എംപിയാകാന്‍ ആത്മവിശ്വാസം പകര്‍ന്നതു സ്കൂള്‍ കാലത്തെ തട്ടിപ്പുകളെന്ന് ഇന്നസെന്റ്
എംപിയാകാന്‍ ആത്മവിശ്വാസം പകര്‍ന്നതു സ്കൂള്‍ കാലത്തെ തട്ടിപ്പുകളെന്ന്  ഇന്നസെന്റ്
Monday, February 2, 2015 11:04 PM IST
കൊച്ചി: സ്കൂള്‍ വിദ്യാഭ്യാസകാലത്തു താന്‍ കാണിച്ചിട്ടുള്ള തട്ടിപ്പുകളാണു തനിക്ക് എംപിയാകാനുള്ള ആത്മവിശ്വാസം നല്‍കിയതെന്ന ഇന്നസെന്റ് എംപി. ക്ളാസ് ടീച്ചര്‍ കറന്റ് ബില്ല് അടയ്ക്കാനും പേപ്പര്‍ വാങ്ങാനും തന്ന അഞ്ചു രൂപയില്‍നിന്ന് 25 പൈസ വീതം അടിച്ചുമാറ്റിയാണു ഞാന്‍ തട്ടിപ്പുകാരനായത്. എംപിയായാല്‍ ആരെങ്കിലുമൊക്കൊ പൈസ കൊണ്ടുതരും എന്നാണു ഞാന്‍ വിചാരിച്ചിരുന്നത്. എട്ടു മാസമായിട്ടും ആരും തന്നെ കാണാന്‍ വന്നിട്ടില്ല. ഇനി ആരെങ്കിലും പൈസ തന്നാലും താന്‍ ആരോടും പറയില്ലെന്നും ഇന്നസെന്റ് തമാശരൂപേണ പറഞ്ഞപ്പോള്‍ രോഗത്തിന്റെ വേദനകള്‍ മറന്നു സദസ് പൊട്ടിച്ചിരിച്ചു. കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച കാന്‍സര്‍രോഗബാധിതരുടെയും രോഗം ഭേദമായവരുടെയും ഒത്തുചേരലിലാണ് ഇന്നസെന്റ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ചലച്ചിത്രതാരങ്ങളായ മുകേഷ്, സുരേഷ് കൃഷ്ണ, പിന്നണി ഗായകന്‍ റെജു ജോസഫ്, ഇന്നസെന്റിന്റെ ഭാര്യ ആലീസ്, അവതാരക ശ്രീലക്ഷ്മി, കീബോര്‍ഡ് പ്ളേയര്‍ കണ്ണന്‍, ഡോ.വി.പി ഗംഗാധരന്‍, ഡോ. ചിത്രതാര, മഞ്ജുവാര്യരുടെ മാതാപിതാക്കള്‍ എന്നിവരും സംഗമത്തിനെത്തിയിരുന്നു.


കാന്‍സര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകരായ പരമേശ്വരന്‍മാരെ ചടങ്ങില്‍ ആദരിച്ചു. കാന്‍സര്‍ രോഗബാധിതരുടെ കലാപരിപാടികളാണു സംഗമത്തിലെ ശ്രദ്ധേയമായ മറ്റൊരു പരിപാടി.

അന്താരാഷ്ട്ര കാന്‍സര്‍ ദിനമായ നാലിനു കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് വാക്കത്തോണ്‍ സംഘടിപ്പിക്കുമെന്നു സംഗമത്തിനു നേതൃത്വം നല്‍കിയ ഡോ.വി.പി.ഗംഗാധരന്‍ പറഞ്ഞു. 15ന് ടിസിഎസ് നടത്തുന്ന മാരത്തണില്‍ കൊച്ചി കാന്‍സര്‍ സൊസൈറ്റിയുടെ അംഗങ്ങള്‍ പങ്കെടുക്കും. കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ മാമോഗ്രാം യൂണിറ്റും ആര്‍ട്സ് ഗ്രൂപ്പും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.