മുഖപ്രസംഗം: മയക്കുമരുന്നുകളില്‍നിന്നു യുവത്വത്തെ രക്ഷിക്കണം
Monday, February 2, 2015 1:10 AM IST
ലഹരിവസ്തുക്കളുടെ ഉപയോഗം കേരളത്തില്‍ വര്‍ധിച്ചുവരുന്നതായി പല പഠനങ്ങളും വ്യക്തമാക്കുന്നു. ലഹരിവസ്തുക്കളും അവയുടെ ഉപഭോഗവും എല്ലാക്കാലത്തും സമൂഹത്തില്‍ ഉണ്ടായിരുന്നുവെന്നു പറഞ്ഞ് ഇതിനെ നിസാരവത്കരിക്കാന്‍ നമുക്കാവില്ല. കേരളത്തില്‍ മയക്കുമരുന്നുപയോഗം അപകടകരമായൊരു ഘട്ടത്തിലേക്കാണു പോകുന്നതെന്നു കാട്ടുന്നവയാണ് അടുത്തകാലത്തു മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്ന വാര്‍ത്തകള്‍. മദ്യത്തിനെതിരേ ശക്തമായ നീക്കങ്ങള്‍ സമൂഹം സ്വീകരിക്കുന്നുണ്െടങ്കിലും അത്യപകടകരമായ മയക്കുമരുന്നുപയോഗത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാകുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ടു രജിസ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണു സമീപകാലത്തു രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ മയക്കുമരുന്നു വ്യാപാരവും ഉപയോഗവും വര്‍ധിച്ചുവരുന്നുവെന്നതിന്റെ തെളിവാണിത്. കഞ്ചാവുചെടി കേരളത്തില്‍ ചിലയിടത്തു കൃഷി ചെയ്യുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍നിന്നു കഞ്ചാവും മറ്റു മയക്കുമരുന്നുകളും കൊണ്ടുവരുന്നുമുണ്ട്. കേരളത്തിലേക്കു വന്‍തോതില്‍ മയക്കുമരുന്നു കടത്തുന്ന സംഘത്തിന്റെ തലവനെ 45 കിലോഗ്രാം കഞ്ചാവുമായി ഏതാനും ദിവസം മുമ്പു പെരിന്തല്‍മണ്ണ പോലീസ് അറസ്റ് ചെയ്തു. കിലോഗ്രാമിന് ഒരു കോടിയും അതിലേറെയും രൂപ വില വരുന്ന ചരസും കൊക്കെയ്നുമൊക്കെ കേരളത്തില്‍ സുലഭമാണെന്നും കേള്‍ക്കുന്നു. അന്താരാഷ്ട്ര ലഹരിമരുന്നു മാഫിയയ്ക്കു കേരളത്തിലും വേരുകളുള്ളതായി ആഭ്യന്തരമന്ത്രിയും പറയുന്നു.

കൊക്കെയ്ന്‍ കൈവശം വച്ചതിനു കൊച്ചിയില്‍ ഇക്കഴിഞ്ഞ ദിവസം ഒരു ന്യൂ ജനറേഷന്‍ സിനിമാ നടനും സഹസംവിധായികയും ഏതാനും മോഡല്‍ ഗേള്‍സും അറസ്റിലായ സംഭവം കേരളത്തില്‍ മയക്കുമരുന്നിന്റെ സ്വാധീനം നിസാരമല്ലെന്നു വ്യക്തമാക്കുന്നു. ഇതിന്റെ പേരില്‍ സിനിമാലോകത്തെയോ ന്യൂ ജനറേഷന്‍ സിനിമക്കാരെയോ അടച്ചാക്ഷേപിക്കുന്നതില്‍ അര്‍ഥമില്ല. ഗൌരവത്തോടെ സിനിമയെ കാണുന്ന, ലഹരിവസ്തുക്കള്‍ക്കെതിരേ പ്രഖ്യാപിത നിലപാടുള്ള നിരവധി നടന്മാരും സംവിധായകരും മറ്റു കലാകാരന്മാരുമുള്ള മേഖലയാണു മലയാള സിനിമ.

മയക്കുമരുന്നുപയോഗിക്കുന്നവര്‍ മറ്റുള്ളവരിലേക്കും ആ ശീലം പകര്‍ത്താനിടയുണ്ട്. അതുണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ന്യൂ ജനറേഷന്‍ സിനിമാ പ്രവര്‍ത്തകരുടെ ഇടയിലുള്ള മയക്കുമരുന്നുപയോഗത്തെക്കുറിച്ചു സിനിമാരംഗത്തെ ചില പ്രമുഖര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമ യുവതലമുറയെ ഏറെ സ്വാധീനിക്കുന്ന മാധ്യമമായതിനാലും താരങ്ങള്‍ക്കു സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നതിനാലും ഈ മേഖലയിലുണ്ടാകുന്ന അപചയം സമൂഹത്തെ കൂടുതല്‍ ദോഷകരമായി ബാധിക്കും.

