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്ളത്. ചുമര്‍ചിത്രകാരിയായ ഷെര്‍ളി തയാറാക്കിയ കാന്‍വാസിലാണു കസ്റംസ് സൂപ്രണ്ട് കൂടിയായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. പ്രദര്‍ശനം ഏഴിനു സമാപിക്കും.

കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിനെ ആധാരമാക്കിയുള്ള ചിത്രരചന നടത്തിക്കൊണ്ടിരിക്കുകയാണു ഫ്രാന്‍സിസ് കോടങ്കണ്ടത്ത്. ഇന്ത്യ-സിംബാബ്വേ ക്രിക്കറ്റ് മത്സരവും ലോകകപ്പ് ഫുട്ബോളും ചിത്രരചനയിലൂടെ അനശ്വരമാക്കിയ കലാകാരനാണ് ഇദ്ദേഹം. ദേശീയ ഗെയിംസ് ചിത്രം സമാപന ദിവസം പ്രകാശനം ചെയ്യിക്കാനാണു പരിപാടി.


ഫ്രാന്‍സിസിന്റെ ചിത്രപരമ്പരയെ ആധാരമാക്കിയുള്ള കഥകളി ഏപ്രില്‍ ഒന്നിനു തൃശൂരില്‍ അവതരിപ്പിക്കും. ബൈബിളിലെ തിരുവത്താഴം പ്രമേയമാക്കിയുള്ള ചിത്രങ്ങളുടെ കഥകളിയാണു ഡാവിഞ്ചികോഡ് എന്നപേരില്‍ കലാമണ്ഡലത്തിലെ കലാകാരന്മാര്‍ കഥകളി ശില്പമായി അവതരിപ്പിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ഐക്യരാഷ്ട്രസഭയുടെയും പുരസ്കാരങ്ങള്‍ നേടിയ ഫ്രാന്‍സിസ് കോഴിക്കോട് കസ്റംസ് ഇന്റലിജന്റ്സ് വിഭാഗം സൂപ്രണ്ടാണ്. 263 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത ഇദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ 218 റിവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിയാണ്. സെന്റ് തോമസ് കോളജിലെ രസതന്ത്രം അധ്യാപകനായിരുന്ന പ്രഫ.കെ.എ. ആന്റണിയുടെ മകനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.