കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വി.എസിനു വിചാരണ
കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വി.എസിനു വിചാരണ
Saturday, January 31, 2015 1:22 AM IST
കണ്ണൂര്‍: സ്വയംവിമര്‍ശനത്തിനൊ പ്പം വി.എസ്. അച്യുതാനന്ദനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്ന വേദികൂടിയായി സിപിഎം കണ്ണൂര്‍ ജില്ലാസമ്മേളനം. മയപ്പെടുത്തിയ രീതിയിലാണെങ്കിലും സംസ്ഥാന-ജില്ലാ നേതൃത്വത്തിനെതിരേയും പ്രതിനിധികളില്‍നിന്നു വിമര്‍ശനമുയര്‍ന്നു.

വി.എസിന്റെ നിലപാടുകള്‍ പാര്‍ട്ടിക്കു വലിയദോഷം ചെയ്തുവെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിനൃേത്വത്തിനു വിരുദ്ധമായുള്ള വി.എസിന്റെ നിലപാടു പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കിയെന്നു സമ്മേളനറിപ്പോര്‍ട്ടില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പു ദിവസം ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ വി.എസ് സന്ദര്‍ശനം നടത്തിയതു ക്ഷമിക്കാന്‍ പറ്റാത്ത തെറ്റാണെന്ന നിലയിലാണു പ്രതിനിധികളില്‍ ചിലര്‍ സംസാരിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ ബിജെപി വിട്ടു വന്നവരെ സിപിമ്മിലേക്കു സ്വീകരിച്ചതിനെതിരേ വി.എസ് സ്വീകരിച്ച നിലപാടും ചോദ്യംചെയ്യപ്പെട്ടു. പാര്‍ട്ടിനേതൃത്വത്തിന്റെ സമ്മതത്തോടെയാണു ബിജെപി നേതാവ് ഒ.കെ. വാസുവടക്കമുള്ള നേതാക്കളെ പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്. എന്നാല്‍, വി.എസ് ഇതിനെതിരേ പരസ്യമായി രംഗത്തെത്തി. ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതു ജില്ലയില്‍ വലിയ നേട്ടമുണ്ടാക്കുന്ന കാര്യമായിരുന്നിട്ടും വി.എസിന്റെ നിലപാടു മൂലം അതില്ലാതാക്കി.

കെ.എം. മാണിക്കെതിരേയുള്ള ബാര്‍ കോഴക്കേസ് സിപിഎം സംസ്ഥാന നേതൃത്വം രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്തിയില്ലെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായി. ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മാണിയെ ലക്ഷ്യം വയ്ക്കുന്നതിലുപരിയായി മുഖ്യമന്ത്രിയെയാണ് ഉന്നംവച്ചത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട സമരം പ്രതീക്ഷിച്ച രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിലും നേതൃത്വം പരാജയമായി.


സമരപരിപാടികളില്‍ പങ്കാളിത്തം കുറയുന്നതു ഗൌരവമായി വിലയിരുത്തണം. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ചിലേടങ്ങളിലെങ്കിലും ബിജെപിക്കു വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞതു ഗൌരവമായി കാണണം. ഇതോടൊപ്പം പാര്‍ട്ടികേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ച്ച സംഭവിച്ചതും പരിശോധിക്കണം.

ഷുക്കൂര്‍, ടി.പി. ചന്ദ്രശേഖരന്‍, ഫസല്‍, മനോജ് വധക്കേസുകള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചു. പാര്‍ട്ടിക്ക് ഈ കൊലക്കേസുകളില്‍ ബന്ധമില്ലെന്ന് അവകാശപ്പെടുമ്പോഴും അക്കാര്യം ജനങ്ങളെ വിശ്വസിപ്പിക്കാന്‍ സാധിച്ചില്ല. അതേസമയം, ആരോപണങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനു കഴിഞ്ഞെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇന്നലെ ഏരിയ തിരിച്ചുള്ള പൊതുചര്‍ച്ചയില്‍ 51 പേര്‍ പങ്കെടുത്തു. ഇന്നു ഭാരവാഹി തെരഞ്ഞെടുപ്പു നടക്കും. പി. ജയരാജന്‍ തന്നെ ജില്ലാ സെക്രട്ടറിയാകും. സമാപനസമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കുമെന്നു പറയുന്നുണ്െടങ്കിലും അദ്ദേഹം വിട്ടുനിന്നേക്കുമെന്നാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.