ജോര്‍ജിനോടു കാണിച്ച മര്യാദ തന്നോടു കാണിച്ചില്ലെന്നു പിള്ള
ജോര്‍ജിനോടു കാണിച്ച മര്യാദ തന്നോടു കാണിച്ചില്ലെന്നു പിള്ള
Friday, January 30, 2015 12:10 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: യുഡിഎഫ് സ്വയം നന്നായിട്ടു തന്നെ നന്നാക്കിയാല്‍ മതിയെന്നു കേരള കോണ്‍ഗ്രസ് -ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. പി.സി. ജോര്‍ജിനെ വിളിച്ചു വിശദീകരണം കേള്‍ക്കാന്‍ കാണിച്ച മര്യാദ തന്നോടു കാണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്യമായ പ്രതികരണങ്ങള്‍ പാടില്ലെന്ന യുഡിഎഫിന്റെ വിലക്കു മറികടന്നാണു ബാലകൃഷ്ണപിള്ള ഇന്നലെ പത്രസമ്മേളനം നടത്തി മുന്നണി നേതൃത്വത്തെ വെല്ലുവിളിച്ചത്.

യുഡിഎഫ് ഉണ്ടാക്കിയ തന്നെ കഴിഞ്ഞ നാലു വര്‍ഷമായി ഉമ്മന്‍ചാണ്ടി അവഹേളിക്കുകയാണ്. തനിക്കെതിരേ നടപടിയെടുക്കാന്‍ ചേര്‍ന്ന മുന്നണി യോഗത്തില്‍ തന്നെ വിളിക്കാതെ അപമാനിക്കുകയായിരുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രകാരം കൊലപാതകിക്കു പോലും അയാളുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കാറുണ്െടന്നു ബാലകൃഷ്ണപിള്ള പറഞ്ഞു.

ഈ സാഹചര്യത്തില്‍ യുഡിഎഫ് യോഗത്തില്‍ തന്റെ പാര്‍ട്ടി ഇനി പങ്കെടുക്കില്ല. താനായിട്ടു യുഡിഎഫ് വിടില്ല. അഴിമതിക്കെതിരേയുള്ള തന്റെ പോരാട്ടം തുടരുമെന്നും ബാര്‍ കോഴ കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ യുഡിഎഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, അദ്ദേഹം അതിനു തയാറായില്ല. ഈ തെറ്റ് ഉമ്മന്‍ചാണ്ടി ആദ്യം തിരുത്തിയിട്ടു വേണം തന്നോടു തെറ്റുതിരുത്താന്‍ പറയാന്‍. അഴിമതിവീരനായ ഒരു മന്ത്രിയെക്കുറിച്ചു മുന്നണിയില്‍ വള്ളിപുള്ളിവിടാതെ കാര്യങ്ങള്‍ താന്‍ പറഞ്ഞിരുന്നു. പോരാത്തതിനു രണ്ടു തവണ ഇക്കാര്യം സൂചിപ്പിച്ചു കത്തും നല്‍കി. എന്നിട്ടും കത്തു കിട്ടിയെന്നുള്ള മറുപടി തരാന്‍ പോലും മുഖ്യമന്ത്രി തയാറായില്ല.

യുഡിഎഫില്‍ പലരും വരികയും പോകുകയും ചെയ്തിട്ടും സ്വന്തം എംഎല്‍എ സ്ഥാനം പോലും നഷ്ടപ്പെട്ടിട്ടും ഈ മുന്നണിക്കുള്ളില്‍ തന്നെ നിന്ന വ്യക്തിയാണു താന്‍. അങ്ങനെയുള്ള താന്‍ അഴിമതിയെക്കുറിച്ചു പറഞ്ഞാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി ഒരു അന്വേഷണം നടത്തേണ്േട? അന്ന് അതു ചെയ്തിരുന്നുവെങ്കില്‍ ഒരു മന്ത്രി അകത്തായേനേ. എന്നാല്‍, ഉമ്മന്‍ ചാണ്ടി പുച്ഛിച്ചു തള്ളുകയായിരുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഉമ്മന്‍ചാണ്ടിയും താനും തമ്മില്‍ കഴിഞ്ഞ പത്തു വര്‍ഷമായി അകല്‍ച്ചയിലാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ എന്‍എസ്എസ് ആസ്ഥാനത്തുപോയതു തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു. എ.കെ. ആന്റണിയെ രാജിവയ്പിച്ചു മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടി കാണിച്ചുതരാമെന്നു പറഞ്ഞു തന്നെ വിരട്ടേണ്ട. താന്‍ തെറ്റുചെയ്തെന്നു ബോധ്യമുണ്െടങ്കിലല്ലേ തിരുത്തുന്ന പ്രശ്നം വരുന്നുള്ളു. മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നുവെന്നു പറഞ്ഞതു തെറ്റാണോയെന്നും അദ്ദേഹം ചോദിച്ചു.


മന്ത്രി കെ.എം. മാണി പണം വാ ങ്ങിയെന്നോ വാങ്ങിയിട്ടില്ലെന്നോ താന്‍ പറയുന്നില്ല. എന്നാല്‍, ഇക്കാര്യത്തില്‍ കെ.എം. മാണി മാത്രമാണു പണം വാങ്ങിയതെന്നു പറയുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ബാറുകാര്‍ പിരിച്ച 15 കോടിയില്‍ ഒന്നു കഴിച്ചിട്ടു ബാക്കിയെവിടെപ്പോയെന്നു ചോദിച്ച് ഉമ്മന്‍ചാണ്ടിയെപ്പോലും ജോര്‍ജ് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. അങ്ങനെയുള്ള ജോര്‍ജിനെയാണു മുന്നണി യോഗത്തില്‍ പങ്കെടുപ്പിച്ചത്.

ബിജു രമേശുമായി നടത്തിയ സ്വകാര്യ സംഭാഷണത്തില്‍ പോലും മാണിയുടെ പേരു താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍, ആരോട് എന്തൊക്കെ സംസാരിക്കണമെന്നു പി.പി. തങ്കച്ചന്‍ തന്നെ പഠിപ്പിക്കേണ്ട. തങ്കച്ചന്‍ പലരുടെയും ചാവേറാണ്. പല അഴിമതികള്‍ സംബന്ധിച്ചും തങ്കച്ചന്‍ തന്നോടു പറഞ്ഞിട്ടുണ്ട്. താനതൊക്കെ ഇപ്പോള്‍ വിളിച്ചുപറയുന്നതു മര്യാദകേടാണ്. അനാവശ്യം ആരു പറഞ്ഞാലും താനതിനു മറുപടി പറയും. വല്ലവരും വല്ലതും പറയുന്നതു കേട്ടു തങ്കച്ചന്‍ ഇനിയെന്തെങ്കിലും പറഞ്ഞാല്‍ അദ്ദേഹം പറഞ്ഞതും താന്‍ വിളിച്ചുപറയുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.