ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കണം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ
ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കണം: കര്‍ദിനാള്‍ മാര്‍ ക്ളീമിസ് ബാവ
Saturday, January 31, 2015 1:29 AM IST
സ്വന്തംലേഖകന്‍

തിരുവനന്തപുരം: ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ മാതൃരാജ്യത്തു സുരക്ഷിതരാണെന്നുമുള്ള ഉറപ്പ് സര്‍ക്കാരില്‍ നിന്നു ലഭിക്കണമെന്നു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ.

വരുന്ന ഞായറാഴ്ച രാജ്യത്തെ കത്തോലിക്കാ ദേവാലയങ്ങളില്‍ വായിക്കുന്നതിനായി തയാറാക്കിയ ഇടയലേഖനത്തിലാണ് കര്‍ദിനാള്‍ ഇങ്ങനെ ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന അരുതാത്ത സംഭവങ്ങള്‍ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ചു ക്രൈസ്തവരുടെ, വികാരങ്ങളെ വൃണപ്പെടുത്തിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ മതേതര ഘടനയിലുള്ള വിശ്വാസത്തെയും അത് ഉലച്ചിട്ടുണ്ട്. പുനര്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ സമീപകാലത്തുണ്ടായ വിവാദങ്ങള്‍ രാജ്യത്തെക്കുറിച്ചു മോശപ്പെട്ട പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇടയാക്കി. സാമുദായിക ധ്രുവീകരണവും ഇന്ത്യ യെ ഏകമതരാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങളും സ്ത്രീ, ദളിത്, ഭാഷാ, സാംസ്കാരിക, മത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുകയാണ്.

ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതേരതത്വത്തിനും ഐക്യത്തിനും ഭീഷണി ഉയര്‍ത്തുന്ന സംഭവങ്ങളും കേന്ദ്ര സര്‍ക്കാരിലെയും പാര്‍ട്ടിയിലെയും ഉത്തരവാദപ്പെട്ട വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകളും അവസാനിപ്പിക്കുന്നതിനു പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം. ഘര്‍ വാ പസി പരിപാടിയും വിദ്യാഭ്യാസ ത്തിലും സംസ്കാരികമേഖല യി ലും നടത്തുന്ന കാവിവത്കരണവും ഹിന്ദുരാഷ്ട്രത്തിനു വേണ്ടിയുള്ള മുറവിളിയും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്കു നേരേ വെല്ലുവിളി ഉയര്‍ത്തുകയാണ്.

മതപരമായി നടത്തപ്പെടുന്ന മതപരിവര്‍ത്തനം ഒരാളുടെ സ്വന്തം ഇച്ഛ പ്രകാരം നടക്കുന്നതും ഭരണഘടനാപരവും മൌലികവുമായ അവകാശവുമാണ്. ഘര്‍ വാപസി എന്നത് മതേതരത്വത്തിന്റെ തത്ത്വങ്ങള്‍ക്കു വിരുദ്ധമായ മതദേശീയതയുടെ ശക്തരായ വക്താക്കള്‍ നടത്തുന്ന രാഷ്ട്രീയ പ്രക്രിയയാണ്. സമീപകാലത്ത് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകളും പാസാക്കിയ ബില്ലുകളും പാവപ്പെട്ട കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും തൊഴിലാളികളുടെയും ദളിത്- ആദിവാസി വിഭാഗങ്ങളുടെയും മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും ജീവിതത്തെയും ജീവനോപാധികളെയും ദുര്‍ബല പ്പെടുത്തുമെന്നു ഭയക്കുന്നു.

രണ്ടായിരം വര്‍ഷമായി ഇന്ത്യയില്‍ ക്രിസ്തുമതം നിലനില്‍ക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവര്‍ ദൈവത്തിലും ജനങ്ങളുടെ നന്മയിലും വിശ്വസിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യവികസനം തുടങ്ങിയ മേഖലകളില്‍ ജാതി, മതവിവേചനം കാണിക്കാതെ ക്രൈസ്തവര്‍ നിസ്വാര്‍ഥമായി സേവനമനുഷ്ഠിച്ചു വരുകയാണ്. എല്ലാ മതങ്ങളിലും പെട്ടവര്‍ക്കു ഭയമോ ഭീഷണിയോ കൂടാതെ സൌഹാര്‍ദത്തോടെ ജീവിക്കാനും തങ്ങളുടെ മതം പിന്തുടരുന്നതിനും കഴിയുന്ന സ്ഥലമായി ഈ രാജ്യം നിലനില്‍ക്കണം.


പാവപ്പെട്ടവരോടു പ്രത്യേക കാരുണ്യം കാണിക്കുക എന്നതു സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും കാണാവുന്നതാണ്. കത്തോലിക്കാവിശ്വാസം സ്വീകരിച്ച ദളിത്, ആദിവാസി സഹോദരങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിലും കൂടുതല്‍ ജാഗ്രത കാട്ടേണ്ടതുണ്െടന്ന് ഇടയലേഖനം ഓര്‍മിപ്പിക്കുന്നു.

വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മില്‍ ഇടവക, രൂപത, റീജണല്‍, ദേശീയ തലത്തില്‍ കൂടുതല്‍ ഐക്യവും സഹകരണവും ഉണ്ടാകണം. ഭരണഘടന വിഭാവനം ചെയ്യുന്ന ഐക്യം, സാഹോദര്യം, മതേതരത്വം, സഹിഷ്ണുത, സമാധാനം, നീതി തുടങ്ങിയ മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും യുവാക്കളുടെ മനസിലേക്കു പതിപ്പിച്ചു കൊണ്ട് അവരെ സഭയുടെ ഉത്തമ മക്കളും രാജ്യത്തെ ഉത്തരവാദപ്പെട്ട പൌരന്മാരുമായി വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമമുണ്ടാകണം. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പേരിലും ന്യൂനപക്ഷവിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്നതിനാലും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന രാജ്യത്തെമ്പാടുമുള്ള സ ഹോദരീ, സഹോദരന്മാര്‍ക്കൊ പ്പം ഉണ്ടാകുമെന്നു സിബിസിഐ ഉറപ്പു നല്‍കുന്നു.

ഈ മഹത്തായ രാജ്യത്തെ പൌരന്മാരാണു നമ്മള്‍. രാജ്യത്തിന്റെ സമഗ്രവികസനത്തിനായി നമ്മള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. ഭീഷണി കൊണ്ടു നമ്മെ വിശ്വാസത്തില്‍ നിന്ന് അകറ്റാന്‍ സാധിക്കില്ല. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്ക് എതിരായല്ല നമ്മള്‍ പോരാടുന്നത്. മറിച്ച് നമ്മുടെ മഹത്തായ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്യ്രം, മനഃസാക്ഷിയുടെ സ്വാതന്ത്യ്രം, മൌലികാവകാശങ്ങള്‍, ജനാധിപത്യം തുടങ്ങിയ പരിപാവനമായ ആശയങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് നമ്മുടെ പോരാട്ടം.

സ്വന്തം വിശ്വാസത്തിനും രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ വരെ നമ്മള്‍ തയാറാകുമെന്നു പറഞ്ഞു കൊണ്ടാണ് ഇടയലേഖനം അവസാനിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.