മയക്കുമരുന്ന് ഇടപാടുമായി പ്രമുഖര്‍ക്കു ബന്ധമുണ്െടന്നു സംശയമുയര്‍ന്നിട്ടുണ്ട്. അതു സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ്. ഏതായാലും ഇത്തരം അന്വേഷണങ്ങളെല്ലാം ഒരു ഘട്ടം കഴിയുമ്പോള്‍ മിക്കവരും വിസ്മരിക്കും. കേസ് അതിന്റെ വഴിക്കു പോകും. പ്രതികള്‍ക്കു ചിലപ്പോള്‍ ചെറിയ ശിക്ഷ കിട്ടിയെങ്കിലായി. സുഗമമായും വിപുലമായും മയക്കുമരുന്നു വസ്തുക്കള്‍ കടത്തിക്കൊണ്ടുവരാനും വിറ്റഴിക്കാനും ചിലര്‍ക്കു സാധിക്കുന്നത് അവര്‍ക്ക് ഉന്നതങ്ങളില്‍ സ്വാധീനമുള്ളതുകൊണ്ടാണ്. കുറ്റവാളികള്‍ പിടിക്കപ്പെടാതെയും പിടിക്കപ്പെട്ടാലും കാര്യമായി ശിക്ഷിക്കപ്പെടാതെയുമിരുന്നാല്‍ അത് ഈ വസ്തുക്കളുടെ വ്യാപാരത്തിനു പ്രോത്സാഹനമാകും.


വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തു പുകയില ഉത്പന്നങ്ങളുടെ വില്പനയ്ക്കു നിരോധനമുണ്ട്. എന്നാല്‍, അവിടെപ്പോലും കാര്യമായ പരിശോധന നടക്കുന്നില്ല. ചെറിയ ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ കുട്ടികളെ ശീലിപ്പിച്ച് ക്രമേണ അവരെ അവയ്ക്ക് അടിമകളാക്കി മാറ്റുകയാണു മയക്കുമരുന്നു കച്ചവടക്കാര്‍ ചെയ്യാറുള്ളത്. മാടക്കടകളും പട്ടണങ്ങളിലെ പ്രധാന സ്ഥലങ്ങളും കേന്ദ്രീകരിച്ചു പ്രവത്തിക്കുന്ന ചെറുകിട മയക്കുമരുന്നു സംഘങ്ങളെപ്പോലും പിടികൂടി തുരത്താന്‍ സര്‍ക്കാരിനു സാധിക്കുന്നില്ലെങ്കില്‍ മയക്കുമരുന്നിന്റെ വലിയ വലകളുമായി വിഹരിക്കുന്ന അന്താരാഷ്ട്ര മാഫിയാ സംഘങ്ങളെ എങ്ങനെ അമര്‍ച്ച ചെയ്യാനാവും?

കേരളത്തിലെ വിമാനത്താവളങ്ങളില്‍ത്തന്നെ എത്രമാത്രം മയക്കുമരുന്നാണ് അടുത്തകാലത്തു പിടികൂടിയിട്ടുള്ളത്. പിടിക്കപ്പെടാതെ പോകുന്നവ എത്രയെന്ന് ഊഹിക്കാനേ നിവൃത്തിയുള്ളൂ. സന്ദര്‍ശകവിസയില്‍ കേരളത്തിലെത്തിയ സിംബാബ്വേ സ്വദേശിനിയില്‍നിന്നു രാജ്യാന്തര വിപണിയില്‍ 30 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കൊച്ചി വിമാനത്താവളത്തില്‍ കസ്റംസുകാര്‍ പിടികൂടിയതു കഴിഞ്ഞ ഡിസംബറിലാണ്. ആ സംഭവത്തിനു തൊട്ടുമുമ്പാണു കുവൈറ്റിലേക്കു കടത്താന്‍ ഡല്‍ഹിയില്‍നിന്നു കൊണ്ടുവന്ന പത്തുകോടി രൂപ വിലമതിക്കുന്ന ആറു കിലോഗ്രാം ഹെറോയിന്‍ കേരളത്തില്‍വച്ചു പിടികൂടിയത്. ആറു മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം അറസ്റിലുമായി. സ്ത്രീകളെയും ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ മയക്കുമരുന്നു സംഘങ്ങള്‍ ബിസിനസ് നടത്തുന്നത്.

ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെടുന്നവര്‍ കൂടുതല്‍ ലഹരിയുള്ളവയ്ക്കുവേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയുണ്ട്. അവര്‍ ചില കൂട്ടായ്മകളും ഉണ്ടാക്കുന്നു. ഇത്തരം കൂട്ടായ്മകള്‍ക്കു നവമാധ്യമങ്ങളെയും ഉപയോഗിക്കുന്നു. മയക്കുമരുന്ന് ഒരു വിഷാഗ്നിയാണ്. അതിലേക്കു നമ്മുടെ യുവതലമുറയെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അഗ്നിയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഈയലുകളെപ്പോലെ കരിഞ്ഞുവീഴുന്നതിനുമുമ്പു നമ്മുടെ യുവജനങ്ങളെ ഏതുവിധേനയും രക്ഷപ്പെടുത്തേണ്ടിയിരിക്കുന്നു. അര്‍ഥരഹിതമായ ചര്‍ച്ചകളിലൂടെയും വിവാദങ്ങളിലൂടെയും സമയംപോക്കുന്ന സാംസ്കാരിക, ബൌദ്ധിക സമൂഹവും മാധ്യമങ്ങളും ഇനിയെങ്കിലും ഇക്കാര്യത്തില്‍ കണ്ണുതുറന്നെങ്കില്‍!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.