മാധ്യമപ്രവര്‍ത്തകര്‍ സാക്ഷികള്‍ മാത്രമെന്ന്
Saturday, January 31, 2015 1:35 AM IST
കോട്ടയം: മാധ്യമങ്ങള്‍ ലക്ഷ്മണരേഖ കടക്കരുത് എന്ന തലക്കെട്ടില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ജനുവരി 30ലെ ദീപിക പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ബാര്‍ കോഴയുമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തകരെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ പ്രസ്തുത വിവാദത്തിലെ കേന്ദ്ര കഥാപാത്രമായ കെ.എം. മാണിക്കുപോലും തോന്നാത്തതാണെന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്‍.

കാലത്തിനുനേരേ കണ്ണാടി പിടിക്കുക മാത്രമാണ് വാര്‍ത്താ മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്നത്. കാലം എങ്ങനെയാണോ അതേ രീതിയില്‍ അത് കണ്ണാടിയില്‍ പ്രതിഫലിക്കും. ഏതെങ്കിലും വിഗ്രഹം ഉടഞ്ഞതായി ആ കണ്ണാടിയില്‍ കാണുന്നുണ്െടങ്കില്‍ അത് അങ്ങനെ തന്നെയായതിനാലാണ്. കണ്ണാടി പിടിക്കുന്നവര്‍ അതിനെന്തു പിഴച്ചു? യൂണിയനുവേണ്ടി ജനറല്‍ സെക്രട്ടറി എന്‍. പദ്മനാഭന്‍ പത്രക്കുറിപ്പില്‍ ചോദിച്ചു.

ബാര്‍ കോഴ വിവാദം ഉണ്ടാക്കിയത് മാധ്യമപ്രവര്‍ത്തകരല്ല. മറിച്ച് ഈ നാടകത്തിലെ കഥാപാത്രങ്ങളാണ്. അവരെ പ്രതിഫലിപ്പിക്കാതിരിക്കാന്‍ എങ്ങനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയും? അത് ചെയ്തതാണ് മാധ്യമപ്രവര്‍ത്തകര്‍ ലക്ഷ്മണരേഖ കടന്നു എന്നു പറയുന്നത് എങ്കില്‍ അതില്‍ തെല്ലും ന്യായമല്ല. മാണിസാര്‍ പോലും മനസില്‍ കാണാത്തതാണ് മാര്‍ പവ്വത്തില്‍ ഇക്കാര്യത്തില്‍ എഴുതിവച്ചതെന്നു പദ്മനാഭന്‍ പറയുന്നു.


ഒരു കാര്യത്തിലും ഏതെങ്കിലും വ്യക്തിയെ മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടിയ അനുഭവം കേരളത്തില്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. അതത് കാലത്തെ സംഭവങ്ങള്‍ രേഖപ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്തത്. അതിന് ഏറ്റവും 'ഭീകരമായി വേട്ടയാടപ്പെട്ടവര്‍' പോലും മാധ്യമപ്രവര്‍ത്തകരോട് കാലുഷ്യം പ്രകടിപ്പിച്ചിട്ടില്ല.

ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ പേരില്‍ വേദനിപ്പിക്കപ്പെടുന്ന സമൂഹങ്ങള്‍ അവരുടേതായ രീതിയില്‍ പ്രതികരിക്കുമെന്ന് മാധ്യമക്കാര്‍ മനസിലാക്കണമെന്നും അക്രമത്തിന്റെ ഭാഷയേ മാധ്യമങ്ങള്‍ക്ക് മനസിലാവൂ എന്ന സ്ഥിതി അപകടകരമാണെന്നും ലേഖനത്തില്‍ പറയുന്നതിനെയും കുറിപ്പില്‍ വിമര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.