പരുമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് പ്രഭാവര്‍മയ്ക്ക്
പരുമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് പ്രഭാവര്‍മയ്ക്ക്
Sunday, February 1, 2015 12:13 AM IST
തിരുവനന്തപുരം: പരുമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് കവി പ്രഭാ വര്‍മയ്ക്ക്. പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാര്‍ ഗ്രിഗോറിയോസ് സ്റ്റഡി ഫോറം ഏര്‍പ്പെടുത്തിയതാണു പുരസ്കാരം. 20,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സമഗ്ര സാഹിത്യസംഭാവനകള്‍ മുന്‍നിര്‍ത്തിയാണു പ്രഭാവര്‍മയ്ക്കു നല്‍കുന്നത്.

സണ്ണിക്കുട്ടി ഏബ്രഹാം ചെയര്‍മാനും കെ.വി. തോമസ്, ഡോ. ശുഭ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഫെബ്രുവരി നാലിന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരം ഓര്‍ത്തഡോക്സ് സ്റുഡന്റ്സ് സെന്ററില്‍ ചേരുന്ന യോഗത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മാനിക്കുമെന്നു പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ. ഗീവര്‍ഗീസ് മേക്കാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു.


അവാര്‍ഡ്ദാന ചടങ്ങില്‍ കുര്യാക്കോസ് മാര്‍ ക്ളീമിസ് അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് അധ്യക്ഷത വഹിക്കും. സുഗതകുമാരി പരുമല തിരുമേനി അനുസ്മരണ പ്രഭാഷണവും നടത്തും. കവി, ഗാനരചയിതാവ്, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ പ്രഭാവര്‍മയ്ക്കു വയലാര്‍ അവാര്‍ഡ്, ആശാന്‍ പുരസ്കാരം, കേരള സാഹിത്യഅക്കാദമി പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദേശാഭിമാനി തിരുവന്തപുരം യൂണിറ്റിലെ റസിഡന്റ് എഡിറ്ററാണു പ്രഭാവര്‍മ. പത്രസമ്മളനത്തില്‍ അവാര്‍ഡ് സമിതി സെക്രട്ടറി പ്രഫ.ഇ. ജേക്കബ് ജോണ്‍, ജനറല്‍ കണ്‍വീനര്‍ ബാബു പാറയില്‍, സ്റഡി ഫോറം സെക്രട്ടറി റെജി പാറപ്പുറത്ത് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.